കോഴിക്കോട്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നിലവിൽ വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക-വ്യാപാര ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി പ്രഖ്യാപനം.

വിവിധ കർഷക സംഘടനകളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടി രൂപീകരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കും. എല്ലാ മുന്നണികളോടും സമദൂരം എന്ന നിലപാടാകും സ്വീകരിക്കുക. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായി. ഒരു ലക്ഷം ആളുകളെ പാർട്ടിയിൽ അണിനിരത്താനാകുമെന്നാണ് കണക്കുകൂട്ടൽ.