കൊച്ചി: താൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച അഡ്‌മിനിസ്‌ട്രേറ്ററാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ പ്രൊഫ. കെ.വി. തോമസ് പറഞ്ഞുവെന്നായിരുന്നു ജന്മഭൂമി വാർത്ത.

മോദിയുടെ കഴിവ് തനിക്കു പലപ്പോഴും നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ) സംഘടിപ്പിച്ച ദ്വിദിന വാർഷിക ദേശീയ കൺവെൻഷന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് തോമസ് പറഞ്ഞതായി സംഘപരിവാർ പത്രം വിശദമായി റിപ്പോർട്ട് ചെയ്തു. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളേയും ബിജെപി നോട്ടമിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു വാർത്ത എത്തിയത്. ഇതോടെ കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമായി. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടതോടെ കെവി തോമസ് വിശദീകരണവുമായി എത്തുകയാണ്. ജന്മഭൂമിയിലെ വാചകം തന്റേതല്ലെന്നാണ് തോമസ് പറയുന്നത്.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തിൽ ഞാൻ ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ ജനകമായ വിധത്തിലാണ് പ്രസീദ്ധീകരിച്ചിട്ടുള്ളതെന്നാണ് കെവി തോമസ് വിശദീകരിക്കുന്നത്. തോമസിന്റെ മോദി ഭക്തി കോൺഗ്രസിനുള്ളിൽ തലവേദനയായി മാറുമെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് തോമസ് മാഷ് കാര്യങ്ങൾ വിശദീകരിക്കുന്നത്. താനൊരു മോദി ഭക്തനല്ലെന്ന് തോമസ് ഫെയ്‌സ് ബുക്കിലൂടെ അറിയിക്കുകയാണ്. ഇതോടെ കോൺഗ്രസിനുള്ളിലെ ചർച്ചയും തീരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും എന്നാൽ അവ മാനേജ്‌മെന്റ് സ്‌കില്ലോടുകൂടി നടപ്പിലാക്കുന്നുവെന്നുമാണ് ഞാൻ പറഞ്ഞത്. അദ്ദേഹം നല്ലൊരു ഭരണ കർത്താവല്ല. മാധ്യമങ്ങളെയും ജുഡീഷ്യറിയെപ്പോലും തന്റെ മാനേജ്‌മെന്റ് സ്‌കില്ലിലൂടെ അനുകൂലമായി വരുതിയിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ഭരണ കർത്താവല്ലെങ്കിലും തന്റെ മാനേജ്‌മെന്റ് സ്‌കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുന്ന നരേന്ദ്ര മോദിയുടെ പ്രവർത്തനം എങ്ങിനെയാണെന്നത് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് പഠന വിധേയമാക്കാമെന്നുമാണ് ഞാൻ പ്രസ്താവിച്ചത്.-തോമസ് മാഷ് ജന്മഭൂമി വാർത്തയെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. സംഘപരിവാർ പത്രമായ ജന്മഭൂമിയിലാണ് ഈ വാർത്ത വന്നതെന്ന് തോമസ് മാഷ് കുറിച്ചിട്ടുമില്ല.

കെവി തോമസ് കേന്ദ്ര സർക്കാരിനെ പുകഴത്തിയെന്ന തലക്കെട്ടിൽ ജന്മഭൂമിയിൽ വന്ന വാർത്ത ഇങ്ങനെ

മോദി മികച്ച ഭരണാധികാരി: കെ.വി. തോമസ്

കൊച്ചി: താൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച അഡ്‌മിനിസ്‌ട്രേറ്ററാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ പ്രൊഫ. കെ.വി. തോമസ്. ഇതു തനിക്കു പലപ്പോഴും നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ) സംഘടിപ്പിച്ച ദ്വിദിന വാർഷിക ദേശീയ കൺവെൻഷന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ്.

നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ തുടങ്ങിയവയിലൊക്കെ താൻ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രിയമായ ടെക്‌നിക്കാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണ്. പിഎസി ചെയർമാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബർ 31നു മുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു യാതൊരു കലാപവുമുണ്ടായില്ല.

ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്കു കഴിയുന്നുണ്ട്. സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളേക്കാൾ താൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. കോൺഗ്രസ് ബോഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ നേരിട്ടു. എന്നാൽ എല്ലാ പ്രശ്‌നങ്ങളെയും മോദി തന്റെ സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ മാനേജ്‌മെന്റ് വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിർക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല- കെ.വി. തോമസ് പറഞ്ഞു.

ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈൻ, മൊബൈൽ ടവറുകൾ, കേബിളുകൾ സ്ഥാപിക്കൽ തുടങ്ങിയവയിൽ മലയാളികൾ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ദേശീയപാതയ്ക്കു 35 മീറ്റർ വീതി മതിയെന്ന മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിവേദനം വായിച്ച് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് എഴുന്നേറ്റു നിന്നു ചിരിച്ചുവെന്നു അദ്ദേഹം വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങൾ കൂടുതൽ വീതി ആവശ്യപ്പെട്ടു നിവേദനങ്ങളുമായി എത്തുന്നതിനിടെയാണു കേരളം വീതി വേണ്ടാ എന്ന ആവശ്യവുമായി വന്നത്. പൊതുവേ ചിരിക്കാത്ത മന്മോഹൻ സിങ്ങ് അതു വായിച്ചു ചിരിച്ചതിനു താനും സാക്ഷിയാണ്.

പൊട്ടിത്തെറിക്കാൻ ഏറ്റവും സാധ്യതയുള്ള ഗ്യാസ് സിലിൻഡർ വീട്ടിൽ സൂക്ഷിച്ചതിനു ശേഷം ഗ്യാസ് പൈപ്പ് ലൈൻ വേണ്ടാ എന്നു പറയുന്നവരാണ് മലയാളികൾ. മൊബൈൽ ഫോണില്ലാതെ ജീവിക്കാനാവില്ലെങ്കിലും മൊബൈൽ ടവറുകളെയും റോഡിലൂടെയുള്ള കേബിളുകളെയും എതിർക്കും. ജി5 സാങ്കേതികയിലേക്കു മാറാനുള്ള കേബിളുകളിടാൻ കേരളത്തിൽ തടസങ്ങളേറെയാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തന്നോടു പറഞ്ഞു- കെ.വി. തോമസ് ചൂണ്ടിക്കാട്ടി.