- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനംപുരട്ടുന്നു..ഛർദ്ദിച്ചിട്ട് വരാം എന്ന് പറഞ്ഞ് ബസിൽ നിന്നിറങ്ങി പോയി; പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ ബസിൽ കയറി ഇരുന്നു; യാത്രയ്ക്കിടെ തോടിനരുകിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് പിന്തുടർന്ന് പിടികൂടി; പാലക്കാട്ടും അങ്കമാലിയിലും ആയി നടന്ന സംഭവങ്ങൾ ഇങ്ങനെ
പാലക്കാട്: യാത്രക്കിടെ തോടിനരുകിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന കളഞ്ഞ മാതാവിനെ പൊലീസ് ബസ് തടഞ്ഞ് നിർത്തി കസ്റ്റഡിയിലെടുത്തു. പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനിരികിലാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പശ്ചിമബംഗാൾ സ്വദേശിനിയായ മാതാവിനെയാണ് അങ്കമാലിക്ക് സമീപം വച്ച് പൊലീസ് ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇവരെ അങ്കമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യസഹായം നൽകി.
ഇന്ന് രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ തോട്ടരികിൽ കണ്ടെത്തിയത്. പ്രാഥമിക ആവശ്യത്തിനെത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടു നടത്തിയ പരിശോധനയിൽ നവജാത ശിശുവിനെ കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിൽ അറിയിക്കുകയും വാളയാർ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകൾ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനത്ത് നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്.
അസം ബോർഡറിൽ നിന്നും ഇതര സംസ്ഥാനതൊഴിലാളികളെ കോതമംഗലത്തേക്ക് കൊണ്ടു വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരിയായിരുന്നു കുട്ടിയുടെ മാതാവായ ബംഗാൾ സ്വദേശിനി. ഇതര സംസ്ഥാനത്ത് നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായുള്ള വിവരത്തെ തുടർന്ന് ഈ വാഹനം പേട്ടക്കാട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ ഒരു യുവതി ഛർദ്ദിക്കാനായി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതായി വിവരം ലഭിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ മാതാവ് ഈ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയാകാമെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. തുടർന്ന് എത്രയും വേഗം കണ്ടെത്താനായി തൃശൂർ, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വയർലെസ്സ് സന്ദേശം അയച്ചു.
വയർലെസ്സ് സന്ദേശം ലഭിച്ചതിനെ തുടർന്ന് അങ്കമാലി പൊലീസ് ദേശീയപാതയിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ വാഹനം പൊലീസ് തടയുകയും വാഹനത്തിലുള്ളവരെ പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ശരീരത്തിലും വസ്ത്രങ്ങളിലും രക്തം കണ്ടെത്തിയ യുവതിയെ പൊലീസ് ചോദ്യം ചെയ്തതോടെ സത്യം പുറത്തു വന്നു. ഉടൻ തന്നെ ഇവരെ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്. നേരത്തെ ആലുവയിൽ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധുവായ യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പി.എച്ച്.സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചു.
യുവതിയെ കുഞ്ഞിനടുത്തേക്ക് കൊണ്ടു എത്തിക്കാനായി വാളയാറിൽ നിന്നും പൊലീസ് സംഘം അങ്കമാലിയിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ടോടെ യുവതിയെ പാലക്കാട്ടേക്ക് കൊണ്ടു പോകും. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ബാലവാകാശ നിയമ പ്രകാരം വാളയാർ പൊലീസ് യുവതിക്കെതിരെ കേസെടുത്തു. എന്താണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണം എന്നറിയാൻ യുവതിയെ ചോദ്യം ചെയ്യണം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.