കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണറിന്റെ ആഴം കൂട്ടാനുള്ള പണിക്കിടയിൽ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളി മരണപ്പെട്ടു. മുട്ടക്കാവ് സ്വദേശി സുധീറാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സുധീറിന്റെ മൃതദേഹം പുറത്തെടുക്കാനായത്.

കൊട്ടിയം തഴുത്തലയിൽ കിണറു പണിക്കിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. 24 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സുധീറിന്റെ മൃതദേഹം പുറത്തെടുത്തത്. അറുപത് അടിയോളം ആഴം ഉള്ള കിണറിന്റെ അതേ ആഴത്തിൽ കുഴിച്ചെത്തി അതുവഴി മണ്ണു നീക്കി സുധീറിനെ പുറത്തെടുക്കുയായിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പുഞ്ചിരിച്ചിറ വയലിന് സമീപം ബെൻസിലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അപകടം നടന്നത്. അറുപത് അടി താഴ്ചയുള്ള കിണറിന്റെ ആഴം കൂട്ടുന്നതിന് വേണ്ടി കോൺക്രീറ്റ് റിങ്ങുകൾ ഇറക്കുന്നതിന് ഇടയിലായിരുന്നു മണ്ണ് ഇടിഞ്ഞ് വീണത്. ഏറ്റവും താഴത്തെ റിങ് പൊളിഞ്ഞു വീണതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുധീറിന്റെ ദേഹത്തേക്ക് രണ്ടാമത്തേയും മൂന്നാമത്തേയും റിംഗുകൾ പൊടുന്നനെ പൊളിഞ്ഞു വീഴുകയായിരുന്നു.

കിണറിന്റെ പകുതിയിൽ അധികം ഭാഗവും ഇടിഞ്ഞ നിലയിൽ സുധീറിനെ രക്ഷിക്കാനായി അഗ്‌നിശമനസേനാ അംഗങ്ങൾ എത്തിയെങ്കിലും ഇവർ മണ്ണ് മാറ്റാൻ തുടങ്ങിയതിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിലുണ്ടായതി. ഇതോടെ രക്ഷപ്രവർത്തനം നിർത്തിവച്ചു. മണ്ണ് മാന്തി എത്തിച്ചാണ് പിന്നീട് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഏതാണ്ട് 24 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കാനായത്. സുധീറിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മണ്ണ് മാന്തി എത്തിക്കാൻ വൈകി എന്ന് ആരോപിച്ച് നാട്ടുകാർ ഇന്നലെ ഇവിടെ പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തിയാണ് നാട്ടുകാരെ ശാന്തമാക്കിയത്. കിണറിന് സമാന്തരമായി മറ്റൊരു കുഴികൂടി എടുത്താണ് ഇന്ന് രാവിലെ സുധീറിന്റെ മൃതദേഹം പുറത്തേക്ക് എടുക്കാനായത്.ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കിണറപകടമാണ് ഇത്.