കോട്ടയം: എല്ലാ സംഘടനകളുടെയും പുഴുക്കുത്തുകൾ ചികഞ്ഞെടുക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. എന്നാൽ വൻ കിട ക്‌ളബുകൾപോലും നാണിച്ചുപോകുന്ന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കഥകളാണ് കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്‌ള്യു.ജെ) ജില്ലാ കമ്മറി ഓഫീസുകളായ പ്രസ്‌ക്‌ളബുകളിൽനിന്ന് പുറത്തുവരുന്നത്. സർക്കാർഫണ്ടും, വ്യാപാരി വ്യവസായികളിൽനിന്നുള്ള വൻ പിരിവും മറ്റുമായി കോടികൾ മറയുന്ന വേദികളായി പ്രസ്‌ക്‌ളബുകൾ മാറിയതോടെ യൂണിയൻ പിടക്കാൻ കടുത്ത മൽസരമാണ് നടക്കുന്നത്. കോട്ടയം പ്രസ്‌ക്‌ളബ് പിടിക്കാൻ പള്ളിയും പാർട്ടിക്കാരുംവരെ ഇടപെട്ടതായാണ് ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകൾ ആരോപിക്കുന്നത്.

കെ.യു.ഡബ്‌ള്യു.ജെയുടെ നിയമവും ചട്ടങ്ങളുമൊക്കെ കാറ്റിൽ പറത്തി കോട്ടയം ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ് വിഭാഗീയത രൂക്ഷമാക്കിയത്. ഇത് റദ്ദാക്കണമെന്ന ആവശ്യവുമായി എതിർവിഭാഗം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചതോടെ വിഷയം നിയമപ്രശ്‌നത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റി ന്യായമായ നിലപാടെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എതിർ വിഭാഗത്തിന്റെ തീരുമാനം. പുറെമെനിന്ന് നോക്കുമ്പോൾ ഏറെ കൗതുകകരവും അസംബദ്ധവുമായി തോനുന്ന ഒന്നാണ് പത്രപ്രവർത്തക യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ. ഇവിടെ ദേശാഭിമാനിയും മനോരമായും ഒന്നാവും! മനോരമ ലേഖകന് മനോരമയിലെ തന്നെ സഹപ്രവർത്തകൾ പാര പണിയും.അത്തരത്തിലൊന്നാണ് കോട്ടയത്ത് നടന്നത്്.

മറ്റു ജില്ലകൾക്കൊപ്പം കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് ഓഗസ്റ്റ് 18ന് നടന്ന തെരഞ്ഞെടുപ്പാണ് വിവാദത്തിലായത്. കെ.യു.ഡബ്‌ള്യു.ജെ കോട്ടയം ജില്ലാ കമ്മിറ്റിതന്നെയാണ് കോട്ടയം പ്രസ് ക്‌ളബിന്റെ ഭരണസമിതിയും. സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് ഒരാൾ തുടർച്ചയായി രണ്ടു തവണയിലധികം വരാൻ പാടില്ലെന്നാണ് കേരള പത്രപ്രവർത്തക യൂണിയന്റെ ബൈലോ അനുശാസിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സംസ്ഥാന ട്രഷററും മലയാള മനോരമ കോട്ടയം യൂനിറ്റ് ചീഫ് സബ് എഡിറ്ററുമായ ബി. ജ്യോതികുമാർ സംസ്ഥാന വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇക്കാര്യം പ്രത്യകേം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ, ചട്ടങ്ങൾ മറികടന്ന് മംഗളം കോട്ടയം ബ്യൂറോ ചീഫും നിലവിലെ സെക്രട്ടറിയുമായ ഷാലു മാത്യു മൂന്നാം തവണയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന കൈരളി ടി.വി ബ്യൂറോ ചീഫ് ടി.പി പ്രശാന്ത് സൂക്ഷ്മപരിശോധനാവേളയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരി ജയ്‌സൺ ജോസഫിനു പരാതി നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. ഷാലു മാത്യു ആദ്യ തവണ സെക്രട്ടറിയുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു നിലവിലെ ഭരണസമിതിയുടെ അടുപ്പക്കാരനായ ജില്ലാ വരണാധികാരിയുടെ നിലപാട്. ഇതിനെതിരെ ഒരു വിഭാഗം കോട്ടയം യൂനിറ്റ് സംസ്ഥാന വരണാധികാരിക്കു പരാതി നൽകിയെങ്കിലും ജില്ലാ വരണാധികാരിയാണു പരമാധികാരിയെന്നു പറഞ്ഞ് അദ്ദേഹവും കൈമലർത്തിയതായി കെ.യു.ഡബ്‌ള്യൂ.ജെയുടെ സജീവപ്രവർത്തകരായ കോട്ടയത്തെ ഒരു സംഘം മാദ്ധ്യമപ്രവർത്തകർ ഒപ്പിട്ട് സംസ്ഥാന കമ്മിറ്റിക്കു സമർപ്പിച്ച പരാതിയിൽ പറയുന്നു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16ന് കാസർകോട്ട് ചേർന്ന സംയുക്ത നിർവാഹക സമിതിയിൽ പരാതി ചില അംഗങ്ങൾ ഉന്നയിച്ചങ്കെിലും പുതുതായി സ്ഥാനമേൽക്കുന്ന പ്രസിഡന്റും ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ. പ്രേമനാഥ് നിലപാടെടുക്കുകയായിരുന്നു. കോട്ടയത്ത് വ്യക്തമായ ചട്ടലംഘനമാണുണ്ടായതെന്ന് ചില സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പരസ്യമായും ചിലർ രഹസ്യമായും നടത്തിയ അഭിപ്രായ പ്രകടനത്തിനൊപ്പം പുതിയ പ്രസിഡന്റ് പി.എ അബ്ദുൽ ഗഫൂറും (മാദ്ധ്യമം) ജനറൽ സെക്രട്ടറി സി.നാരായണനും ( മാതൃഭൂമി) എതിർവിഭാഗത്തോട് അനുഭാവം പുലർത്തുന്നവരാണെന്നതാണ് ഷാലുവിനെയും സംഘത്തെയും കുഴക്കുന്നത്. കോട്ടയത്ത് ഗഫൂറിന്റെയും നാരായണന്റെയും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് റോബിന്റെ പാനലായിരുന്നു.

ഷാലുവിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.പി റജി മാദ്ധ്യമം ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് . മാദ്ധ്യമം ജേണലിസ്റ്റ് യൂണിയന്റെയും ദേശാഭിമാനി ജേണലിസ്റ്റ് യൂനിയന്റെയും സ്ഥാനാർത്ഥികളായാണ് ഗഫൂറും ,സി. നാരായണനും കെ.യു.ഡബ്‌ള്യു.ജെ ഭാരവാഹികളായി ജയിച്ചുകയറിയത്. ഇവരുടെ എതിർസ്ഥാനാർത്ഥികളായിരുന്ന ബോബി എബ്രഹാമിനും എൻ. പത്മനാഭനുമൊപ്പമായിരുന്നു ഷാലു മാത്യുവിന്റെ പാനൽ. കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. മനോജ്, ദേശാഭിനാനി ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റായിരുന്നെങ്കിലും കോട്ടയം പ്രസ് ക്‌ളബിൽ പകുതിയോളം വരുന്ന മലയാള മനോരമ അംഗങ്ങളുടെ പിന്തുണ ലാക്കാക്കി ബോബി എബ്രഹാമിന്റെ പാനലിനൊപ്പമാണു നിന്നിരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിർണായക പ്രാതിനിധ്യമുള്ള ദേശാഭിമാനി അംഗങ്ങളെ സ്വാധീനിച്ച് ഷാലു മാത്യുവിനെതിരായ പരാതി മുക്കാൻ മനോജ് കാസർകോട്ട് ശ്രമം നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷവും ഒപ്പം നിൽക്കാൻ തയാറായിരുന്നില്ല. ശനിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയാവുമെന്നാണ് അറിയുന്നത്.

നാളുകളായി കോട്ടയം പ്രസ് ക്‌ളബിൽ ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഒരു വിഭാഗം ഏകപക്ഷീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യന്നു എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് വന്നത്. കോട്ടയത്തിന്റെ എംഎ‍ൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ നഗരഹൃദയത്തിൽ പതിച്ചുനൽകിയ 10 സെന്റ് ഭൂമിയിൽ, പല തവണയായി സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി തീർത്ത പുതിയ പ്രസ് ക്‌ളബ് മന്ദിരമായിരുന്നു തെരഞ്ഞെടുപ്പിൽ എസ്. മനോജിന്റെയും ഷാലു മാത്യുവിന്റെയും മുഖ്യ പ്രചാരണായുധം. മുൻ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെയും സെക്രട്ടറി ആർ. രാജീവിന്റെയും ശ്രമഫലമായാണ് സർക്കാർ ഭൂമിയും തുടർന്ന് കെട്ടിട നിർമ്മാണത്തിനായി 70 ലക്ഷത്തോളം രൂപയുടെ സർക്കാർ ഫണ്ടും അനുവദിച്ചു കിട്ടിയതെന്നതു മറന്നുകൊണ്ടായിരുന്നു ഈ പ്രചാരണം.

ജോസഫ് സെബാസ്റ്റ്യന്റെ സ്ഥാപനമായ മലയാള മനോരമയിൽനിന്നുള്ള ഒരു വിഭാഗവും ഒപ്പം കൂടിയതോടെ മനോജിനും സംഘത്തിനും ശക്തിയേറുകയും ചെയ്തു. സംസ്ഥാന വരണാധികാരിയായ ബി. ജ്യോതികുമാർ തന്നെയാണ് ജോസഫ് സെബാസ്റ്റ്യൻ വീണ്ടും പ്രസ് ക്‌ളബ് ഭാരവാഹിയാവുന്നതു തടയാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. കോട്ടയത്തെ പ്രധാന മാദ്ധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് ഏകപക്ഷീയമായി ജയം ഉറപ്പിച്ചു നീങ്ങുന്നതിനിടെയാണ് എ.സി.വിയിലെ റോബിൻ പി. തോമസ് പ്രസിഡന്റും മാദ്ധ്യമത്തിലെ കെ.പി റജി സെക്രട്ടറിയുമായി അപ്രതീക്ഷിതമായി എതിർപാനൽ രംഗത്തുവരുന്നത്. വേജ് ബോർഡ് ശിപാർശകളിൽ വെള്ളം ചേർക്കുന്ന മാനേജ്‌മെന്റ് നിലപാടിനൊപ്പം നിന്നെന്ന് ആരോപിതനായ ഷാലു മാത്യുവിനോട് മംഗളത്തിലെ പത്രപ്രവർത്തകർക്കിടയിലുള്ള വ്യാപകമായ അസംതൃപ്തിയും മനോരമയിൽ ജോസഫ് സെബാസ്റ്റ്യൻ വിഭാഗത്തിനുള്ള സ്്വാധീനവുമായിരുന്നു ഇവരുടെ പ്രതീക്ഷ.

എന്നാൽ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. മത്സരം ഒഴിവാക്കാൻ സമുദായ, രാഷ്ട്രീയ നേതാക്കളെ ഇടപെടുവിച്ച് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഭരണസമിതിക്കെതിരെ കടുത്ത നിലപാടുമായി മത്സരരംഗത്തുവന്ന മാദ്ധ്യമ പ്രവർത്തകനെ പിന്തിരിപ്പിക്കാൻ സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എൻ വാസവനെ ഇടപപെടുവിച്ച എസ്. മനോജിന്റെ നടപടി ദേശാഭിമാനിയിൽതന്നെ കടുത്ത എതിർപ്പിന് ഇടയാക്കി. റോബിൻ തോമസിനെ പിന്തിരിപ്പിക്കാൻ സഭാതലത്തിൽ ഉന്നത ഇടപെടലുണ്ടായതായും ആരോപണമുണ്ട്. ഒടുവിൽ മത്സരം ഉറപ്പായപ്പോൾ തീവ്രമായ വർഗീയ പ്രചാരണം ഇളക്കിവിട്ടതായും പരാജിതരായവർ ആരോപിക്കുന്നു. സെക്രട്ടറി സ്ഥാനാർത്ഥി ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്നും പാനലിൽപെട്ട ചിലർ മുസ്ലിം മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ ജോലി ചെയ്യന്നവരായതിനാൽ മുസ്ലിം അജണ്ടയാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു പ്രചാരണം.

സാമ്പത്തിക തുടർച്ച എന്ന ഒറ്റ വാദത്തിലൂന്നി നിലവിലെ ഭരണസമിതി തുടരണമെന്ന പ്രചാരണമുണ്ടായതിനു പിന്നിലെ ദുരൂഹതകളും ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞതണത്തെ ട്രഷറർ കേരള കൗമുദിയിലെ ശ്രീകുമാർ ആലപ്ര ഇത്തവണ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചങ്കെിലും സാമ്പത്തിക തുടർച്ചാവാദത്തിനു വിലങ്ങുതടിയാവുമെന്നതിനാൽ പ്രസിഡന്റും സെക്രട്ടറിയും മറ്റും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കെട്ടിടനിർമ്മാണമടക്കം ഏതാണ്ട് രണ്ടു കോടിയോളം രൂപയാണ് രണ്ടു വർഷ കാലാവധിയിൽ ഭരണസമിതി കൈകാര്യം ചെയ്തത്. സർക്കാർ ഫണ്ടിനു പുറമെ വാണിജ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരിൽനിന്ന് വ്യാപകമായ പണപ്പിരിവും നടത്തിയിരുന്നു. ഭരണമാറ്റമുണ്ടായാൽ ഈ കണക്കുകൾ പുറത്താവുമെന്നതായിരുന്നത്രെ തുടർച്ചാവാദത്തിന്റെ അടിസ്ഥാനം.