കണ്ണൂർ: വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് കെ.വി തോമസ് നാളെ നടക്കുന്ന സി. പി. എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിനായി കണ്ണൂരിലെത്തി. കനത്ത പൊലിസ് സന്നാഹം വിമാനത്താവളത്തിലേർപ്പെടുത്തിയിരുന്നു. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ കെ.വി തോമസിനെ ചുവപ്പ് ഷാൾ അണിയിച്ചു സ്വീകരിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് എം.വി ജയരാജന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ കെ.വി തോമസിനെ വിമാനത്താവളത്തിന് പുറത്തേക്ക് സ്വീകരിച്ചാനയിച്ചത്.

തനിക്ക് പറയാനുള്ളത് പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി പറയുമെന്ന് കെ.വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്ന് നിറത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. വീട്ടിൽ താമര നട്ടപ്പോൾ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പാർട്ടിക്കുള്ളിൽ ചിലർ പ്രചരിപ്പിച്ചത്. സുഹൃത്തെന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്നും ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നാളെ വൈകുന്നേരം ആറുമണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേരളമുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവരോടൊപ്പം കെ.വി തോമസും പങ്കെടുക്കും. കെ.വി തോമസ് സി.പി. എം ദേശീയ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ചു പങ്കെടുത്താൻ കെപിസിസിക്ക് നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും മറ്റു നേതാക്കളും പാർട്ടി പ്രവർത്തകരുടെവികാരം മാനിച്ചു സെമിനാറിൽ നിന്നും വിട്ടു നിൽക്കണമെന്ന് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തള്ളികളയുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം നടന്ന രാഷ്ട്രീയ സെമിനാറിൽ ശശിതരൂരിനെ ക്ഷണിച്ചിരുന്നുവെങ്കിലും ഹൈക്കാമാൻഡ് വിലക്കുള്ളതിനാൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

വിലക്ക് ലംഘിച്ചാൽ പുറത്താക്കുമെന്നാണ് കോൺഗ്രസ് ഹൈക്കാൻഡിന്റെയും കെപിസിസിയുടെയും മനസ്സിലിരുപ്പ്. സെമിനാറിൽ പങ്കെടുത്താൽ നടപടി വൈകില്ല.

'തിരുത തോമ'യെന്ന് ചില കോൺഗ്രസുകാർ വിളിച്ചതിലുൾപ്പെടെ രോഷവും സങ്കടവും പ്രകടിപ്പിച്ച് വൈകാരികമായാണ് പ്രൊഫ. കെ.വി. തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'ഇന്നലെ പൊട്ടിമുളച്ചതല്ല ഞാൻ. പാർട്ടി കുടുംബത്തിൽ ജനിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാണ് സ്ഥാനമാനങ്ങളിൽ എത്തിയത്. എന്നെ ഒഴിവാക്കാൻ പറഞ്ഞ മാനദണ്ഡങ്ങൾ മറ്റുള്ളവർക്ക് ബാധകമല്ലേ?'- അദ്ദേഹം ചോദിച്ചു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച ശേഷം അപമാനിക്കാൻ നിരന്തരമായി ശ്രമിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു. മത്സ്യബന്ധനം തൊഴിലാക്കിയ സമുദായത്തിലാണ് ജനിച്ചത്. പങ്കുവയ്ക്കുന്ന സമൂഹമാണ് തന്റേത്. എന്നിട്ടും അപമാനിക്കുകയാണ്. വീട്ടിൽ താമര വളർത്തിയതിന് ബിജെപിയിൽ ചേരാൻ പോകുന്നെന്ന് പ്രചരിപ്പിച്ചു. പാർട്ടിയെയോ സ്ഥാനമാനങ്ങളെയോ സ്വന്തം നേട്ടത്തിന് ദുരുപയോഗിച്ചിട്ടില്ല. സിബിഐ ഉൾപ്പെടെ നാല് അന്വേഷണങ്ങൾ നടത്തി. ഒന്നിൽപ്പോലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല.

കെ. കരുണാകരനൊപ്പം ഗ്രൂപ്പിലുണ്ടായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ലെന്ന് 2004ൽ തിരിച്ചറിഞ്ഞതോടെ, ഒരു ഗ്രൂപ്പിന്റെയും ഭാഗമായില്ല. പാർട്ടി സ്ഥാനമാനങ്ങൾ നൽകിയിട്ടും മതിയാകുന്നില്ലെന്നും ചിലർ പ്രചരിപ്പിച്ചു. വെറുതെ ലഭിച്ചതല്ല സ്ഥാനങ്ങൾ. പാർട്ടിയിലും ജനങ്ങൾക്കുമൊപ്പം പ്രവർത്തിച്ച് നേടിയതാണ്. വാർഡ് പ്രസിഡന്റിൽ തുടങ്ങിയതാണ്. ഡി.സി.സി പ്രസിഡന്റായപ്പോൾ ജില്ലയിൽ ഏറ്റവുമധികം എംഎ‍ൽഎമാരെ നേടിയെടുത്തു. കൈവിട്ടുപോയ ഡി.സി.സി ഓഫീസ് സുപ്രീം കോടതി വരെ കേസ് നടത്തി തിരിച്ചെടുത്തു.

സംസ്ഥാന-കേന്ദ്ര മന്ത്രിയെന്ന നിലകളിൽ പാർട്ടി ഏല്പിച്ച ചുമതലകൾ നിർവഹിച്ചു. 2019ൽ സീറ്റ് നിഷേധിച്ചു. മറ്റ് എംപിമാർക്കെല്ലാം വീണ്ടും സീറ്റ് നൽകി. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകി നാലു മാസം കഴിഞ്ഞ് മാറ്റിയത് വാർത്തയിലൂടെയാണ് അറിഞ്ഞത്. പ്രായമായതിനാൽ മാറിനിൽക്കണമെന്നാണ് ചിലരുടെ വാദം. പ്രായമാണ് മാനദണ്ഡമെങ്കിൽ എല്ലാവർക്കും ബാധകമാക്കണം. ഞാൻ മാത്രമാണ് ഇരയാകുന്നത്. എന്നെ എന്തിനാണ് ആക്രമിക്കുന്നത്?പാർട്ടിയിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. എത്ര പേരെ ചേർത്തെന്ന് വെളിപ്പെടുത്തണം- തോമസ് ആവശ്യപ്പെട്ടു.

അതേസമയം, സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ച കെ.വി. തോമസ് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കുകയാണെങ്കിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്ത് പോയാലും വഴിയാധാരമൊന്നുമാകാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.