ന്യൂയോർക്ക്: അതിർത്തിയിൽ ഇനി ഇന്ത്യയും ചൈനയും ഭായി-ഭായി ആയി മാറും. ലഡാക് അതിർത്തിയിലെ സംഘർഷമവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യയുടേയും ചൈനയുടേയും തീരുമാനം. ചുമാർ മേഖലയിലെ സംഘർഷാവസ്ഥ ഒഴിവാക്കും.

ന്യൂയോർക്കിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ ചർച്ചയിലാണ് ധാരണയായത്. ചർച്ചയ്ക്ക് ശേഷം ചുമാർ മേഖലയിൽ കടന്നുകയറിയ ചൈനീസ് സൈന്യം പിന്മാറുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ന്യൂയോർക്കിൽ ഐക്യ രാഷ്ട്ര പൊതുസഭയ്ക്കിടെയായിരുന്നു ചർച്ച. ഇന്നു മുതൽ ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു തുടങ്ങും. സെപ്റ്റംബർ 30തോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ചുമാറിലുണ്ടായ സംഭവങ്ങൾ ദൗർഭാഗകരമായിരുന്നുവെന്നും ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനായത് ഇന്ത്യയുടെ നേട്ടമാണെന്നും സുഷമ സ്വരാജ് അറിയിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ചൈനയുടെ 1,000ഓളം വരുന്ന പട്ടാളക്കാർ ചുമാർ മേഖലയിൽ നുഴഞ്ഞുകയറ്റം നടത്തിയത്. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് അഞ്ചു കിലോമീറ്റർ വരെ പീപ്ൾസ് ലിബറേഷൻ ആർമി കടന്നുകയറി. നിർമ്മാണപ്രവർത്തനങ്ങളും നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് 1,000 സൈനികരെ കരുതലെന്ന നിലയിൽ ഇന്ത്യയും നിയോഗിച്ചു. ഹിമാചൽ പ്രദേശിനോട് ചേർന്ന്, ലഡാക്കിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ചുമാർ. ചുമാർ ചൈനയുടെ ഭൂപ്രദേശമാണെന്ന വാദം ചൈന ഉയർത്തുന്നുണ്ട്.

ചൈനീസ് പ്രസിഡന്റുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ മോദി ഇക്കാര്യം ഉന്നയിച്ചു. സേനയെ ഉടൻ പിൻവലിക്കണമെന്നും അതിർത്തി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും മോദി ആവശ്യപ്പെട്ടു. സമാധാനം ഉറപ്പാക്കാമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ നിന്ന് മടങ്ങി. തുടർന്ന് പീപ്പിൾ ലിബറേഷൻ ആർമിക്ക് ഷി ജിൻപങ്ങ് നൽകിയ നിർദ്ദേശം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി.

പ്രാദേശിക യുദ്ധത്തിന് തയ്യാറാകാനായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ നിർദ്ദേശം. ഇത് ഇന്ത്യയ്‌ക്കെതിരായ യുദ്ധഭീഷണിയായി അന്താരാഷ്ട്ര സമൂഹവും വിലയിരുത്തി. ഇതിനിടെയിലാണ് ന്യൂയോർക്കിൽ ഇന്ത്യാ-ചൈനാ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. ചുമ്മാറിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ലഡാക് മേഖലയിൽ താൽക്കാലികമായി സമാധാനമെത്തുകയാണ്. അതിർത്തിയിൽ നിന്ന് അധിക സേനയെ ഇന്ത്യയും പിൻവലിക്കും. എന്നാൽ നിരീക്ഷണ സംവിധാനങ്ങൾക്ക് കുറവ് വരുത്തില്ല.

ലഡാക്കിലെ നുഴഞ്ഞു കയറ്റം തെറ്റാണെന്ന് ചൈനയെ ബോധ്യപ്പെടുത്താൻ നയതന്ത്രചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനായി. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പ് കൂടി മനസ്സിലാക്കിയതോടെ ചുമാറിൽ നിന്ന് പിന്മാറാൻ ചൈനയും തയ്യാറായി.