- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിയെടുത്ത് നടുവൊടിഞ്ഞ് വില്ലേജ് ഓഫീസുകൾ; ഓഫീസറും ഒരുജീവനക്കാരനും മാത്രമായി സംസ്ഥാനത്ത് 36 വില്ലേജ് ഓഫീസുകൾ; സർട്ടിഫിക്കറ്റുകൾക്കായി ജനം നെട്ടോട്ടമോടുന്നു; മറ്റുവകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുത്തനെ കൂട്ടിയിട്ടും, വില്ലേജ് ഓഫീസുകളോട് മുഖം തിരിച്ച് സർക്കാർ
തിരുവനന്തപുരം: സർക്കാരുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും പൊതുജനത്തിന് വില്ലേജ് ഓഫീസുകളെ ആശ്രയിക്കാതെ വയ്യ. അപ്പോൾ, വില്ലേജ് ഓഫീസുകളിൽ ആളില്ലെന്നായാലോ? ഓഫീസറും ഒരു ജീവനക്കാരനും മാത്രമായി സംസ്ഥാനത്ത് 36 വില്ലേജ് ഓഫീസുകൾ എന്ന് കേൾക്കുമ്പോൾ തന്നെയറിയാം, അവിടുത്തെ സാധാരണക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. കരമൊടുക്കൽ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഫാമിലി മെമ്പർഷിപ്പ്, പോക്കുവരവ്, നോൺ - റീമാര്യേജ് സർട്ടിഫിക്കറ്റ് എന്നിവർക്ക് പുറമേ ലൈഫ് മിഷന്റെ അപേക്ഷകരുടെയും തിരക്ക് വില്ലേജ് ഓഫീസുകളെ വീർപ്പുമുട്ടിക്കുന്ന കാലാണ്, എന്നാൽ സാധാരണ നിലയിൽ വളരെ കുറഞ്ഞ ദിവസം കൊണ്ട് ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ഇപ്പോൾ അനന്തമായി നീളുന്ന അവസ്ഥയാണ്.
വില്ലേജ് ഓഫീസുകളിൽ, 1969-ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ഓഫീസർ അടക്കം അഞ്ച് ജീവനക്കാരാണ് വേണ്ടത്. ഓഫീസറും, ഒരുജീവനക്കാരനും മാത്രമായി കൂടുതൽ സമയം പണിയെടുക്കലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് അടക്കം കൊടുത്തുതീർക്കാൻ എത്ര പാടുപെടുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
വില്ലേജ് ഓഫീസർ-ഒന്ന്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ-ഒന്ന്, വില്ലേജ് അസിസ്റ്റന്റ്-ഒന്ന്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്-രണ്ട് എന്നിങ്ങനെയാണ് ഒരു ഓഫീസിൽ വേണ്ടത്. ഓഫീസർ അടക്കം നാല് ജീവനക്കാർ മാത്രമുള്ള 468 വില്ലേജ് ഓഫീസുകൾ സംസ്ഥാനത്തുണ്ട്. മൂന്ന് ജീവനക്കാർ മാത്രമുള്ള വില്ലേജ് ഓഫീസുകളുടെ എണ്ണം 115 ആണ്. നിലം തരംമാറ്റൽ അടക്കമുള്ള ജോലികൾ വന്നതോടെ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് ഫീൽഡ് സന്ദർശനം കൂടുതലായി ആവശ്യമായിട്ടുണ്ട്. ജീവനക്കാരുടെ കുറവ് ഇത്തരം ജോലികളെ കാര്യമായി ബാധിക്കുന്നു എന്നു പറയാതെ വയ്യ,
ഗ്രൂപ്പ് വില്ലേജുകൾ അടക്കം 1,666 ഓഫീസുകളാണ് കേരളത്തിലുള്ളത്. ഒന്നിലധികം വില്ലേജുകളുടെ ചുമതല ഒരു ഓഫീസർക്കുള്ള ഇടങ്ങളിൽ വിഭജനം നടത്തിയെങ്കിലും ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 46.7 ശതമാനം വില്ലേജ് ഓഫീസുകളും പ്രവർത്തിക്കുന്നത് 1969-ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ഉണ്ടാകേണ്ട ജീവനക്കാരില്ലാതെയാണ്.
1969-ൽ നിന്ന് ജനസംഖ്യ ഓരോ വില്ലേജിലും പത്തുമടങ്ങ് കൂടിയിട്ടും പുതിയ സ്റ്റാഫ് പാറ്റേണിനെപ്പറ്റി ആലോചന പോലുമുണ്ടായിട്ടില്ല. അന്നുണ്ടായിരുന്ന നിയമങ്ങളിൽ ദുരന്തനിവാരണ നിയമം ഉൾപ്പെടെ 10 ഇരട്ടി പുതിയ നിയമങ്ങൾ ഇപ്പോഴുണ്ട്. മറ്റു വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കൂട്ടുകയും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടും വില്ലേജ് ഓഫീസുകളോട് ചിറ്റമ്മ നയമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ വിശദമായ പഠനത്തിന്റെയടിസ്ഥാനത്തിൽ പത്താം ശമ്പളക്കമ്മീഷൻ ഓരോ വില്ലേജിലും വില്ലേജ് അസിസ്റ്റന്റുമാരുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നാളിതുവരെ ഒരു തസ്തിക പോലും വില്ലേജ് ഓഫീസുകളിൽ പുതുതായി സൃഷ്ടിച്ചിട്ടില്ല. ഇടക്കാലത്ത് ഭൂമി തരംമാറ്റം എന്ന പേരിൽ പിൻവാതിൽ നിയമനങ്ങൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. എന്തായാലും, ജനങ്ങളെ കരുതിയെങ്കിലും, റവന്യ വകുപ്പ് വില്ലേജ് ഓഫീസുകളിൽ, പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തയ്യാറാകേണ്ടതുണ്ട്
മറുനാടന് മലയാളി ബ്യൂറോ