മലപ്പുറം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മറുനാടൻ മലയാളി നൽകിയ വാർത്തയെച്ചൊല്ലി പൊട്ടിത്തെറി. ഡൽഹി പ്രസ്‌ക്‌ളബ്ബിലെ വൻ അഴിമതിയും ഇതിൽ പ്രതിഷേധിച്ച് അംഗങ്ങളുടെ രാജിയും സംബന്ധിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് നൽകിയിരുന്നു. ഇതിലുന്നയിച്ച വിഷയങ്ങളെ ചൊല്ലിയും യൂണിയനിലെ പ്രശ്‌നങ്ങൾ വാർത്തയായതിനെ ചൊല്ലിയുമാണ് ചൂടേറിയ വാദപ്രതിവാദങ്ങൾ മലപ്പുറം റോസ് ലോഞ്ചിൽ നടന്ന സമ്മേളനത്തിൽ അരങ്ങേറിയത്. ഇന്നും നാളെയുമായാണ് സമ്മേളനം. ഇന്ന് രാവിലെ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡൽഹി അഴിമതി വിഷയത്തിലും അംഗങ്ങളുടെ രാജിയിലും കടുത്ത വാഗ്വാദം ഉണ്ടായത്.

യൂണിയൻ ഡൽഹി ഘടകത്തിൽ ചേരിപ്പോരുണ്ടാകുകയും ഇതേത്തുടർന്ന് സീനിയർ പത്രപ്രവർത്തകനും മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ വി.വി ബിനുവിന് എതിരെ ഒരുവിഭാഗം ജാതീയ അധിക്ഷേപങ്ങളുമായി രംഗത്തെത്തുകയുമായിരുന്നു. ഇക്കാര്യവും ഇതിൽ മനോരമ അംഗം മാതൃഭൂമി അംഗത്തിനെതിരെ ഡൽഹി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ വിഷയമുൾപ്പെടെ യൂണിയനിൽ നടന്ന സാമ്പത്തിക അഴിമതിയും മറുനാടൻ പുറത്തുകൊണ്ടുവന്നിരുന്നു. ഇതാണ് ഇന്ന് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ വലിയ ചർച്ചയായി മാറിയത്. ബിനുവിനെ അധിക്ഷേപിച്ച് രംഗത്തെത്തിയവരെ ന്യായീകരിച്ചും മറുനാടനിലെ വാർത്ത ശരിയല്ലെന്നും റിപ്പോർട്ട് അവതരിപ്പിച്ച് സെക്രട്ടറി നാരായണൻ പ്രതികരിച്ചതോടെയാണ് അംഗങ്ങളിൽ പലരും എഴുന്നേറ്റ് രൂക്ഷമായ ഭാഷയിൽ പ്രതിഷേധിച്ചത്.

ഡൽഹി പത്രപ്രവർത്തക യൂണിയന്റെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സഹപ്രവർത്തകർ ജാതീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ബിനു രാജിവച്ചിരുന്നു. ശ്രീനാരായണഗുരു ആത്മീയ നേതാവും,വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവുമായ പിന്നോക്ക ഈഴവ സമുദായത്തിൽ പെട്ടയാളാണ് താനെന്നും. ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ ഗുരുവിന്റേയും വെള്ളാപ്പള്ളിയുടേയും പേര് ഉപയോഗിച്ച് തന്നെ അപമാനിച്ചെന്നുമാണ് ബിനു പരാതി നൽകിയത്. സംസ്ഥാന സർക്കാർ കെയുഡബ്ല്യുജെയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമോറാണ്ടത്തിൽ ഒപ്പിട്ടുവെന്നതാണ് ബിനുവിനെ അപമാനിക്കാൻ കാരണമായത്.

യൂണിയൻ ഫണ്ടും, ബാങ്ക് അക്കൗണ്ടും കൈകാര്യം ചെയ്യുന്ന കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയും, മുൻ ട്രഷററുമായ പി.കെ.മണികണ്ഠനും മറ്റ് ഏഴുപേരുമാണ് ബിനുവിനെ അപമാനിക്കാൻ സന്ദേശങ്ങൾ വാട്‌സാപ്പിൽ അയച്ചത്. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്ന മട്ടിൽ നാരായണൻ റിപ്പോർട്ടിൽ പരാമർശിച്ചതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ അംഗങ്ങളിൽ പലരും പുതിയ ഭരണസമിതിക്കെതിരെ ശക്തമായി രംഗത്തുവന്നു. ഇല്ലാത്ത സംഭവമാണെന്നും നാരായണഗുരു എന്നൊന്നും ആരും പറഞ്ഞില്ലെന്നും ഗുരു എന്നുമാത്രമേ പറഞ്ഞുള്ളൂ എന്നുമായിരുന്നു നാരായണന്റെ പ്രസംഗം. എന്നാൽ ഇതിന് പിന്നാലെ മറുപടി പ്രസംഗവുമായി എത്തിയ ഡൽഹിയിലെ പ്രതിനിധി ജിനേഷ്, കൊല്ലത്തെ പ്രതിനിധി ബൽറാമും രൂക്ഷമായ ഭാഷയിൽ നേതൃത്വത്തെ വിമർശിക്കുകയായിരുന്നു.

ഡൽഹിയിലെ സംഭവങ്ങൾ സെക്രട്ടറി റിപ്പോർട്ടുചെയ്തതുപോലെയല്ലെന്ന് വ്യക്തമാക്കിയാണ് ജിനേഷ് ശക്തമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും അക്കമിട്ട് നിരത്തിയായിരുന്നു ജിനേഷിന്റെയും ബർറാമിന്റേയും മറുപടി. സാമ്പത്തിക തിരിമറി ഉന്നയിച്ച ബിനുവിനെതിരെ പ്രതികാര നടപടിയായി ഒരു ദിവസം രാത്രി ഏഴരമുതൽ പത്തരവരെ വാട്‌സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചിട്ടുണ്ട്.

കണക്കുകളിലെ തട്ടിപ്പുകൾ ഉന്നയിച്ചാൽ അതിന് താഴെ നാരായണ നാരായണ എന്നും ഗുരുവേ നമ എന്നും മറ്റും മറുപടിയിട്ടാണ് കളിയാക്കൽ നടന്നതെന്നും ജിനേഷ് ചൂണ്ടിക്കാട്ടി. മുതിർന്നൊരു പത്രപ്രവർത്തകനെ സഹപ്രവർത്തർ ഇത്തരമൊരു ഗ്രൂപ്പിൽ മൂന്നുമണിക്കൂറിൽ ഏറെ നേരം അപമാനിക്കുകയായിരുന്നു. ഗ്രൂപ്പ് അഡ്‌മിൻകൂടിയായ ഡൽഹി യൂണിയൻ സെക്രട്ടറി തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. ഇതിന് പിന്നാലെയാണ് ബിനു രാജിവയ്ക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടിയെടുത്തേ തീരൂ - ജിനേഷ് ആവശ്യപ്പെട്ടു.

അതേസമയം, പരാതി ആദ്യം തന്നത് സംഘടനയ്ക്കല്ല, മറിച്ച് പൊലീസിനും പിന്നെ മറുനാടൻ മലയാളിക്കും ആണെന്നായിരുന്നു സെക്രട്ടറി നാരായണന്റെ പ്രതികരണം. പിന്നീട് അതിന്റെ കോപ്പി നൽകുകയായിരുന്നുവെന്ന് പറഞ്ഞ് പരാതിക്കാരനെതിരെ പ്രസംഗിക്കാനാണ് നാരായണൻ ശ്രമിച്ചത്. മാത്രമല്ല, ഗുരു എന്നാണ് പറഞ്ഞതെന്നും അത് ശ്രീനാരായണഗുരു എന്നാണെന്ന് വരുത്തിത്തീർത്തെന്നും മറ്റും പറഞ്ഞ് ബിനുവിനെ അധിക്ഷേപിച്ചവരെ ന്യായീകരിക്കാനും ശ്രമിച്ചതോടെ വലിയ തർക്കമായി മാറി.

എന്നാൽ ഒരു മുതിർന്ന അംഗത്തിനെതിരെ ഇത്രയും നീചമായ അധിക്ഷേപം ഉണ്ടായിട്ടും അതിനെ തടയാൻ പോലും ശ്രമിച്ചില്ല യൂണിയൻ നേതാക്കളെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. ഇതോടെ ഡൽഹി അഴിമതി വിഷയത്തിലും ബിനുവിനെ അധിക്ഷേപിച്ച വിഷയത്തിലും വലിയ പൊട്ടിത്തെറിക്ക് യൂണിയൻ സംസ്ഥാന സമ്മേളന വേദി സാക്ഷ്യം വഹിക്കുകയായിരുന്നു. സമ്മേളനം ഞായറാഴ്ചയും തുടരും.