- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
21 അംഗങ്ങളാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്; ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎമാർ മതി; നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്; പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി; കോൺഗ്രസിലെ പിളർപ്പ് സ്വപ്നം കണ്ട് പരിവാറുകാർ
തിരുവനന്തപുരം: നോർത്ത് ഈസ്റ്റിൽ കോൺഗ്രസിനെ പിളർത്തിയാണ് ബിജെപി വളർന്നത്. ഇതേ തന്ത്രം കേരളത്തിലും പയറ്റുമോ? കോൺഗ്രസുകാരിൽ പുതിയ ആശയത്തിന്റെ കനൽ എറിയുകയാണ് ആർഎസ്എസ് സൈദ്ധാന്തികനും ജന്മഭൂമിയുടെ മുൻ എഡിറ്ററുമായ കെവി എസ് ഹരിദാസ്. കോൺഗ്രസിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ ലേഖനം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കാര്യങ്ങൾ എളുപ്പമല്ലേ; 21 അംഗങ്ങളാണ് കോൺഗ്രസിന് കേരള നിയമസഭയിലുള്ളത്. ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎ -മാർ മതി. നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്. തങ്ങൾ പടുത്തുയർത്തിയ ഈ പാർട്ടിയിൽ അത്രയ്ക്ക് ദുർബലരായോ, ഒറ്റപ്പെട്ടോ അവർ? ഇവർ രണ്ടുപേർ സാമാജികരാണ്; പിന്നെ വേണ്ടത് വെറും അഞ്ചു പേർ. ഇവിടെ ശക്തി കാണിക്കേണ്ടത് എങ്ങിനെയെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഈ ഏഴ്.......എട്ട് എന്ന സംഖ്യ നിറഞ്ഞു നിൽക്കുന്നു-കെവി എസ് ഹരിദാസ് ലേഖനത്തിൽ പറയുന്നു.
കരുണാകരന്റെ ദത്തുപുത്രനെപ്പോലെയാണ് ചെന്നിത്തല വളർന്നുവന്നത്. ഇന്നിപ്പോൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചരിത്രം കാണാനാഗ്രഹിക്കാത്ത വിധത്തിൽ കോൺഗ്രസിനുള്ളിൽ അപമാനിക്കപ്പെട്ടിരിക്കുന്നു. 'വേണമെങ്കിൽ നിന്നോ ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ.....' ഇതാണ് ഹൈക്കമാൻഡ് അവരോട് സ്വീകരിച്ച നിലപാട്. രാഷ്ട്രീയ രംഗത്ത് കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്; എന്നാൽ ഇത് ആ രണ്ടുപേരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവുന്നതിനുമപ്പുറമാണ്. അക്ഷരാർഥത്തിൽ അവരെ അപമാനിക്കുകയാണ് ഹൈക്കമാൻഡ് ചെയ്തത്; ഇവരുടെ തണലിൽ വളർന്നുവന്ന ഇന്നത്തെ സംസ്ഥാന കോൺഗ്രസ് നേതൃത്വം അതിനൊക്കെ മൗനസമ്മതം നൽകുകയും ചെയ്തിരിക്കുന്നു-ഹരിദാസ് ലേഖനത്തിൽ പറയുന്നു.
ജന്മഭൂമിയിൽ കെവി എസ് ഹരിദാസ് എഴുതിയ ലേഖനത്തിന്റെ പൂർണ്ണ രൂപം
ആർക്കെന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നെടുംതൂണുകളാണ് കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ്ചെന്നിത്തലയും. കെ.കരുണാകരൻ ഇന്നില്ല. ആന്റണിയായിരുന്നു ഒരു കാലഘട്ടത്തിലെ നായകനെങ്കിലും അന്നൊക്കെ സംഘടന ചലിപ്പിച്ചിരുന്നത് ഉമ്മൻ ചാണ്ടിയുടെ സംഘാടക മികവുകൊണ്ടായിരുന്നു എന്നതും പരമാർത്ഥം.
കരുണാകരന്റെ ദത്തുപുത്രനെപ്പോലെയാണ് ചെന്നിത്തല വളർന്നുവന്നത്. ഇന്നിപ്പോൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചരിത്രം കാണാനാഗ്രഹിക്കാത്ത വിധത്തിൽ കോൺഗ്രസിനുള്ളിൽ അപമാനിക്കപ്പെട്ടിരിക്കുന്നു. 'വേണമെങ്കിൽ നിന്നോ ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ.....' ഇതാണ് ഹൈക്കമാൻഡ് അവരോട് സ്വീകരിച്ച നിലപാട്. രാഷ്ട്രീയ രംഗത്ത് കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്; എന്നാൽ ഇത് ആ രണ്ടുപേരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവുന്നതിനുമപ്പുറമാണ്. അക്ഷരാർഥത്തിൽ അവരെ അപമാനിക്കുകയാണ് ഹൈക്കമാൻഡ് ചെയ്തത്; ഇവരുടെ തണലിൽ വളർന്നുവന്ന ഇന്നത്തെ സംസ്ഥാന കോൺഗ്രസ് നേതൃത്വം അതിനൊക്കെ മൗനസമ്മതം നൽകുകയും ചെയ്തിരിക്കുന്നു.
ഇവിടെ സമാനമായ അവസ്ഥ എ.കെ.ആന്റണിക്കാണ് സംഭവിച്ചതെങ്കിലോ? ആന്റണി ആലോചിച്ചിട്ടുണ്ടോ? ഒരു സംശയവും വേണ്ട, അദ്ദേഹം വാളെടുത്ത് പുറത്തിറങ്ങുമായിരുന്നു. എന്നും ആന്റണി അങ്ങിനെയായിരുന്നു. അധികാരത്തിന്റെ നെറുകയിൽ ആന്റണി എന്നും നിലകൊണ്ടിട്ടുമുണ്ട്; ഭരണരംഗത്താവാം അല്ലെങ്കിൽ പാർട്ടി സംവിധാനത്തിൽ. അതൊരു കലയായിരുന്നു. കേരളത്തിലെ സ്ഥിതി മോശമാവുന്നു എന്ന് കണ്ടപ്പോൾ അദ്ദേഹം കളം മാറിച്ചവിട്ടി; ഡൽഹിയിൽ ഹൈക്കമാൻഡിന്റെ വിശ്വസ്തനായി മാറുന്നതാണ് കണ്ടത്. ഇന്നിപ്പോൾ തന്റെ വിശ്വസ്തനായിരുന്ന ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും വെട്ടിനിരത്തുന്നത് കണ്ടിട്ട് നാവനക്കാതെ ഇരിക്കുന്നത് മര്യാദയാണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
കോൺഗ്രസുകാർ ഇനിഎന്ന് പഠിക്കും
സംസ്ഥാനത്തെ കോൺഗ്രസിന്റെ തലപ്പത്ത് ഒരു തലമുറമാറ്റം അനിവാര്യമാവുന്നു എന്നതാണ് ഹൈക്കമാൻഡ് പറയുന്നത്. 2016, 2021 എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടിയാണ് ഇതിനു തയ്യാറായത്. എന്നാൽ 2019 -ൽ കോൺഗ്രസിന് മുഖം രക്ഷിക്കാനായത് കേരളത്തിലുണ്ടായ വിജയം കൊണ്ടാണ് എന്നത് മറന്നുകൂടല്ലോ. രാഹുൽഗാന്ധിക്ക് പോലും പാർലമെന്റ് കാണാൻ ഇവിടെവരേണ്ടിയും വന്നു. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നുപറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പോലെ അപമാനിതനായ നേതാവാണ് മുല്ലപ്പള്ളി.
യഥാർഥത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും കോൺഗ്രസിനും തമ്മിൽ വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 0.26ശതമാനം മാത്രമാണ്; കാൽ ശതമാനം. രാഹുൽ ഗാന്ധി അധ്യക്ഷനായപ്പോഴും പിന്നീട് അദ്ദേഹം മുന്നിൽനിന്ന് നയിച്ചപ്പോഴും എത്രയോ കനത്ത പരാജയങ്ങൾ കോൺഗ്രസിനെ തുറിച്ചുനോക്കിയിട്ടുണ്ട്. ആ പാർട്ടിയെ ഇന്നത്തെ പരിതാപകരമായ നിലയിലേക്ക് എത്തിച്ചത് രാഹുലും സംഘവുമല്ലേ. അവരിപ്പോൾ കയറിയിരിക്കുന്നത് പാർട്ടിയുടെ ശവക്കൂനയ്ക്ക് മുകളിലാണ് എന്ന് കോൺഗ്രസുകാർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. അവരാണിപ്പോൾ സ്വതവേ ഭേദപ്പെട്ട പ്രകടനം ആദ്യാവസാനം കാഴ്ചവെച്ച രണ്ടു പ്രമുഖ സംസ്ഥാന നേതാക്കളെ അപമാനിച്ചയച്ചത്. ഞാൻ കോൺഗ്രസുകാരനൊന്നുമല്ല; കോൺഗ്രസ് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളുമല്ല. അപ്പോഴും രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ഈ രാഷ്ട്രീയം വഞ്ചനയാണ് എന്ന് പറയാതെ പോകാനാവുന്നില്ല.
ഇന്ത്യയിൽ ഇന്നിപ്പോൾ കോൺഗ്രസ് ഭരണമുള്ളത് വിരലിൽ എണ്ണാവുന്ന സംസ്ഥാനങ്ങളിലാണ്. അതിൽ പഞ്ചാബ് താമസിയാതെ തെരഞ്ഞെടുപ്പിലേക്ക് പോകും. ഭരണമുള്ളിടത്തൊക്കെ പാർട്ടിയിൽ തമ്മിലടിയാണ്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലാണ് യുദ്ധം. പഞ്ചാബിൽ പിസിസി പ്രസിഡന്റായി രാഹുൽ ഗാന്ധി നിയമിച്ച നവജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ഛത്തീസ്‌ഗഢിൽ നിലവിലെ മുഖ്യമന്ത്രി ഒഴിയാൻ തയ്യാറല്ല; രാഹുൽ ഗാന്ധി എതിർപക്ഷത്തെ നേതാവിനൊപ്പം. യുപിയിൽ കോടികൾ ചെലവിട്ടിട്ടും ഒരു പഞ്ചായത്ത് കമ്മിറ്റി പോലുമുണ്ടാക്കാൻ പ്രിയങ്കവാദ്രക്ക് സാധിക്കുന്നില്ല. ഇനി കോൺഗ്രസുമായി സഖ്യമേയില്ലെന്ന് ബിഎസ്‌പി, സമാജ്വാദി പാർട്ടി എന്നിവർ പരസ്യമാക്കിക്കഴിഞ്ഞു.
കൂടെ കൂട്ടിയാൽ ഉള്ള വോട്ടും പോകുമെന്ന ഭയപ്പാടിലാണ് ആ രണ്ടു പ്രാദേശിക കക്ഷികൾ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് പോലും സ്വന്തം തട്ടകത്തിൽ ദയനീയ പരാജയമുണ്ടായി എന്നത് മറക്കരുതുതാനും. ഇവർ നേതൃത്വത്തിൽ തുടർന്നാൽ ഈ പാർട്ടി രക്ഷപ്പെടുകയില്ലെന്ന് കപിൽ സിബൽ, ഗുലാംനബി ആസാദ് തുടങ്ങിയ പ്രമുഖർ പരസ്യമായി പറഞ്ഞതും വായിക്കാതെ മുന്നോട്ട് നീങ്ങാനാവുകയില്ലല്ലോ. ദേശീയ തലത്തിൽ ഇത്രമാത്രം തകർന്നടിഞ്ഞ സ്ഥിതിയിലെത്തി നിൽക്കുമ്പോഴാണ് കുറച്ചെങ്കിലും അടിവേരുള്ള ഒരു സംസ്ഥാനത്ത് വെട്ടിനിരത്തലിനു ഹൈക്കമാൻഡ് പരിവാരം തയ്യാറായത്.
മറ്റു കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞത്
അനവധി കോൺഗ്രസ് നേതാക്കൾ മുൻപും ഡൽഹിയിലെ തമ്പ്രാക്കളാൽ അപമാനിതരായിട്ടുണ്ട്. അവരിൽ ചിലർ നാണം കെട്ടും പാർട്ടിയിൽ തുടർന്നു. സ്വന്തമായി കഴിവുള്ളവരും ആത്മാഭിമാനമുള്ളവരും സ്വന്തംവഴി നോക്കി. ബംഗാളിൽ മമത, ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഢി, തെലങ്കാനയിലെ ചന്ദ്രശേഖര റാവു, പുതുശേരിയിലെ എൻ.ആർ.രംഗസ്വാമി... അങ്ങിനെ എത്രയോ പേര്. അവരൊക്കെ ഇന്ന് അതാത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാണ്. ചിലർ സ്വന്തം കക്ഷിയുണ്ടാക്കുകയല്ല ചെയ്തത്. നരേന്ദ്ര മോദിയുമായി, ബിജെപിയുമായി, സഹകരിക്കാൻ തയ്യാറായി. ഒന്നും രണ്ടും പേരല്ല അങ്ങിനെയുള്ളത്.
ഡസൻ കണക്കിന് മാന്യന്മാരായ കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും അതൊക്കെ അറിയാത്തതല്ല. എന്നാലും ചില പേരുകൾ ഓർമ്മിപ്പിക്കുകയാണ്. ആസ്സാമിലെ ഹേമന്ത ബിശ്വാസ്, മണിപ്പൂരിലെ എൻ.ബീരൻസിങ്, അരുണാചൽ പ്രദേശിലെ പ്രേമഖണ്ടു എന്നിവർ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയവരാണ്; അവരൊക്കെ ഇന്ന് മുഖ്യമന്ത്രിമാരാണ്. ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, റാവു ഇന്ദർജിത് എന്നിവർ ബിജെപിയിലെത്തി; അവരിന്ന് കേന്ദ്രമന്ത്രിമാരാണ്.
ബംഗാളിലും കർണാടകത്തിലും ഗോവയിലും മധ്യപ്രദേശിലും തൃപുരയിലും മറ്റും എത്രയോ എംഎൽഎമാർ ആ പാർട്ടിയിൽനിന്ന് ബിജെപിയിലെത്തി. കേരളത്തിലും എത്രയോ പ്രമുഖരായ കോൺഗ്രസുകാരുണ്ട്. അവരെയൊക്കെ എത്ര അന്തസ്സോടെയാണ് ബിജെപി പരിഗണിച്ചത്. പലരും സംസ്ഥാനങ്ങളിൽ മന്ത്രിമാരാണ്, പാർട്ടി ഭാരവാഹികളുമാണ്. എന്നാൽ അവിടെത്തന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ച ചില കോൺഗ്രസുകാരുടെ അവസ്ഥ പറയേണ്ടതുണ്ടോ.........സച്ചിൻ പൈലറ്റിനെപ്പോലുള്ളവർ.
ഇവിടെ എന്താണ് ഇനി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമാണ്. തങ്ങളെ അപമാനിച്ചു എന്നുപറഞ്ഞ് കരഞ്ഞുകൊണ്ട് വിഷമം തീർക്കുകയാണോ വേണ്ടത്, അതോ ശക്തമായ നിലപാടെടുക്കുകയാണോ? എന്തൊക്കെ പറഞ്ഞാലും രാഹുലിനേക്കാളും കെ.സി.വേണുഗോപാലിനേക്കാളും പൊതുസമൂഹത്തിൽ എത്രയോ അംഗീകാരമുള്ളവരാണ് ഇവരെന്നത് ആർക്കാണറിയാത്തത്.
കാര്യങ്ങൾ എളുപ്പമല്ലേ; 21 അംഗങ്ങളാണ് കോൺഗ്രസിന് കേരള നിയമസഭയിലുള്ളത്. ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎ -മാർ മതി. നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്. തങ്ങൾ പടുത്തുയർത്തിയ ഈ പാർട്ടിയിൽ അത്രയ്ക്ക് ദുർബലരായോ, ഒറ്റപ്പെട്ടോ അവർ? ഇവർ രണ്ടുപേർ സാമാജികരാണ്; പിന്നെ വേണ്ടത് വെറും അഞ്ചു പേർ. ഇവിടെ ശക്തി കാണിക്കേണ്ടത് എങ്ങിനെയെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഈ ഏഴ്.......എട്ട് എന്ന സംഖ്യ നിറഞ്ഞു നിൽക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ