തിരുവനന്തപുരം: മലപ്പുറത്ത് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുണ്ടായ കൂട്ടത്തല്ല് മാധ്യമ സമൂഹത്തിനെയാകെ നാണക്കേടിലാഴ്‌ത്തിയിരുന്നു.യൂണിയൻ ജനറൽ സെക്രട്ടറി സി.നാരായണൻ അടക്കം ആറ് പേർക്ക് വേദിയിൽ വച്ചുണ്ടായ മർദ്ദനത്തിൽ പരുക്കേറ്റിരുന്നു.

പത്രപ്രവർത്തകരുടെ വാട്‌സാപ്പ ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രശ്‌നം നീറിപ്പുകയുകയാണ്. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതും, വീഡിയോ പ്രചരിച്ചതും സംഘടനയെ ആകെ പ്രതിരോധത്തിലാക്കിയെന്ന വിമർശനമാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഉയർന്നത്. ഇതിന് കാരണക്കാർ സ്വന്തം അജണ്ട നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ചില പത്രക്കാരാണെന്നും ആരോപണം ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് യൂണിയൻ ജനറൽ സെക്രട്ടറി സി.നാരായണൻ തന്റെ നിലപാടുകൾ വിശദീകരിച്ച് സംസ്ഥാന സമിതി അംഗങ്ങൾക്ക് കത്തയച്ചത്. സമ്മേളനം അലങ്കോലപ്പെട്ടതുകൊണ്ട് അംഗങ്ങൾ ഉന്നയിച്ച ചില സംശയങ്ങൾക്ക് തനിക്ക് മറുപടി പറയാൻ സാധിച്ചില്ലെന്നും, സമ്മേളനം കഴിഞ്ഞിട്ടും തന്നെ ലാക്കാക്കി വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആമുഖത്തിൽ പറയുന്നു.സംഘടന എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ സ്വയം ഉടുതുണിയുരിഞ്ഞ് നാണം കെടുത്തേണ്ട ഒന്നല്ല എന്ന് പലരും മറന്നു പോകുന്നതായി നാരായണൻ ഓർമ്മിപ്പിക്കുന്നു,

സംഘടനയുടെ പ്രവർത്തന റിപ്പോർട്ടിൽ ചില അംഗങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.റിപ്പോർട്ടിൽ പരാമർശിച്ച അംഗങ്ങൾ യൂണിയനെയും, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വസ്തുതാവിരുദ്ധമായി പ്രതികരിച്ചവരാണെന്ന് നാരായണൻ കത്തിൽ വിമർശിക്കുന്നു.

തിരഞ്ഞെടുപ്പിൽ തോറ്റ് മറ്റുപലരുമുണ്ടെങ്കിലും അവരാരും ഇത്തരം സമീപനം സ്വീകരിച്ചിട്ടില്ലെന്നും, ഇക്കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജനറൽ സെക്രട്ടറിയുടെ ന്യായീകരണം.അച്ചടക്ക നടപടി ശുപാർശ ചെയ്യാത്ത സാഹചര്യത്തിൽ, നവമാധ്യമങ്ങളിലൂടെ യൂണിയനെയും പ്രവർത്തനങ്ങളെയും അവഹേളിക്കാമെന്ന അവസ്ഥ സംഘടനയെ ദുർബലപ്പെടുത്തുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.

യൂണിയൻ ഡൽഹി ഘടകത്തിലെ പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തതിൽ ഒരുതെറ്റുമില്ലെന്ന് സി.നാരായണൻ ന്യായീകരിക്കുന്നു.ചില അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് തന്നെ വെല്ലുവിളിക്കുകയും, മാനനഷ്ടക്കേസ് കൊടുക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മറുപടി പറയാൻ നിർബന്ധിതനായത്.താൻ മറുപടി പറഞ്ഞില്ലെങ്കിൽ കുറ്റവാളിയാണെന്നാകും അടുത്ത ചർച്ച.

ഡൽഹി കാര്യങ്ങൾ പരിഹരിക്കാൻ ധാരണയായിട്ടും അവിടുത്തെ ആരോപണങ്ങൾ തുടർച്ചയായി വലിച്ചിട്ട് ജനറൽ സെക്രട്ടറിയെ പോലും വ്യക്തിപരമായി അധിക്ഷേപിച്ചതിൽ തെറ്റില്ലേയെന്നാണ് അടുത്ത ചോദ്യം.ഡൽഹി യൂണിയനെ ദുർബലമാക്കുന്ന വിഭാഗീയ നീക്കങ്ങൾ തുടർന്നു വരുന്നു.ഇതിൽ സമ്മേളനത്തിൽ പങ്കെടുത്ത യൂണിയൻ അംഗം ഉൾപ്പെടെ ഉണ്ടെന്നും ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും കത്തിൽ സി.നാരായണൻ വ്യക്തമാക്കുന്നു.

ന്യൂസ് ചാനലിലെ വീഡിയോ എഡിറ്റർമാർക്ക് പെൻഷൻ അംഗത്വം നൽകുന്ന വിഷയത്തിൽ താനാണ് മുൻകൈയെടുത്തതെന്നും, പഴയ ഏതോ രേഖ പൊക്കിയെടുത്ത് വീഡിയോ എഡിറ്റർമാരെ തനിക്കെതിരെ തിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സി.നാരായണൻ ആരോപിക്കുന്നു.ഇക്കാര്യം മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും തനിക്ക് മറുപടി പറയാൻ സാധിക്കാത്തതിനാലാണ് ഇക്കാര്യങ്ങൾ അറിയിക്കാൻ കഴിയാതിരുന്നതെന്നും ജനറൽ സെക്രട്ടറി പരിഭവം പറയുന്നു.

തമ്പാൻ തോമസിനെ യൂണിയന്റെ അഭിഭാഷക ബന്ധുവെന്ന നിലയിൽ തള്ളി പറഞ്ഞിട്ടില്ലെന്നും, എന്നാൽ അദ്ദേഹത്തെ ഔദ്യോഗിക നിയമോപദേശകനായി നിയമിച്ചതായി രേഖകളില്ലെന്നും സി.നാരായണൻ കത്തിൽ വിശദീകരിക്കുന്നുണ്ട്.എറണാകുളം ജില്ലാ കമ്മറ്റിയുമായി ജനറൽ സെക്രട്ടറി രണ്ടുവർഷം ഭിന്നതയിലായിരുന്നുവെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും, സംസ്ഥാന നേതൃത്വം അറിയാതെ ജില്ലാ ഭാരവാഹികൾ സ്വയം ഏറ്റെടുത്ത് നടത്തിയ കാര്യങ്ങളിലെ വിമർശനങ്ങൾ അവരുടെ നേരേ ഉയരുക സ്വാഭാവികാമണെന്നും കത്തിൽ പറയുന്നു.

.യൂണിയനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൈയിലെ പാവകളായി മാറാൻ അംഗങ്ങൾ നിന്നുകൊടുക്കരുതെന്ന് കത്തിൽ സി.നാരായണൻ ഓർമ്മിപ്പിക്കുന്നു.സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.