- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം ഒരുവട്ടം പൂർത്തിയാക്കും, ലണ്ടൻ ഇളകി മറിയും; മോദിയുടെ ബ്രിട്ടീഷ് സന്ദർശനം പുതുയുഗ പിറവിയിലേക്ക്; ആളുകൾ തിങ്ങിക്കൂടുമ്പോൾ വെംബ്ലി സ്റ്റേഡിയം പോരാതെ വരുമെന്ന് കണക്കു കൂട്ടൽ; ഒരുക്കങ്ങൾ തകൃതി
ലണ്ടൻ: കൃത്യം 104 വർഷം പൂർത്തിയാക്കുകയാണ്, ഇംഗ്ലണ്ടിലെ രാജാവ് ജോർജ്ജും രാഞ്ജി മേരിയും ഇന്ത്യ സന്ദർശനം പൂർത്തിയാക്കിയിട്ട്. കൊളോണിയസത്തിന്റെ പ്രൗഢി അത്യുന്നതിയിൽ നിന്ന അക്കാലത്തു അതൊരു സംഭവം തന്നെയായിരുന്നു. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സന്ദർശനം. ഇപ്പോൾ സമാനമായ തരത്തിൽ മറ്റൊരു സന്ദർശനത്തിനും സമയമാകുന്നു. ഇന്ത്യയിൽ നിന്നും ബ്ര
ലണ്ടൻ: കൃത്യം 104 വർഷം പൂർത്തിയാക്കുകയാണ്, ഇംഗ്ലണ്ടിലെ രാജാവ് ജോർജ്ജും രാഞ്ജി മേരിയും ഇന്ത്യ സന്ദർശനം പൂർത്തിയാക്കിയിട്ട്. കൊളോണിയസത്തിന്റെ പ്രൗഢി അത്യുന്നതിയിൽ നിന്ന അക്കാലത്തു അതൊരു സംഭവം തന്നെയായിരുന്നു. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സന്ദർശനം. ഇപ്പോൾ സമാനമായ തരത്തിൽ മറ്റൊരു സന്ദർശനത്തിനും സമയമാകുന്നു. ഇന്ത്യയിൽ നിന്നും ബ്രിട്ടൻ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നത് ചരിത്രം ഒരു സമയസൂചിക പൂർത്തിയാക്കുക കൂടി ആണെന്ന് രാജ്യാന്തര നിരീക്ഷകർ കണക്കു കൂട്ടുന്നു. ഓരോ രാജ്യത്തും എത്തുമ്പോൾ ലോക മാദ്ധ്യമങ്ങളിൽ തന്നെ തലക്കെട്ട് സൃഷ്ട്ടിക്കുന്ന മോദി ബ്രിട്ടനിൽ എത്തും മുന്നേ തന്നെ മാദ്ധ്യമ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അത്രയ്ക്ക് അമ്പരപ്പിക്കുന്ന തരത്തിലുള്ള മുന്നോരുക്കമാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്.
മോദിയുടെ സന്ദർശനത്തിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ കരുത്തു ബ്രിട്ടീഷ് ജനതയെ കാട്ടിക്കൊടുക്കുക എന്ന ദേശീയതയിൽ ഊന്നിയ വരവേൽപ്പിന് മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിക്കും ബ്രിട്ടന്റെ മണ്ണിൽ കിട്ടാത്ത സ്വാഗതം ഒരുക്കിയാണ് ബ്രിട്ടീഷ് ഇന്ത്യൻ സമൂഹം തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നത്. മോദിക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിനായി തിരഞ്ഞെടുത്ത ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇതിനകം മുൻകൂർ സീറ്റ് രജിസ്റ്റർ ചെയ്തവരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. മോദിയുടെ സ്വീകരണത്തിന് ചുക്കാൻ പിടിക്കുന്ന ഉത്തരേന്ത്യൻ വംശജർ നിയന്ത്രിക്കുന്ന നാലു സംഘടനകളും അഹോരാത്രം ജോലികൾ ഏറ്റെടുക്കുകയാണ്. ദിവസവും എന്ന നിലയിൽ കൂടി ആലോചനകളും പുരോഗമിക്കുന്നു.
ടു നേഷൻസ്, വൺ ഗ്ലോറിയസ് ഫ്യൂച്ചർ എന്ന സന്ദേശവും ആയാണ് നവംബർ 13 നു വെംബ്ലി സ്‌റ്റേഡിയത്തിൽ അര ലക്ഷത്തിലേറെ പേര് തടിച്ചു കൂടുക. ഇന്ത്യൻ ബ്രിട്ടീഷ് വംശജരുടെ ആവേശം കണ്ടറിഞ്ഞു നാല് എം പി മാർ തങ്ങളുടെ ശമ്പളം സ്വീകരണ പരിപാടിക്കായി സംഭാവന ചെയ്യുന്നിടം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. കീത്ത് വാസ്, വീരേന്ദ്ര ശർമ്മ, സ്റ്റീവ് പൗണ്ട്, സീമ മൽഹോത്ര എന്നിവരാണ് ശമ്പളം സംഭാവന നൽകിയ എം പി മാർ. വെംബ്ലിയിൽ എത്താൻ കഴിയാതെ പോകുന്ന 3 ലക്ഷം പേരെങ്കിലും പാതയോരങ്ങളിൽ മോദിക്കായി വരവേൽപ്പ് നൽകാൻ തടിച്ചു കൂടുമെന്നും വിലയിരുത്തുന്നു. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ആവേശം എന്ന പേലെ നിതാന്ത ശ്രദ്ധയും ഒരുക്കവും ആവശ്യം ആണെന്ന മട്ടിൽ ബ്രിട്ടീഷ് മാദ്ധ്യമ ലോകവും തയ്യാറെടുപ്പുകൾ പൂർത്തീകരിക്കുകയാണ്.
ഏറ്റവും മികച്ച രാഷ്ട്രീയ വിശകലന ലേഖകരെ തന്നെ മുൻനര മാദ്ധ്യമങ്ങൾ നിയമിച്ചു കഴിഞ്ഞു. എന്തുകൊണ്ടും ഈ വരവ് ഒരു സംഭവം തന്നെയായി മാറിക്കഴിഞ്ഞു എന്നാണ് മാദ്ധ്യമ ലോകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 10 വർഷമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ് മണ്ണിൽ കാലു കുത്തിയിട്ടില്ല എന്നാ യഥാർത്ഥ്യം മുന്നിൽ നിൽക്കേ മോദിയുടെ വരവിനു മുൻപ് പ്രതീക്ഷിച്ചതിൽ കവിഞ്ഞ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കാമറോൺ കാബിനറ്റിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ മന്ത്രിമാരും മോദിയുടെ സന്ദർശന സമയം പരിപാടികൾ വെട്ടിച്ചുരുക്കി ലണ്ടനിൽ ക്യാമ്പ് ചെയ്യുകയാണ്.
ഒരു പക്ഷേ ഒളിംബിക്‌സ് ഓപ്പൺ സെറിമണിയെ വെല്ലുന്ന തരത്തിൽ ഈ സ്വീകരണ പരിപാടി മാറിയാലും അൽഭുതപ്പെടേണ്ടതില്ല എന്ന് നേതൃത്വം വഹിക്കുന്ന യൂറോപ്പ് ഇന്ത്യൻ ഫോറം അവകാശപ്പെടുന്നത്. ഒരിക്കൽ തനിക്കു സന്ദർശന വിസ നിക്ഷേധിച്ച രാജ്യത്തു എത്തുമ്പോൾ താൻ എന്ത് മാത്രം സ്വീകാര്യൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കൂടി ഈ അവസരം മാറണം എന്ന് മോദിക്ക് കൂടി നിർബന്ധം ഉള്ളതിനാൽ ഇതുവരെ സന്ദർശനം നടന്ന രാജ്യങ്ങളിൽ നിന്നൊക്ക വ്യത്യസ്തമായ തരത്തിലാകും ബ്രിട്ടീഷ് സന്ദർശനം എന്നുറപ്പാണ്. അധികാരമേറ്റ് ഒരു വർഷം പിന്നിട്ടപ്പോഴേക്കും 26 രാജ്യങ്ങളിൽ സന്ദർശനം നടത്തിയ മോദിയുടെ 27 മത് വിദേശ രാജ്യ സന്ദർശനം ആയിരിക്കും ബ്രിട്ടനിലേത്. മുഖ്യമായും ആർട്ട് ഓഫ് ലിവിങ്, ഇസ്‌കോൺ, സ്വാമിനാരായൺ മന്ദിർ, ഇന്ത്യൻ മുസ്ലിം ഫെഡറേഷൻ എന്നീ സംഘടനകളാണ് സ്വീകരണ പരിപാടിയുടെ കടിഞ്ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ഇവരോടൊപ്പം തോളോട് തോൾ ചേർന്ന് 400 വിവിധ ഇന്ത്യൻ ഗ്രൂപുകളും ആളെക്കൂട്ടാൻ രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കണക്കിന് മലയാളികളും സ്വീകരണ പരിപാടിയിൽ മോദിയെ കാണാൻ വെംബ്ലിയിൽ എത്തും.
രാജ്യത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ ആകും കലാപരിപാടികൾ അരങ്ങേറുക. ദീപാവലി ആഘോഷ വേള കൂടി ആയതിനാൽ സ്വീകരണത്തിന് കൂടുതൽ അഴകേറും എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സ്വീകരണ രാവിനെ ഇരുളാൻ അനുവദിക്കാതെ വെളിച്ചത്തിൽ കുളിപ്പിക്കാൻ ആണ് പദ്ധതി. ബ്രിട്ടൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം വെടിക്കെട്ടിനും വെംബ്ലിയുടെ ആകാശം ഒരുങ്ങുകയാണ്. ബ്രിട്ടീഷുകാർ ഉറങ്ങാതെ വെടിമരുന്നു പ്രകടനം ആസ്വദിക്കുന്ന ഗേ ഫോക് നൈട്ടിനെ തോൽപ്പിക്കുന്നതാവും മോദിയുടെ സ്വീകരണ രാവ് എന്നും സംഘാടകരുടെ വിലയിരുത്തൽ. പാർലമെന്റ് അംഗങ്ങൾ, ബിസിനസ് നേതാക്കൾ, വിവിധ സമുദായ നേതാക്കൾ, ലോകം അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ, എന്തിനേറെ ഹോളിവുഡ് താരങ്ങളുടെ സാന്നിധ്യം പോലും പ്രതീക്ഷിക്കുകയാണ് വെംബ്ലി. എത്ര നാൾ ഈ മണ്ണിൽ കഴിഞ്ഞാലും ഓരോ ഇന്ത്യക്കാരനും ഉള്ളിന്റെ ഉള്ളിൽ മാതൃ നാടിന്റെ സ്പന്ദനം പേറിയാണ് കഴിയുന്നത് എന്ന സന്ദേശം കൂടിയായി മാറും മോദിയുടെ സന്ദർശനം എന്നാണ് വിലയിരുത്തൽ. പരിപാടിയുടെ നിമിഷം തോറുമുള്ള അറിയിപ്പുമായി modi@ukwelcomse എന്ന പേരിൽ ട്വിറ്റർ പേജും സജീവമാണ്.