ആലപ്പുഴ: തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാത്ത നോക്കുകൂലിയും അട്ടിക്കൂലിയും മറ്റും വെറും പിടിച്ചുപറി മാത്രമാണെന്നു ജില്ലാ ലേബർ ഓഫീസ്. വേല ചെയ്യാതെ ആർക്കും കൂലി നല്കേണ്ട കാര്യമില്ല. ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങാൻ ശ്രമിച്ചാൽ പൊലീസ് ഇടപെടേണ്ട ക്രമസമാധാന പ്രശ്നമാണത്.

തൊഴിലാളി നിയമങ്ങളെക്കുറിച്ച് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കു ബോധവത്കരണം നല്കുന്നതിനായി ജില്ലാ ലേബർ ഓഫീസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിശദീകരണം നല്കുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.

ഗാർഹിക, ഗൃഹനിർമ്മാണ സംബന്ധിയായ ജോലികളിൽ ഉടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്കു നിർത്തിയാൽ മതി. യാന്ത്രികമായി കയറ്റിയിറക്കാൻ പറ്റുന്ന വസ്തുവകകൾക്കായി ജോലിക്കാരെ ഏർപ്പെടുത്തേണ്ട കാര്യം പോലുമില്ല. വിവിധ ഹൈക്കോടതി, സർക്കാർ, പൊലീസ് ഉത്തരവുകളിൽ ഇക്കാര്യം അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.

നിയമം പാലിച്ചു മുന്നോട്ടു പോകുന്ന നിസ്സഹായരായ സാധാരണക്കാരെ കായികബലമുള്ളവരും നിയമനിഷേധികളുമായ സംഘടിതർ പിടിച്ചുപറിക്കുമ്പോൾ പലപ്പോഴും നിയമങ്ങളും ഉദ്യോഗസ്ഥരും നോക്കുകുത്തികളായി മാറുന്ന ഗതികേടാണു കാണാറുള്ളതെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടാലും നടപടിയായി വരുമ്പോൾ കാര്യം കഴിഞ്ഞു നഷ്ടം സംഭവിച്ചു കഴിഞ്ഞിരിക്കും.

അധികൃതർ ശക്തമായി ഇടപെട്ടില്ലെങ്കിൽ ആലപ്പുഴയിലെ നിർമ്മാണ മേഖല തളർച്ചയിൽ തന്നെയായിരിക്കുമെന്നു ഗുജറാത്തി സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോജോ മാത്യു പൂപ്പള്ളി എടുത്തുകാട്ടി. ലോറികളിൽ സാധനങ്ങളെത്തിക്കുന്നത് ഭയത്തോടെയാണ്. അനാവശ്യകാരണങ്ങളുണ്ടാക്കിയുള്ള ആക്രമണങ്ങളും ടയറിലെ കാറ്റ് അഴിച്ചുവിടുന്നതും പതിവാണ്. കൃത്യസമയത്ത് പൊലീസ് എത്തിയാലെ അതു തടയാനാകൂ.

പ്രശ്നങ്ങൾ രേഖാമൂലം നല്കിയാൽ കഴിയുന്നത്ര സഹായങ്ങൾ എത്തിക്കുമെന്നു തുടർന്നു ഉദ്യോഗസ്ഥർ ഉറപ്പുനല്കി. ഫോണിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം. ആലപ്പുഴ പട്ടണത്തിലെ പ്രശ്നങ്ങൾ നേരിട്ട് അറിയിക്കേണ്ട നമ്പരുകൾ: ഓഫീസ് 0477-2253515, ജില്ലാ ലേബർ ഓഫീസർ 8547655260, ഡെപ്യൂട്ടി ലേബർ ഓഫീസർ 8547655284, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ 8547655384/85/86. അവധി ദിനങ്ങളാണെങ്കിലും സഹായം പ്രതീക്ഷിക്കാം.

ഏതാനും വർഷം മുൻപ് സർക്കാർ നിശ്ചയിട്ടുള്ള കൂലികളിൽ കാലാനുസൃത മാറ്റം വരുത്തിയിട്ടുള്ള പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കും. അതിൽ പറയും പ്രകാരമുള്ള കൂലി നല്കിയാൽ മതി. കൂടുതൽ ആവശ്യപ്പെടാൻ തൊഴിലാളികൾക്ക് അവകാശമില്ല. അംഗീകൃത ചുമട്ടുതൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ നല്കിയിട്ടുണ്ട്. അത് കാണിക്കാൻ ആവശ്യപ്പെടാം. അമിത കൂലിയാണ് വാങ്ങുന്നതെങ്കിൽ വെള്ളക്കടലാസിലാണെങ്കിലും രസീത് എഴുതി വാങ്ങണം. അതും ചേർത്തു പരാതി നല്കിയാൽ അമിതമായ കൂലി തിരികെ നല്കിക്കാനുള്ള ഏർപ്പാടുണ്ടാക്കും.

വീടുപണിയുമ്പോഴും മറ്റും കൂടുതൽ ജോലിക്കാരെ നിറുത്തണമെന്നു തൊഴിലാളി യൂണിയനുകൾ അന്യായമായി ആവശ്യപ്പെട്ടാൽ ആ വിവരം മുൻകൂട്ടി അറിയിച്ചാൽ ലേബർ ഓഫീസ് ഉടൻ ഇടപെടും. ഉടമയ്ക്ക് ആവശ്യമായ തൊഴിലാളികളെ മാത്രം പണിയെടുപ്പിച്ചാൽ മതി. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയുള്ള പണിയാണ് തച്ചായി കണക്കാക്കുന്നത്. കൂറച്ചു ജോലിക്കായി കൂടുതൽ ആൾക്കാരെ നിർബന്ധിച്ചു നിർത്തി പണി നേരത്തേ കഴിഞ്ഞാൽ മുഴുവൻ തച്ചുകൂലിയും നല്കാൻ ബാധ്യതയില്ല.

ഉദ്യോഗസ്ഥരായ രഘുനാഥ്, സതീഷ്‌കുമാർ, ഷിബു, പത്മഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യത്തിൽ പ്രതിസന്ധിയുണ്ടാക്കുന്ന നോക്കുകൂലിക്കെതിരെ ശക്തമായും ഫലപ്രദമായും പ്രതികരിക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾക്കു കഴിയുമെന്നു സമ്മേളനം വിലയിരുത്തി.