- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കാക്കര മോഹവുമായി കണ്ണൂരിൽ തോമസ് എത്തുമെന്ന പ്രതീക്ഷയിൽ സിപിഎം; എല്ലാം സ്ഥാനമാനവും നൽകിയ പാർട്ടിയെ ഒറ്റിയാൽ തടയാൻ യൂത്ത് കോൺഗ്രസും; പാർട്ടി കോൺഗ്രസിൽ സസ്പെൻസിന് വിരാമമിടാതെ കെവി തോമസ്; എല്ലാം നാളെ പറയും; കോൺഗ്രസ് നേതാവെത്തിയാൽ ഡബിൾ ലയർ സുരക്ഷ ഒരുക്കാൻ പൊലീസും
കണ്ണൂർ: സിപിഎം. 23 ാം പാർട്ടി കോൺഗ്രസ്സിലെ സെമിനാറിൽ കോൺഗ്രസ്സ് നേതാവ് പ്രൊഫ. കെ.വി. തോമസ് പങ്കെടുക്കുമോ ? . കെ.വി. തോമസ് സെമിനാറിൽ എത്തിച്ചേരുമെന്ന് സിപിഎം. സമ്മേളന സംഘാടകർ ഉറപ്പിച്ചു പറയുന്നു. 9 ാം തീയ്യതി വൈകീട്ട് അഞ്ച് മണിക്കാണ് ' കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ' എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, പ്രൊഫ. കെ. വി തോമസ് എന്നിവരാണ് സെമിനാറിലെ പ്രധാനികൾ. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉത്ഘാടനം ചെയ്യും. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
കണ്ണൂരിലെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ സിപിഎം.സമ്മേളനത്തിലെ സെമിനാർ തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വം വിലക്കിയിട്ടും കെ.വി. തോമസ് പങ്കെടുക്കുമോ എന്ന ചോദ്യം കോൺഗ്രസ്സിലും പൊതു ജനങ്ങളിലും ഒരു പോലെ ഉയരുന്നുണ്ട്. സിപിഎം. അക്രമത്തിൽ ജില്ലയിൽ എൺപത് കോൺഗ്രസ്സുകാർക്ക് രക്തസാക്ഷ്യം വഹിക്കേണ്ടി വന്നുവെന്ന കണക്ക് കോൺഗ്രസ്സ് നേതൃത്വം ഉയർത്തിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ കോൺഗ്രസ്സുകാരനെങ്കിൽ സിപിഎം. വേദിയിൽ എങ്ങിനെ പങ്കെടുക്കാനാകുമെന്നാണ് കോൺഗ്രസ്സുകാരുടെ ചോദ്യം. എന്നാൽ ഇതുവരേയും കെ.വി. തോമസ് കോൺഗ്രസ്സ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതായി വിവരമില്ല.
അതേ സമയം കോൺഗ്രസ്സ് വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലെത്തിയാൽ തടയണമെന്ന വികാരവും യൂത്ത് കോൺഗ്രസ്സിൽ ഉയർന്ന് വരുന്നുണ്ട്. തോമസിനെ കണ്ണൂരിൽ കാലു കുത്തിക്കരുതെന്ന വാശിയിലാണ് അവർ. എന്നാൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തോമസിനെ അവഗണിക്കണമെന്ന നിലപാടിലാണ്. കെപിസിസി. നിർവ്വാഹക സമിതി അംഗമായ തോമസ് ആ പദവി ഉപേക്ഷിച്ചു മാത്രമേ സിപിഎം. വേദിയിൽ കയറാവൂ എന്ന അഭിപ്രായവും ഉന്നയിക്കപ്പെടുന്നുണ്ട്.
കോൺഗ്രസ്സിൽ നിന്നും എംഎൽഎ യും എം. പി. യും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായ കെ.വി. തോമസ് അണികളില്ലാത്ത നേതാവായി മാറിയിരിക്കയാണ്. സിപിഎം. ന്റെ ഓഫറിൽ കുടുങ്ങി സ്വപ്നം കാണുകയാണ് അദ്ദേഹമെന്ന് ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ പി.ടി. തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിൽ സിപിഎം. സ്വതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ആരോപണമുയർന്നിട്ടുണ്ട്.
അതുകൊണ്ടു തന്നെ സിപിഎം. സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസ് കണ്ണൂരിലെത്തുമെന്നാണ് കരുതുന്നത്. നേരത്തെ കണ്ണൂരിൽ തോമസ് എത്തുമെന്നാണ് സൂചന. തോമസിന് എല്ലാ വിധ സുരക്ഷയും ഒരുക്കണമെന്ന നിർദ്ദേശം പൊലീസിനും ആഭ്യന്തര വകുപ്പ്. കമാണ്ടോ സുരക്ഷ തന്നെ തോമസിന് നൽകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്. അതിനിടെ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് തോമസും അറിയിച്ചു.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ