യുഎഇയിൽ തൊഴിൽ നിയമലംഘനത്തിനുള്ള പിഴയും മന്ത്രാലയത്തിലേക്കുള്ള അപേക്ഷകളുടെ നിരക്കും വർദ്ധിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവ് ഇറങ്ങി.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽമക്തുമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

വിദേശങ്ങളിൽനിന്നും തൊഴിലാളികളെ കൊണ്ടുവന്നാൽ 60 ദിവസത്തിനകം അവർക്കു തൊഴിൽ കരാർ ലഭിക്കാനുള്ള നടപടികൾ
സ്വീകരിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന തൊഴിലുടമയ്ക്കു വൈകിപ്പിക്കുന്ന ഓരോ മാസത്തിനും 500 ദിർഹം പിഴ ചുമത്തും.തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യം ഏർപ്പെടുത്താത്ത കമ്പനികൾക്ക് 20,000 ദിർഹമാണ് പിഴ. വിസ സംബന്ധമായ ആവശ്യങ്ങൾക്ക് ജീവനക്കാരിൽ നിന്ന് തുക ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് അയ്യായിരം ദിർഹം പിഴ ചുമത്തും. ഒളിച്ചോടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെക്കുറിച്ച് റിപ്പോർട്ട് നൽകാത്ത കമ്പനികളിൽ നിന്ന് 20,000 ദിർഹം ഈടാക്കും. വേനൽകാലത്ത് മധ്യാഹ്ന വിശ്രമം അനുവദിക്കാത്ത കമ്പനികളിൽനിന്ന് തൊഴിലാളി ഒന്നിന് അയ്യായിരം വീതം ഈടാക്കും.
 
തൊഴിൽ പെർമിറ്റുകൾ 60 ദിവസത്തിനകം പുതുക്കാത്തവർക്കും സമാന തുകയായിരിക്കും പിഴ. മിഷൻ വീസകളിൽ രാജ്യത്തു പ്രവേശിക്കുന്ന
തൊഴിലാളിയുടെ വീസാ പ്രക്രിയകൾ വൈകിച്ചാൽ 100 ദിർഹമാണു പിഴ നിശ്ചയിച്ചത്. കാലാവധി തീർന്ന് ഏഴു ദിവസത്തിനകം പുതുക്കാത്ത വീസകളുടെ പേരിലുള്ള പിഴ ഓരോ ദിവസത്തിനും 100 ദിർഹമായിരിക്കും.സ്വദേശിവൽക്കരണം  നിയമം മറികടക്കാൻ മറുവഴികൾ തേടുന്നവർക്കും നാമമാത്ര സ്വദേശിവൽക്കരണം നടത്തുന്നവർക്കും പിഴ ഇരുപതിനായിരം ദിർഹമായിരിക്കും. രേഖകളിൽ സ്വദേശിവൽക്കരണം വ്യക്തമാക്കുകയും എന്നാൽ നിയമനം നൽകാതിരിക്കുകയും ചെയ്യുന്നവർക്കും 20,000 ദിർഹമാണു പിഴ.

വേതന സുരക്ഷാപദ്ധതി നിയമം പാലിക്കാതിരിക്കാൻ വ്യാജ വിവരങ്ങൾ നൽകി മന്ത്രാലയത്തെ കബളിപ്പിക്കുന്നവർക്ക് ഓരോ തൊഴിലാളിയുടെ പേരിലും 5000 ദിർഹം തൊഴിലുടമ പിഴയടയ്‌ക്കേണ്ടി വരും.ഇത്തരം കമ്പനികളിൽ തൊഴിലാളികൾ കൂടുതലുണ്ടെങ്കിൽ അരലക്ഷം ദിർഹം വരെ പിഴയിനത്തിൽ ഈടാക്കാമെന്നു പുതിയ ഉത്തരവിലുണ്ട്.വേതന സുരക്ഷാനിയമം  പദ്ധതിയിൽ പങ്കാളികളായ തൊഴിലാളികൾക്കു 60 ദിവസത്തിനകം വേതനം കുടിശികയാക്കിയാലും മന്ത്രാലയം പിഴ ചുമത്തും. 5000 ദിർഹം മുതൽ 50000 ദിർഹം
വരെയാണു വേതനം വൈകിപ്പിക്കുന്ന കമ്പനികൾക്കുള്ള പുതിയ പിഴശിക്ഷ. പദ്ധതിയിൽ ഭാഗഭാക്കാകാത്ത സ്ഥാപനങ്ങൾക്കു 10,000
ദിർഹമാണു പിഴ ലഭിക്കുക.

തൊഴിലാളികൾക്കു തൊഴിൽ സുരക്ഷ നൽകാത്ത കമ്പനികൾക്കും ഇതേ തുകയാണു പിഴ. തൊഴിലാളികൾ മരണപ്പെടുകയോ
പരുക്കേൽക്കുകയോ ചെയ്താൽ രേഖാമൂലം മന്ത്രാലയത്തെ അറിയിക്കാത്ത തൊഴിലുടമകൾക്കും പിഴ പതിനായിരമാണ്.തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ വ്യാജരേഖകളിൽ ഒപ്പുവയ്ക്കുന്ന തൊഴിലുടമകൾക്കും മന്ത്രാലയത്തിന്റെ പിഴയുടെ പിടിവീഴും. 5000 ദിർഹമാണു ഈ നിയമലംഘനത്തിനുള്ള ശിക്ഷ നിശ്ചയിച്ചത്.