കണ്ണൂർ: തലശ്ശേരി കോടിയേരിയിലെ മലബാർ കാൻസർ സെന്ററിന് മുന്നിൽ സമര കോലാഹലം. സിപിഐ.(എം). പാർട്ടി ഗ്രാമത്തിൽ സിഐടി.യു. നേതൃത്വത്തിലുള്ള തൊഴിൽ സമരത്തിൽ നേതാക്കളും അണികളും ആശങ്കയിലായി. ആറാം ദിവസത്തിലേക്ക് കടന്ന സമരത്തിൽ ഇന്നലെ നാല് സ്ത്രീ തൊഴിലാളികളെ അറസ്റ്റ് ചെയ്തതോടെ സമരം പുതിയ വഴിത്തിരിവിലായി. മലബാർ കാൻസർ സെന്ററിൽ സിപിഐ.(എം) നിയന്ത്രണത്തിലുള്ള മലബാർ സർവ്വീസ് സൊസൈറ്റിയെന്ന സ്ഥാപനമാണ് കരാർ തൊഴിലാളികളെ നാളിതുവരെ നൽകിയിരുന്നത്.

എന്നാൽ ഇപ്പോൾ കുറഞ്ഞ വേതനത്തിൽ സിപിഐ.(എം). ഭൂരിപക്ഷമുള്ള കുടുംബശ്രീ യൂണിറ്റ് കരാർ തൊഴിലാളികളെ നൽകാൻ തയ്യാറായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ കേസിൽ വാദിയും പ്രതിയും സിപിഐ.(എം). ഉം തൊഴിലാളി സംഘടനയായ സിഐടിയും ആയതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിക്കുന്നത്.

വർഷങ്ങളായി കാൻസർ സെന്ററിൽ ജോലി ചെയ്തു വരുന്ന 19 തൊഴിലാളികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര ബോഡിക്കാണ് ഇതിന്റെ ഭരണചുമതല.

മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി ഉപമേധാവിയും സതീഷ് ബാലസുബ്രമണ്യം എം. ഡി. യും അടങ്ങുന്ന ഗവേണിങ് ബോഡിയാണ് സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ഇവിടെ കരാർ തൊഴിലാളികളെ നൽകുന്നത് പാർട്ടി നിയന്ത്രണത്തിലുള്ള എൽ.സി. സെക്രട്ടറി നയിക്കുന്ന സ്ഥാപനമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ഗൺമാനായി പ്രവർത്തിച്ചിരുന്ന ആളാണ് സൊസൈറ്റിയുടെ തലപ്പത്ത് ഉള്ളത്.

എന്നാൽ തൊഴിലാളികൾ പറയുന്നതനുസരിച്ച് തൊഴിൽ ഉടമയായ കാൻസർ സെന്റർ പ്രിൻസിപ്പൽ, തൊഴിലാളിക്ക് 450 രൂപയോളം ദിവസ വേതനം നൽകുന്നുണ്ട്. എന്നാൽ സൊസൈറ്റി ഇവർക്ക് നൽകുന്നത് 300 രൂപ മാത്രം.മാത്രമല്ല പ്രൊവിഡണ്ട് വിഹിതമായി മാനേജ്മെന്റ് ഒന്നും അടയ്ക്കുന്നില്ല.

തൊഴിലാളി വിഹിതവും മാനേജ്മെന്റ് വിഹിതവും 300 രൂപ തൊഴിലാളി തന്നെ അടയ്ക്കണം. ഇതിൽ പ്രതികരിച്ചതിനാണ് കാൻസർ സെന്ററിൽ നിന്നും പിരിച്ചു വിടൽ നടപടി ആരംഭിക്കുന്നത്. മൂന്ന് വർഷം മുതൽ ആറ് വർഷത്തിലേറെ സേവനമനുഷ്ഠിച്ച തൊഴിലാളികളെയാണ് ഇപ്പോൾ പിരിച്ചു വിട്ടത്. കാൻസർ സെന്റർ ആരേയും പിരിച്ചു വിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കരാർ കാലവധി കഴിഞ്ഞ് പിരിഞ്ഞ് പോകാൻ അവർ ബാധ്യസ്ഥരുമാണ്.

എന്നാൽ വർഷങ്ങളോളം പണിയെടുത്ത തങ്ങൾ കാൻസർ സെന്ററിലെ വേദനയും ദുരിതവും കണ്ടവരാണ്. ഈ സ്ഥാപനവുമായി ഇഴുകി ചേർന്നവർ സാഹചര്യം കൊണ്ട് അവധിപോലുമെടുക്കാതെ ജോലി ചെയ്തിരുന്നു. ദുഃഖവും മരണവും കണ്ടാണ് ഞങ്ങൾ ജോലി ചെയ്തത്. എന്നിട്ടും തങ്ങളുടെ ജോലി പോയാൽ ജീവിതം തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. മതിയായ പരിചയമില്ലാത്ത ആരു വന്നാലും അതിന്റെ പീഡനമനുഭവിക്കുന്നത് അവശരും ആലംബഹീനരുമായ രോഗികളാണ്. കഴിഞ്ഞ ദിവസം സമരം ചെയ്ത നാല് വനിതാ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഇവിടെയുണ്ടായി. ജോലിക്ക് കയറാൻ വന്ന കുടുംബശ്രീ കരാറുകാരെ തടഞ്ഞതാണ് പ്രശ്ന കാരണം.

അതേ സമയം സമരത്തെ അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും ഉണ്ടായി. പിരിച്ചു വിട്ട 19 പേരിൽ രണ്ടു പേർ ഇന്നലെ സിഐടി.യു ഭാഷയിൽ പറഞ്ഞാൽ കരിങ്കാലികളായി. എന്തു വന്നാലും സമരം ശക്തമാക്കുമെന്ന് തന്നെയാണ് സിഐടി.യു നിലപാട്. നിരവധി തവണ ലേബർ ഓഫീസറുമായി ചർച്ച നടത്തിയെങ്കിലും ഇനിയും പ്രശ്ന പരിഹാരം ഉണ്ടായില്ല. മലബാർ കാൻസർ സെന്ററിലെ സമരത്തിന് പ്രദേശവാസികളും പിൻതുണ നൽകുകയാണ്. എസ്.എൻ.സി. ലാവലിൻ ഇടപാടിലെ കമ്മീഷൻ വഴിയാണ് മലബാർ പ്രദേശത്തെ കാൻസർ രോഗികൾക്കു വേണ്ടി തലശ്ശേരി കോടിയേരിയിൽ ഈ സ്ഥാപനം പടുത്തുയർത്തിയത്