അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അപ്രതീക്ഷിത വിജയം ആഘോഷിക്കവെ, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദൗർ മണ്ഡലത്തിൽ 34,000 വോട്ടുകൾക്ക് തറപറ്റിച്ച ലാഭ് സിങ് ഉഗോക്കെ ആയരുന്നു. മൊബൈൽ റിപ്പയർ കടക്കാരൻ സോഷ്യൽമീഡിയയിലെ താരമായി മാറി. ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ഛന്നിക്ക് 23,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 37,550 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു ലാഭ് സിങ്ങിന്റെ വിജയം.

ബർണാലയിൽ ലാഭ് സിങ് പഠിച്ച സ്‌കൂളിലെ തൂപ്പ് ജോലിക്കാരിയാണ് ലാഭ് സിങ്ങിന്റെ അമ്മ ബൽദേവ് കൗർ. മകന്റെ വിജയത്തിൽ വലിയ സന്തോഷത്തിലാണ് കൗർ. എന്നാൽ മകൻ എംഎ‍ൽഎ ആയെന്ന് വച്ച് തന്റെ തൂപ്പ് ജോലി ഉപേക്ഷിക്കാൻ തയ്യാറല്ല ഈ അമ്മ. ഉപജീവനത്തിനായി പണ്ട് മുതലേ കഠിനാധ്വാനം ചെയ്യുന്നവരാണ് തങ്ങൾ എന്നും അതിനാൽ തന്നെ മകൻ എംഎ‍ൽഎ ആയതുകൊണ്ട് തങ്ങളുടെ പഴയ കാലങ്ങളെ മറക്കാനാവില്ലെന്നും ഈ അമ്മ പറയുന്നു.

'മകന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയെയാണ് അവൻ തോൽപ്പിച്ചത്. നാടിനായി ഒരുപാട് സേവനങ്ങൾ അവന് ചെയ്യാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാനൊരു തൂപ്പു ജോലിക്കാരിയാണ്. വർഷങ്ങളായി ഞാനീ സ്‌കൂളിന്റെ ഭാഗമാണ്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്താണ് ഞങ്ങളിവിടം വരെയെത്തിയത്. മകൻ എംഎ‍ൽഎ ആയതുകൊണ്ട് ഈ ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല',ബൽദേവ് കൗർ പറഞ്ഞു.

ലാഭ് സിങ്ങിന്റെ അമ്മ മാത്രമല്ല, അച്ഛൻ ദർശൻ സിങ്ങും ഇത് തന്നെ ആവർത്തിക്കുന്നു. തങ്ങൾ പഴയത് പോലെ തന്നെയാവും ജീവിക്കുക. ഇനി കുടുംബകാര്യം നോക്കുന്നതിന് പകരം മകൻ ജനക്ഷേമം നോക്കട്ടെ എന്നാണ് അച്ഛൻ പറയുന്നത്. ഗ്രാമത്തിലെ ജനങ്ങളാണ് അവനെ തിരഞ്ഞെടുത്തത്. അവൻ ആളുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. ഞങ്ങൾ പഴയത് പോലെ അങ്ങ് ജീവിക്കും, ദർശൻ സിങ് പറഞ്ഞു.

2013ലാണ് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ലാഭ് സിങ് ആം ആദ്മിയിൽ ചേരുന്നത്.മൊബൈൽ റിപ്പയർ ഷോപ്പാണ് ഏക ഉപജീവനമാർഗം. പിതാവ് ഡ്രൈവറാണ്. മുഖ്യമന്ത്രിയെ നേരിടാൻ മൊബൈൽ കടക്കാരൻ എന്ന തരത്തിൽ വാർത്തകൾ വന്നതോടെ ലാഭ് സിങ് ഉഗോകെ ശ്രദ്ധേയനായി. മൂർച്ചയുള്ള വാക്കുകൾ ആയുധമാക്കിയതോടെ ജനങ്ങൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങി.

തനിക്ക് കിട്ടുന്ന ദേശീയ മാധ്യമശ്രദ്ധ കണ്ട് മുഖ്യമന്ത്രി പേടിച്ചിരിക്കുകയാണെന്ന് ഉഗോകെ പറഞ്ഞത് വാർത്തയായിരുന്നു. ഛന്നിക്ക് ഭദൗറിലെ പത്ത് ഗ്രാമങ്ങളുടെ പേര് പോലും അറിയില്ലെന്നും മാർച്ച് പത്തിന് ശേഷം തന്നോട് ഭദൗറിൽ മത്സരിക്കാൻ പറഞ്ഞയാളെ ഛന്നി തിരഞ്ഞുപിടിച്ച് അടിക്കുമെന്നും' ഉഗോകെ പറഞ്ഞിരുന്നു.

'ദളിത് കുടുംബത്തിൽ നിന്നാണെങ്കിലും ഛന്നി രാജാവിനേപ്പോലെയാണ് ജീവിക്കുന്നത്. തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് ഛന്നി തന്നെ വെളിപ്പെടുത്തിയതും' ഉഗോകെ ചൂണ്ടിക്കാട്ടി. സ്‌കൂളുകളുടെ ശോച്യാവസ്ഥ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത, തകർന്ന റോഡുകൾ തുടങ്ങിയ വിഷയങ്ങളെല്ലാം ഉഗോകെ പ്രചാരണ വിഷയമാക്കി. ഒടുവിൽ വോട്ടർമാർക്കിടയിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയേക്കാൾ വിശ്വാസ്യത നേടിയെടുത്തു.