ദമാം: തൊഴിൽ പ്രശ്‌നങ്ങൾ പുകയുന്ന സൗദി ഒജർ കമ്പനിയിലെ ആയിരത്തോളം ഇന്ത്യൻ തൊഴിലാളികൾ പട്ടിണിയിൽ. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്നും മറ്റു സഹായങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്തവർ തിരിഞ്ഞു നോക്കുന്നില്ലെന്നും തൊഴിലാളികൾക്കു പരാതിയുണ്ട്.

ദമാം സെക്കന്റ്ഡ് ഇന്റസ്ട്രിയൽ ഏരിയയിലെ സൗദി ഒജർ കമ്പനിയിലാണ് ആയിരത്തോളം ഇന്ത്യൻ തൊഴിലാളികൾ പട്ടിണിയിൽ കഴിയുന്നത്. തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ടു തൊഴിലാളികൾ കഴിഞ്ഞ ദിവസം ഹൈവേ ഉപരോധിച്ചു.

പൊലീസ് വന്ന് ചർച്ച നടത്തിയാണ് പ്രതിഷേധം ഉയർത്തിയവരെ മാറ്റിയത്. കൊടും പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാമെന്നു ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും പാലിച്ചില്ലെന്നാണു തൊഴിലാളികൾ പറയുന്നത്.

പ്രശ്‌നങ്ങൾക്കു തീരുമാനമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ആഴ്ച വീണ്ടും ഹൈവേ ഉപരോധിക്കുമെന്നാണു തൊഴിലാളികളുടെ നിലപാട്. അങ്ങനെ എങ്കിൽ വെടിവയ്ക്കുമെന്ന് പൊലീസും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അതിനിടെ, തൊഴിലാളികളുടെ കുടുംബാംഗങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വസതിയിലേക്കു മാർച്ചു നടത്തുകയും ചെയ്തു. സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി വിദേശകാര്യ സഹമന്ത്രി വി കെ സിങ് നേരത്തെ റിയാദിൽ എത്തിയിരുന്നു. അധികൃതരുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഇക്കാര്യത്തിൽ ഇല്ലെന്നതാണു തൊഴിലാളികളുടെ അവസ്ഥ തെളിയിക്കുന്നത്.

തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ സൗദി ഒജർ കമ്പനിക്കെതിരെ സൗദി തൊഴിൽ മന്ത്രാലയം നടപടി ആരംഭിച്ചിരുന്നു. കമ്പനിക്കുള്ള സേവനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും തൊഴിലാളികൾ ഇപ്പോഴും പട്ടിണിയിലാണെന്നാണു പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.