- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണ യാത്രാ വിമാനങ്ങൾക്ക് പകരം ചാർട്ടേഡ് വിമാനങ്ങൾ ഇടിച്ചുകയറ്റണം; ആ പദ്ധതി പൊളിഞ്ഞാൽ അമേരിക്കൻ റെയിൽവെ ശൃംഖല തകർത്ത് കൂട്ടക്കുരുതി നടത്തണം; ഒസാമ ബിൻ ലാദൻ 9/11 ആക്രമണത്തിന് പിന്നാലെ മറ്റൊരു ആക്രമണം കൂടി പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ
വാഷിങ്ടൺ: ഒസാമ ബിൻ ലാദൻ 9/11 ആക്രമണം എന്നറിയപ്പെടുന്ന 2001, സെപ്റ്റംബർ 11 ലെ ഭീകരാക്രമണം കൊണ്ട് തൃപ്തനായിരുന്നില്ല. മറ്റൊരു സമാന ആക്രമണം കൂടി ആ ഭീകരൻ പദ്ധതിയിട്ടിരുന്നു. 3000 പേരുടെ ജീവനെടുത്ത ഇരട്ട ടവർ ആക്രമണം കൊണ്ടൊന്നും ലാദൻ തൃപ്തനായിരുന്നില്ല എന്നുചുരുക്കം. അമേരിക്കയ്ക്ക് കൂടുതൽ നാശം വരുത്താൻ, കൂടുതൽ നിരപരാധികളെ കൊന്നൊടുക്കുക എന്ന വിചിത്ര ചിന്തയായിരുന്നു ലാദനെ ഭരിച്ചിരുന്നത്. എന്നാൽ, അമേരിക്ക ലാദന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
2011 ൽ ബിൻ ലാദനെ വകവരുത്തിയ ശേഷം യുഎസ് നേവി സീൽസ് പുറത്തുവിട്ട ഡീക്ലാസിഫൈഡ് രേഖകളിലാണ് വിവരങ്ങൾ ഉള്ളത്. 9/11 ആക്രമണത്തിന്റെ തുടർച്ചയായി യാത്രാ വിമാനങ്ങൾക്ക് പകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പ്ലാൻ.
അൽഖ്വായ്ദയെ കുറിച്ച് ആഴത്തിൽ പഠിച്ച ഇസ്ലാമിക പണ്ഡിതയും, എഴുത്തുകാരിയും ആയ നെല്ലി ലാഹൂദ് പാക്കിസ്ഥാനിൽ നിന്ന് നേവി സീലുകൾ പിടിച്ചെടുത്ത ഒസാമയുടെ ആയിരക്കണക്കിന് പേജുവരുന്ന വ്യക്തിപരമായ കത്തുകളും, കുറിപ്പുകളും മറ്റും പരിശോധിച്ചിരുന്നു. സിബിഎസിന് നൽകിയ ഒരു മണിക്കൂർ അഭിമുഖത്തിൽ, അവർ ഇക്കാര്യങ്ങൾ തുറന്നുപറയുന്നു. അമേരിക്ക തങ്ങൾക്കെതിരെ വീണ്ടും യുദ്ധത്തിന് ഇറങ്ങി പുറപ്പെടുമെന്ന് അൽഖ്വായ്ദ പ്രതീക്ഷിച്ചിരുന്നില്ല.
അഫ്ഗാനിസ്ഥാനിൽ, യുദ്ധം കൊടുമ്പിരി കൊണ്ടതോടെ, സെപ്റ്റംബർ 11 ആക്രമണങ്ങളോടുള്ള അമേരിക്കക്കാരുടെ പ്രതികരണത്തിൽ ലാദന് അദ്ഭുതം തോന്നിയിരുന്നതായി കത്തുകളിൽ സൂചനയുണ്ട്. അമേരിക്കക്കാർ വലിയ തോതിൽ തെരുവിൽ ഇറങ്ങുമെന്നും, അതുവഴി അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിന്മാറാൻ സമ്മർദ്ദം ചെലുത്തും എന്നുമായിരുന്നു ലാദന്റെ കണക്കുകൂട്ടൽ. അത് ലാദന്റെ ഭാഗത്ത് നിന്ന് വന്ന വലിയൊരു തെറ്റായ കണക്കുകൂട്ടലായിരുന്നു, ലാഹൂദ് പറഞ്ഞു.
അൽഖ്വായ്ദ ഗൂപ്പ് അംഗങ്ങൾക്ക് ലാദൻ അയച്ച കത്തുകൾ പ്രകാരം, ഒളിവിൽ കഴിയവേ, തന്റെ കൂട്ടാളികളുമായി ലാദൻ മൂന്നുവർഷത്തോളം ആശയ വിനിമയം നടത്തിയതേയില്ല. 2004 ലാണ് ലാദൻ വീണ്ടും ഭീകര ശൃംഖലയുമായി ബന്ധപ്പെടുന്നത്. അപ്പോഴാണ് അമേരിക്കയെ ആക്രമിക്കാനുള്ള രണ്ടാം പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
9/11 ആക്രമണം ആവർത്തിക്കാൻ വളരെ അധികം ഉത്സാഹം കാട്ടിയിരുന്നു എങ്കിലും, വിമാനത്താവളങ്ങളിലെയും മറ്റും കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കുക എളുപ്പമല്ലെന്ന് അറിയാമായിരുന്നു. ഒരു യാത്രാ വിമാനത്തിന് പകരം ചാർട്ടർ വിമാനം ഉപയോഗിക്കാൻ ആയിരുന്നു ആലോചന. വിമാനാക്രമണം ബുദ്ധിമുട്ടാണെങ്കിൽ, യുഎസ് റെയിൽവെയേ ലക്ഷ്യം വയ്ക്കണമെന്ന് ലാദൻ കൂട്ടാളികളോട് നിർദ്ദേശിച്ചു.
സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന ലാദന് റെയിൽവെ ആക്രമണം നടത്തേണ്ടത് എങ്ങനെയെന്നും നല്ല നിശ്ചയം ഉണ്ടായിരുന്നു. ഉരുക്ക് റെയിൽ 12 മീറ്ററോളം മുറിച്ച് മാറ്റാനായിരുന്നു ലാദന്റെ പ്ലാൻ. അങ്ങനെ ട്രെയിൻ പാളം തെറ്റിച്ച് ആളുകളെ കൊന്നൊടുക്കാനായിരുന്നു പദ്ധതി. കംപ്രസറോ, സ്മെൽറ്റിങ് അയണോ ഉപയോഗിച്ച് നിസ്സാരമായി കാര്യം സാധിക്കാമെന്നും ലാദൻ കത്തിൽ വിശദീകരിക്കുന്നുണ്ട്.
എന്തായാലും ഭാഗ്യവശാൽ ലാദന്റെ ക്രൂര പദ്ധതി നടപ്പിലായില്ല. 2002 ൽ, അൽഖ്വായ്ദ ഒരു വമ്പൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി യുഎസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നുവെന്നും രേഖകളിൽ കാണുന്നതായി നെല്ലി ലാഹൂദ് പറഞ്ഞു.
2010 ൽ മിഡിൽ ഈസ്റ്റിലെയും, ആഫ്രിക്കയിലെയും അസംസ്കൃത എണ്ണ ടാങ്കറുകളും, പ്രധാന കപ്പൽ റൂട്ടുകളും ആക്രമിക്കാനും, പദ്ധതി ഉണ്ടായിരുന്നതായി കത്തിൽ പറയുന്നു. മീൻപിടുത്തക്കാരായി വേഷം മാറി, തുറമുഖത്ത് എത്തി റഡാർ വെട്ടിച്ച് പ്രത്യേക ബോട്ടുകളിൽ സ്ഫോടക വസ്തുക്കൾ കടത്താമെന്നും ലാദൻ ക്ലാസ് നൽകി. അമേരിക്കൻ സമ്പദ് വ്യവസ്ഥ തകർക്കുക എന്നതായിരുന്നു ലാദന്റെ ലക്ഷ്യം.
നിലവിൽ, അൽഖ്വായ്ദയിലെ രണ്ടാമനായ, അയ്മൻ അൽസവാഹിരിയാണ് സംഘടനയെ നയിക്കുന്നത്. ഈ മാസം ഇയാൾ ഇസ്ലാമിന്റെ ശത്രുക്കൾക്ക് എതിരെ വീഡിയോ ഇറക്കിയിരുന്നു.
മറുനാടന് ഡെസ്ക്