- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദിക്കാനും പറയാനും ആരുമില്ല; തിരക്കുള്ളപ്പോൾ ബസുമില്ല ഓടിക്കാൻ ഡ്രൈവറുമില്ല; എല്ലാം നോക്കി നടത്താൻ വെഹിക്കിൾ ഇൻസ്പക്ടറും കൺട്രോളിങ് ഇൻസ്പക്ടറുമില്ല; കഴിഞ്ഞ മകരവിളക്ക് നാളിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിൽ തെക്ക് വടക്ക് നടന്ന അനുഭവം ഈ വട്ടം പത്തനംതിട്ട ഡിപ്പോയിൽ ആവർത്തിക്കുമെന്ന് ഭയന്ന് ശബരിമല തീർത്ഥാടകർ
പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് ദിവസം രാത്രിയിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിലെ ദുരിതം ആരും മറന്നു കാണില്ല. ബസുകൾ ഒരിടത്തേക്കും അയയ്ക്കാൻ കഴിയാതെ ഉത്തരവാദിത്ത്വപ്പെട്ടവർ കാടുകയറിയപ്പോൾ കണക്ടിങ് ട്രെയിനും ഫ്ളൈറ്റും കിട്ടാതെ ഇതരസംസ്ഥാനക്കാർ വലഞ്ഞ ദിവസം. ഏതാണ്ടിതേ അനുഭവം ഇക്കുറി മകരവിളക്കിന് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ആവർത്തിച്ചേക്കും. ആ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പമ്പ സ്പെഷ്യൽ സർവീസിന് നിയോഗിക്കപ്പെട്ട ഏകോപന വിങ് പൊളിച്ചടുക്കി കഴിഞ്ഞു. ബസ് അയയ്ക്കാനും ജീവനക്കാരെ നിയോഗിക്കാനും തലപ്പത്ത് ആരുമില്ലാതെ വന്നതോടെ ഇപ്പോഴേ തീർത്ഥാടകർ ദുരിതത്തിലാണ്. പമ്പ സർവീസുകൾ ഏകോപിപ്പിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥരെ ഓരോന്നായി പിൻവലിക്കുകയാണ്. ചീഫ് ഓഫീസിൽ നിന്നുള്ള ചില ഉദ്യോഗസ്ഥരാണ് ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പമ്പ സർവീസിനുള്ള സംസ്ഥാനത്തെ ഏക ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് പത്തനംതിട്ട ഡിപ്പോയെയാണ്. ഇവിടെ സർവീസുകൾ ഏകോപിപ്പിക്കുന്നതിനായി വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ
പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് ദിവസം രാത്രിയിൽ പമ്പ കെഎസ്ആർടിസി ഡിപ്പോയിലെ ദുരിതം ആരും മറന്നു കാണില്ല. ബസുകൾ ഒരിടത്തേക്കും അയയ്ക്കാൻ കഴിയാതെ ഉത്തരവാദിത്ത്വപ്പെട്ടവർ കാടുകയറിയപ്പോൾ കണക്ടിങ് ട്രെയിനും ഫ്ളൈറ്റും കിട്ടാതെ ഇതരസംസ്ഥാനക്കാർ വലഞ്ഞ ദിവസം. ഏതാണ്ടിതേ അനുഭവം ഇക്കുറി മകരവിളക്കിന് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ആവർത്തിച്ചേക്കും. ആ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
പമ്പ സ്പെഷ്യൽ സർവീസിന് നിയോഗിക്കപ്പെട്ട ഏകോപന വിങ് പൊളിച്ചടുക്കി കഴിഞ്ഞു. ബസ് അയയ്ക്കാനും ജീവനക്കാരെ നിയോഗിക്കാനും തലപ്പത്ത് ആരുമില്ലാതെ വന്നതോടെ ഇപ്പോഴേ തീർത്ഥാടകർ ദുരിതത്തിലാണ്. പമ്പ സർവീസുകൾ ഏകോപിപ്പിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥരെ ഓരോന്നായി പിൻവലിക്കുകയാണ്. ചീഫ് ഓഫീസിൽ നിന്നുള്ള ചില ഉദ്യോഗസ്ഥരാണ് ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
പമ്പ സർവീസിനുള്ള സംസ്ഥാനത്തെ ഏക ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് പത്തനംതിട്ട ഡിപ്പോയെയാണ്. ഇവിടെ സർവീസുകൾ ഏകോപിപ്പിക്കുന്നതിനായി വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിങ് ഇൻസ്പെക്ടർ എന്നിവരെ വർഷങ്ങളായി നിയോഗിച്ചു പോരുകയാണ്. ഇവർക്ക് പമ്പയിലേക്ക് ബസുകൾ അയയ്ക്കുക എന്ന ചുമതല മാത്രമാണുള്ളത്. ഇത്തവണയും മൂന്നു ഉദ്യോഗസ്ഥരെ ഈ തസ്തികയിലേക്ക് നിയോഗിച്ചിരുന്നു.
ഡ്രൈവർമാരെ സർവീസിന് അയയ്ക്കുകയാണ് വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതല. കണ്ടക്ടർമാർക്ക് കുറവുണ്ടാകാതെ നോക്കേണ്ടത് സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയാണ്. ഇവർക്ക് രണ്ടിനും മുകളിലാണ് കൺട്രോളിങ് ഇൻസ്പെക്ടറുടെ സ്ഥാനം. പമ്പ സർവീസിന് ബസുകൾ നൽകേണ്ടത് കൺട്രോളിങ് ഇൻസ്പെക്ടറാണ്. ഈ മൂന്നുപേരും ഏകോപിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ സർവീസുകൾ കാര്യക്ഷമമായി നടക്കുകയുള്ളൂ.
ഇത്തവണ തീർത്ഥാടന കാലം തുടങ്ങിയപ്പോൾ സർവീസുകൾ എല്ലാം കാര്യക്ഷമമായി അയച്ചിരുന്നു. തീർത്ഥാടകർ എത്തുന്നത് അനുസരിച്ച് ഓരോ റൂട്ടുകളിലേക്ക് ബസുകൾ അയയ്ക്കുന്നതാണ് ഇവിടുത്തെ രീതി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമുള്ള ഡിപ്പോകളായി കെഎസ്ആർടിസി കാണുന്നത് തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോട്ടയം, എരുമേലി, കുമളി, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവയാണ്. സ്പെഷ്യൽ സർവീസുകൾ മറ്റ് റൂട്ടിലേക്ക് കൂടുതൽ അയയ്ക്കുന്നത് പത്തനംതിട്ടയിൽ നിന്നുമാണ്.
എരുമേലിക്കും പമ്പയ്ക്കും പന്തളത്തിനുമൊക്കെ പോകേണ്ടവർ പത്തനംതിട്ടയിൽ എത്തി ആവശ്യപ്പെടുമ്പോഴാണ് സർവീസുകൾ അയയ്ക്കുന്നത്. നിലവിൽ ഈ ഡിപ്പോയിൽ 35 ഡ്രൈവർമാരുടെ കുറവുണ്ട്. എന്നാൽ, അതൊന്നും ആദ്യ ആഴ്ചകളിൽ തീർത്ഥാടനത്തെ ബാധിച്ചിരുന്നില്ല. മറ്റു ഡിപ്പോകളിൽ നിന്ന് ശബരിമല തീർത്ഥാടനത്തിനായി ബസുകൾ എത്തിച്ചിട്ടുണ്ട്. ഡ്രൈവർമാരെ അധികമായി നിയോഗിച്ചിട്ടുമില്ല.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽപ്പോകുന്ന ഡ്രൈവർമാരെ ബാറ്റയും മറ്റൊരു ദിവസം ഡ്യൂട്ടി ഓഫും വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പമ്പയിലേക്കും മറ്റ് സർവീസുകളിലേക്കും വിടുകയാണ് വെഹിക്കിൾ ഇൻസ്പെക്ടർ ചെയ്യുന്നത്. തീർത്ഥാടനകാലം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഏകോപനത്തിന്റെ നെടുംതൂണായ കൺട്രോളിങ് ഇൻസ്പെക്ടറെ ഒഴിവാക്കി. ഇതിനെതിരേ തൊഴിലാളി യൂണിയനുകൾ സംയുക്തമായി പ്രതിഷേധിച്ചതോടെ പുതിയ ആളെ നിയമിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അതുണ്ടായില്ല. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും രാത്രി പത്തിനും 12 നും ഇടയിൽ തീർത്ഥാടകർ ഡിപ്പോയും റോഡും ഉപരോധിച്ചു.
തിരക്കുള്ളപ്പോൾ പമ്പയ്ക്ക് ബസ് വിടുന്നില്ല എന്ന് ആരോപിച്ചായിരുന്നു ഉപരോധം. കൺട്രോളിങ് ഇൻസ്പെക്ടർ ഇല്ലാതെ പോയതാണ് ബസ് അയയ്ക്കുന്നതിന് വിഘാതമായത്. മണിക്കൂറുകൾക്ക് ശേഷം ബസുകൾ അയച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇതു പലതവണ ആവർത്തിച്ചിട്ടും കൺട്രോളിങ് ഇൻസ്പെക്ടറെ നിയോഗിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, ശനിയാഴ്ച മുതൽ വെഹിക്കിൾ സൂപ്പർവൈസറെയും പിൻവലിച്ചിരിക്കുകയാണ്. മകരവിളക്ക് ദിവസം 900 ബസുകളാണ് ഡിപ്പോയിൽ നിന്ന് അയയ്ക്കേണ്ടത്. അന്നാകും ഇതിന്റെ ഭവിഷ്യത്ത് ഏറെയും അനുഭവിക്കാൻ പോകുന്നത്. ഏകോപനമില്ലാതെ വന്നാൽ കഴിഞ്ഞ തവണത്തേതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു.