ന്യൂഡൽഹി: സർക്കാർ ഫണ്ട് ദുരുപയോഗവും കേരള ഹൗസ് മീഡിയ റൂം കയ്യടക്കി വയ്ക്കലും ഡൽഹിയിൽ പത്രക്കാർക്കിടയിൽ തല്ല് രൂക്ഷമാക്കുന്നു. കേരള പത്രപ്രവർത്തക യൂണിയനാണ് പ്രതിക്കൂട്ടിൽ. തട്ടിപ്പ് ചോദ്യം ചെയ്തവർക്കെതിരെ കേരള ഹൗസ് അങ്കണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) നേതാക്കളുടെ നേതൃത്വത്തിൽ അക്രമം.

ഫണ്ട് ദുർവിനിയോഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പിആർഡി ഡയറക്ടർക്കും പരാതി നൽകിയ മലയാള മനോരമ ലേഖകൻ വി.വി.ബിനുവിനെ കയ്യേറ്റം ചെയ്ത കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറി പി.കെ.മണികണ്ഠനും മീഡിയ വൺ ബ്യൂറോ ചീഫ് സനൂപ് ശശിധരനുമെതിരെ കൊണാട്ട് പ്ലേസ് പൊലീസ് കേസെടുത്തു. കെയുഡബ്ല്യൂജെയും കൗണ്ടർ പരാതി കൊടുത്തിട്ടുണ്ടെങ്കിലും മർദ്ദനം കിട്ടത് വിവി ബിനുവിന് തന്നെയെന്ന നിലപാടിലാണ് പൊലീസ്. ഇതോടെ ഡൽഹിയിലെ പത്രക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുകയാണ്.

സർക്കാർ ഫണ്ട് ദുരുപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ ജാതി അധിക്ഷേപത്തിനിരയായ വി.വി.ബിനു നേരത്തേ കെയുഡബ്ല്യൂജെയിൽ നിന്നു രാജിവച്ചു കേരള ജേണലിസ്റ്റ് യൂണിയനിൽ (കെജെയു) ചേർന്നിരുന്നു. മീഡിയ റൂം ദുരുപയോഗ വിഷയം ചർച്ച ചെയ്യാൻ ഇന്നലെ കേരള ഹൗസ് അധികൃതർ യോഗം വിളിച്ചു ചേർത്തതു കെയുഡബ്ല്യൂജെ നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. കെയുഡബ്ല്യൂജെ വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഉൾപ്പെടെയുള്ള ന്യസ് 18 ബ്യൂറോയുടെ ഓഫിസായി കേരള ഹൗസ് മീഡിയ റൂം പ്രവർത്തിക്കുന്നതു നേരത്തേ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

മറുനാടൻ വാർത്തയെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണം നടത്തിയപ്പോൾ തൽക്കാലത്തേക്ക് മീഡിയ റൂമിൽ നിന്നു വിട്ടു നിന്ന ന്യൂസ് 18 ബ്യൂറോ കുറച്ചു കാലത്തിനു ശേഷം മീഡിയ റൂം വീണ്ടും ഓഫിസാക്കി മാറ്റിയതിനെതിരെ കേരള ജേണലിസ്റ്റ് യൂണിയൻ (കെജെയു) റസിഡന്റ് കമ്മിഷണർക്കു പരാതി നൽകിയതിനെ തുടർന്നാണ് ഇന്നലെ കേരള ഹൗസ് അധികൃതർ ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകരിൽ നിന്നു തെളിവെടുത്തത്. തെളിവെടുപ്പ് യോഗത്തിനു ശേഷം കോൺഫറൻസ് ഹാളിൽ നിന്നു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മണികണ്ഠനും സനൂപ് ശശിധരനും ചേർന്ന് വി.വി.ബിനുവിനെ കയ്യേറ്റം ചെയ്തത് എന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസ് സംഘമെത്തി കേസെടുക്കുകയായിരുന്നു.

കെയുഡബ്ല്യൂജെയുടെ ഗുണ്ടായിസത്തിനെതിരെ ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ സെക്രട്ടറി ജനറൽ ജി.പ്രഭാകരനും കെജെയു സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസും പ്രതിഷേധിച്ചു. വി.വി.ബിനുവിനെതിരെ നടന്ന കയ്യേറ്റം കെയുഡബ്ല്യൂജെയുടെ സംസ്‌കാരരഹിതമായ പെരുമാറ്റമായെന്നും അക്രമികൾക്കെതിരെ കെയുഡബ്ല്യൂജെ സംസ്ഥാന നേതൃത്വവും പൊലീസും നടപടിയെടുക്കണമെന്നും ജി.പ്രഭാകരൻ ആവശ്യപ്പെട്ടു.

കെയുഡബ്ല്യൂജെ പ്രവർത്തകരുടെ അഴിമതിയും ധൂർത്തും കയ്യേറ്റങ്ങളും പത്രപ്രവർത്തക സമൂഹം തള്ളിക്കളയുമെന്നു കെജെയു അഭിപ്രായപ്പെട്ടു.