പാലക്കാട്: കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്ആർടിസി ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാർ ബസിനും ലോറിക്കും ഇടയിൽപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.

അപകടമുണ്ടായ സംഭവത്തിൽ ബസിന്റെ ഡ്രൈവർക്കെതിരേ നടപടിയെടുക്കണമെന്ന് കെഎസ്ആർടിസി ജില്ലാ ഓഫീസർ ശുപാർശ ചെയ്തു. വടക്കാഞ്ചേരി ഡിപ്പോയിലെ ്രൈഡവർ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പൊലീസിനോടും ജില്ലാ ഓഫീസർ വിവരങ്ങൾ തേടിയിരുന്നു.

അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെഎസ്ആർടിസി ബസ്സാണെന്ന് വ്യക്തമായത്.

റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെഎസ്ആർടിസി ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ്രൈഡവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂർവം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കേസെടുത്ത കുഴൽമന്ദം പൊലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്.