പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല....പഴഞ്ചൊല്ല് വെറുതെയായില്ല. തസ്‌കര-തട്ടിപ്പ് ലോകം ഒരു കാലത്ത് പുരുഷാധിപത്യത്തിലായിരുന്നെങ്കിൽ, തട്ടിപ്പിൽ പുരുഷന്മാരെ തോൽപിക്കുന്ന തന്ത്രങ്ങളുമായി സ്ത്രീകളും കുറ്റകൃത്യങ്ങളിൽ മുൻപന്തിയിലുണ്ടെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ കുറച്ച് കാലയളവിനുള്ളിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

ക്വട്ടേഷൻ മുതൽ ബ്ലാക്ക് മെയിലിംഗിൽ വരെ ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥയൊരുക്കിയ 'കുപ്രിസദ്ധ നായികമാരുടെ' വീരകഥകൾ നമ്മൾക്ക് പുതുമയല്ല. മുമ്പും സ്ത്രീകുറ്റവാളികൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വിവാദ തന്ത്രിക്കേസിൽ ശോഭാ ജോൺ എന്ന ക്വട്ടേഷന്റെ ലേഡിയുടെ വരവോടെയാണ് സ്ത്രീകൾ ഉൾപ്പെട്ട മാഫിയ സംഘങ്ങളുടേയും സാമ്പത്തിക കുറ്റകൃത്യങ്ങളുടേയും ബ്ലാക്ക് മെയിലിംഗിന്റെയും അറിയാകഥകൾ കേരളത്തിന് സുപരിചിതമാകുന്നത്.

ശോഭാ ജോണിൽ തുടങ്ങി സർക്കാരിന്റെ നിലനിൽപിനെ തന്നെ തുലാസിലാക്കിയ സരിതാ നായർ ഉൾപ്പെട മയൂഖിയിലെത്തി നിൽക്കുന്ന പെൺകുറ്റവാളികളിലേക്ക്.....വളയിട്ട കൈകൾ വിലങ്ങിട്ട കൈകളായതെങ്ങെന ?

കാമുകനെ വെട്ടി നുറുക്കിയ ഡോ.ഓമന

കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുന്നത് കെട്ടുകഥയായി പോലും വിശ്വസിക്കാത്ത ഒരു കാലത്ത് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു കേസായിരുന്നു ഡോ. ഓമനയുടേത്. 1996 ജൂലൈ 11ന് പയ്യന്നൂരിലെ കോൺട്രാക്ടറായ കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വച്ചു വെട്ടിനുറുക്കിയശേഷം സ്യൂട്ട്‌കേസിലാക്കി ടാക്‌സികാറിൽ വനത്തിൽ ഉപേക്ഷിക്കാൻ പോകുന്നതിനിടയിലാണ് ഡോ. ഓമന പിടിയിലാവുന്നത്. വെട്ടി നുറുക്കി പല പാക്കറ്റുകളാക്കി ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ശരീര ഭാഗങ്ങൾ എടുക്കുന്നതിനിടയിൽ ഡിക്കിയിൽ രക്തക്കറ കണ്ട ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

2001 ജനുവരി 21 ന് ജാമ്യത്തിലിറങ്ങിയ ഡോ.ഓമന ഇന്നും നിയമത്തിന്റെ കണ്ണുകളിൽ നിന്ന് അകന്നു നിൽക്കുന്നു. സംഭവം നടക്കുമ്പോൾ 43 വയസുണ്ടായിരുന്ന ഓമനയ്ക്ക് ഇപ്പോൾ 59 വയസാണ്. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നീ പേരുകളിൽ ഒളിവിൽ കഴിയുണ്ടെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഡോ. ഓമനയെ പിന്നീടൊരിക്കലും പിടികൂടാൻ പൊലീസിനായില്ല. ഒരു ഡോക്ടർ തന്റെ കാമുകനെ വിഷം കുത്തി വച്ച് കൊന്നിട്ട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഇൻഞ്ചക്ഷൻ നൽകി പല കഷണങ്ങളായി വെട്ടി മുറിച്ച് വാർത്ത അന്ന് കേരളത്തിലുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല.

അവിഹിതബന്ധം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് കാമുകനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഡോ. ഓമന തീരുമാനിച്ചത്.

ഇടനിലക്കാരി ലതാ നായർ

രാഷ്ട്രീയനേതാക്കളെ പോലും സംശയത്തിന്റെ മുൾമുനയിൽ വാർത്താലോകം നിർത്തിയ കവിയൂർ, കിളിരൂർ പീഡനകേസിലെ ഇടനിലക്കാരി ലതാനായർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് 13 വയസുള്ള അനഘ എന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിനാണ്.

2004 സെപ്റ്റംബർ 27നാണ് അനഘ, അച്ഛൻ നാരായണൻ നമ്പൂതിരി, അമ്മ ശോഭന, സഹോദരങ്ങളായ അഖില, അക്ഷയ് എന്നിവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ലതാനായർ പെൺകുട്ടിയെ പല രാഷ്ട്രീയ നേതാക്കൾക്കും കാഴ്ച വച്ചതായുള്ള ആരോപണം ഏറെ വിവാദമായിരുന്നു. കേസിൽ വി എസ് അച്യുതാന്ദന്റെ പ്രസ്താവനകളും വാർത്തയിൽ ഇടംനേടിയിരുന്നു.

ശോഭാ ജോൺ എന്ന ക്വട്ടേഷൻ ലേഡി

ക്വട്ടേഷൻ പുരുഷന്മാർക്ക് മാത്രം ഏറ്റെടുക്കാൻ പറ്റുന്ന ജോലിയല്ലെന്ന് കേരളത്തിന്
കാട്ടികൊടുത്തത് തന്ത്രിക്കേസിലൂടെ ശോഭാ ജോണാണ്. ശോഭാ ജോണിന് കേരള പൊലീസ് അറിഞ്ഞ് നൽകിയ വിശേഷണം ഇങ്ങനെ ' കേരളത്തിലെ ആദ്യത്തെ സ്ത്രീ ഗുണ്ടാ നേതാവ് '. ശബരിമല തന്ത്രി കണ്ഠരരര് മോഹനരെ പാലാരിവട്ടത്തെ വച്ച് ഭീഷണിപ്പെടുത്തി 30 പവനും സ്വർണവും മോഷ്ടിച്ചതിനു അറസ്റ്റിലായതോടെയാണ് ശോഭാ ജോൺ എന്ന പേര്‌ കുപ്രസിദ്ധിയാർജിക്കുന്നത്. പിന്നീട് വരാപ്പുഴ പീഡനകേസിലും മുഖ്യപ്രതിയായ ശോഭാ ജോൺ ഇപ്പോൾ ജയിലിലാണ്.

ഹയറുന്നിസ എന്ന സ്പിരിറ്റ് താത്ത

സ്പിരിറ്റ് കടത്തും കച്ചവടവും പുരുഷന്മാർ കുത്തകയാക്കി വച്ചിരുന്ന കാലത്ത് പുരുഷന്മാരെ പോലും അമ്പരിപ്പിച്ചു കൊണ്ട് സ്പിരിറ്റ് കടത്തും കച്ചവടവും നടത്തിയത് പേരെടുത്ത സ്ത്രീയായിരുന്നു കല്ലുവാതുക്കൽ ഹയറുന്നീസ. വർഷങ്ങളോളം പൊലീസിനെയും എക്‌സൈസിനെയും കയ്യിലെടുത്ത് സ്പിരിറ്റ് മാഫിയുടെ തലപ്പത്ത് രാജ്ഞിയായിരുന്ന ഹയറുന്നിസ കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തോടെയാണ് അകത്താകുന്നത്. 2000ത്തിലാണ് സംസ്ഥാനത്തെ നടുക്കിയ കല്ലുവാതുക്കൽ, പള്ളിക്കൽ പ്രദേശങ്ങളിലായിരുന്നു വിഷമദ്യദുരന്തം ഉണ്ടായത്. കേസിൽ ശിക്ഷിച്ചെങ്കിലും അസുഖബാധിതയായി ജയിലിൽ വച്ച് മരിച്ചു.

കാരണവർ കേസിലെ വില്ലത്തി

ചെറിയനാട് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവരെ കാലപുരിക്കയച്ച മരുമകൾ ഷെറിനാണ് ഈ കേസിലെ വില്ലത്തി. ഇരുപത്തിയേഴുകാരിയായ ഷെറിൻ മറ്റു മൂന്നു പേരുമായി ചേർന്ന് ഭർത്താവിന്റെ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2009 നവംബർ എട്ടിനു രാവിലെയായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്.

കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടർന്നാണ് മരുമകൾ ഷെറിൻ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു. അമേരിക്കയിൽ നിന്നെത്തി നാട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയായ ഷെറിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

വാണിഭക്കാരി സൗദ

ഷാർജ പെൺവാണിഭക്കേസിലെ മുഖ്യപ്രതിയാണ് സൗദ ബിവി. വിദേശത്ത് ജോലസി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിന് കൈമാറിയതിലൂടയാണ് സൗദ എന്ന കുറ്റവാളിയുടെ തനിനിറം പുറത്തറിയുന്നത്.

പത്തനംതിട്ട സ്വദേശിയായ യുവതിയെ ജോലി വാഗാദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി പെൺവാണിഭ സംഘത്തിന് കൈമാറിയെന്നാണ് കേസ്. പത്തനംതിട്ട സ്വദേശിയായ യുവതിയെ ഷാർജയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടു പോയ ശേഷം പെൺവാണിഭ സംഘത്തിന് കൈമാറി. 2007 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

എന്നാൽ പൊലീസ് പ്രതികളെ സഹായിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ആറ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അഞ്ച് വർഷം തടവാണ് സൗദയ്ക്ക് കോടതി വിധിച്ചത്.

സ്വർണം മോഹിച്ച ഫിറമോസ

സ്വർണക്കടത്തു സംഘത്തിന്റെ വിശ്വസ്തയായ ഹംസമായിരുന്നു ഫിറമോസ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ ഫിറമോസ കള്ളക്കടത്ത് സംഘങ്ങൾക്കായി ഒഴുക്കിയ കോടികളുടെ സ്വർണമാണ്. എയർഹോസ്റ്റസ് ജോലിയിലിരിക്കെയാണ് സുഹൃത്ത് റാഹിലയുമൊത്ത് ഫായിസിനു വേണ്ടി സ്വർണം കടത്തിയത്. കുറഞ്ഞ കാലയളവിനുള്ളിൽ നാൽപത് കിലോ സ്വർണമാണ് ഇരുവരും കൂടി ഫയാസിനു വേണ്ടി കടത്തിയത്. കോഫപോസ കുറ്റം ചുമത്തിയാണ് പ്രതികളെ ജയിലിൽ അടച്ചിരിക്കുന്നത്.

സോളാറിൽ തിളങ്ങിയ സരിത

സരിതാ നായർ എന്ന പേര് കേട്ടാൽ പലരും ഉറക്കത്തിൽ പോലും ഞെട്ടിയുണരുന്ന ഒരു സമയം കേരളത്തിലുണ്ടായിരുന്നു. സോളാർ കേസിലൂടെ സരിതാനായർ സർക്കാരിനെ പോലും തുലാസിൽ നിർത്തിയപ്പോൾ സോളാർ കേസ് വെറുമൊരു തട്ടിപ്പ് കേസല്ലാതായി മാറി. ജയിലിലിൽ പോലും വസ്ത്രധാരണത്തിന് മുൻഗണന കൊടുത്ത സരിതാ നായർ സാമ്പത്തിക തട്ടിപ്പിലൂടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. തന്നെ ലൈംഗിമായി മന്ത്രിമാരടക്കം പീഡിപ്പിച്ചിട്ടുണ്ടെന്ന വാർത്ത വലിയ കോളിളക്കം സൃഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസു പോലും സരിതയുടെ പ്രസ്താവനകളിൽ കുലുങ്ങി. ജയിലിൽ വച്ച് തന്നെ പല കേസുകളും ഒത്തുതീർപ്പാക്കാൻ കഴിഞ്ഞെന്നാണ് സോളാർ സരിതയുടെ നേട്ടം.

ബ്ലാക്ക് മെയിൽ സിസ്‌റ്റേഴ്‌സ്

വമ്പന്മാരെ വശീകരിച്ച് ഫ്ളാറ്റിലെത്തിച്ച് കിടപ്പറരഹസ്യങ്ങൾ പകർത്തിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്ത് കോടികൾ തട്ടിയെടുത്താണ് കൊച്ചിയിൽ ബിന്ധ്യാസും ററുക്‌സാനയും തട്ടകം ഉറപ്പിച്ചത്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇരുവരെയും അറസ്റ്റ് ചെയ്യാൻ കൊച്ചി സ്ിറ്റി പൊലീസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും വളരെ നാടകീയമായി കൊച്ചി കമ്മീഷണർ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. വൻ ബിസിനസുകാരെ കുടുക്കിൽ ചാടിച്ച് കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്.

വിവാഹം വീക്ക്‌നെസ് ആയ ശാലിനി

പുനർവിവാഹ പരസ്യങ്ങളാണ് തട്ടിപ്പ് കാരി ശാലിനിയുടെ വീക്ക്‌നെസ്. കൊല്ലം ആക്കൽ സ്വദേശിയായ ശാലിനി പത്രങ്ങളിൽ വരുന്ന പുനർവിവാഹ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരെ വിവാഹത്തിലൂടെ കെണിയിൽ പെടുത്തിയിട്ടുണ്ടെങ്കിലും കോട്ടയത്ത് മധ്യവയസ്‌കനെ വിവാഹം ചെയ്തശേഷം സ്വർണവും പണവുമായി മുങ്ങിയ കേസിലാണ് പൊലീസിന്റെ പിടി വീഴുന്നത്. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ശാലിനിയുടെ തട്ടിപ്പുകൾ. നൂറിലധികം പേരെയാണ് ശാലിനി ഇങ്ങനെ പറ്റിച്ചത്.

നസീമയുടെ കുതന്ത്രങ്ങൾ

വീട്ടുജോലിക്കാരിയായി നിന്ന് വീട്ടുകാരുടെ വിശ്വാസ്യത നേടിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച് കടന്നുകളയലാണ് നസീമയുടെ പ്രധാന തന്ത്രം. തട്ടിപ്പിൽ പൊലീസ് പിടിച്ച നസീമ ജയിലലെത്തിയതോടെ മാനസിക രോഗം അഭിനയിച്ചു തുടങ്ങി. തുടർന്ന് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഭിത്തി തുരന്ന് മുങ്ങിയ നസീമയെ ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി സ്വദേശിയ ഇവർ അറയ്ക്കൽ കുടംുബാംഗമാണെന്ന് വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പും നടത്തിയിട്ടുണ്ട്. കേരളത്തിലെ മിക്ക ജയിലുകളിലും ഇവർക്കെതിരെ കേസുണ്ട്.

സിനിമാതാരം....പക്ഷെ ലീന അതുക്കും മേലെ....

സിനിമയിൽ നിന്നുള്ള വരുമാനം തികയാതെ വന്നപ്പോൾ ലീന തിരഞ്ഞെടുത്തത് തട്ടിപ്പാണ്. കുറഞ്ഞ കാലയളവിൽ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നൽകുമെന്ന വാഗ്ദാനം നൽകി ലക്ഷങ്ങളാണ് പലരിൽ നിന്നും തട്ടിയെടുത്തത്. മദ്രാസ് കഫെ, റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടി ലീന മരിയ പോളിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത് വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസാണ്. ചെന്നൈയിലെ കാനറ ബാങ്കിൽ നിന്ന് 19 കോടി രൂപ ലോണെടുത്ത് ബാങ്കിനെ വഞ്ചിച്ചതായിരുന്നു കേസ്. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ ആഡംബര കാറുകൾ, വില കൂടിയ വാച്ചുകൾ തുടങ്ങിയവ ലീനയിൽ നിന്ന് കണ്ടെത്തിയിരുന്നു.

 ക്രൂരതയെ പോലും നാണിപ്പിച്ച അനുശാന്തി

കാമുകനെ സ്വന്തമാക്കാൻ സ്വന്തം മകളുടേയും ഭർതൃമാതാവിന്റേയും കൊലപാതകത്തിലേക്ക് നയിച്ച അനുശാന്തിയുടെ കഥ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ടെക്‌നോപാർക്കിൽ തനിക്കൊപ്പം ജോലി ചെയ്തിരുന്ന നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലായതാണ് ആറ്റിങ്ങൽ ഇരട്ടക്കൊലക്ക് കാരണമായത്.

വാട്ടസ് ആപ്പ് വഴിയായിരുന്നു അനുശാന്തിയുടേയും നിനോ മാത്യുവിന്റേയും ഓപ്പറേഷൻ. കൊല നടത്തിയതിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ അനുശാന്തി ഫോട്ടോ സഹിതം വാട്ട്‌സ്ആപ്പിലൂടെ നിനോക്ക് മെസേജേ് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. എട്ട് മാസം പ്രായം മാത്രമാണ് അനുശാന്തി-നിനോ പ്രണയത്തിനുള്ളത്. ഇതിനിടെ ഇവർ വാട്ട്‌സ് ആപ്പിലൂടെ നഗ്‌ന ചിത്രങ്ങൾ കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നു ഇരുവരും എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്.

അനുശാന്തി മൊബൈൽ ഫോണിൽ പകർത്തി നൽകിയ വഴിയും വിശദാംശങ്ങളും ഉപയോഗിച്ചാണ് നിനോ മാത്യു കൊല നടത്തിയ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്വന്തം കുഞ്ഞ് ക്രൂരമായി വധിക്കപ്പെട്ടിട്ടും യാതൊരു കുലുക്കവും ഇല്ലാതെയാണ് അനുശാന്തി പൊലീസിന്റെ ചോദ്യംചെയ്യലിനെയും കോടതിയേയും നേരിട്ടത്.

കാമത്തിനു വേണ്ടി കുഞ്ഞിനെ കൊല്ലിച്ച റാണി

കാമുകനോടൊന്നിച്ചുള്ള ജീവിതത്തിന് നാല് വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയാണ് ചോറ്റാനിക്കര സ്വദേശിയായ റാണി തന്റെ ക്രൂരത തെളിയിച്ചത്. അമ്മമാരെ നാണംകെടുത്തി സംഭവത്തിൽ അമ്മയെയും കാമുകനെയും സഹായിയെയും ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തു.

ഭർത്താവ് ഉപേക്ഷിച്ചതോടെ ഡ്രൈവർ രഞ്ജിത്തുമായി അടുപ്പത്തിലായിരുന്നു റാണി. എന്നാൽ കുട്ടിയെ ഉപേക്ഷിക്കണമെന്ന രഞ്ജിത്തിന്റെ നിർബന്ധത്തെ തുടർന്ന് മകളെ കൊല്ലാൻ അനുമതി നൽകി. ഇതെ തുടർന്ന് കാമുകനും കൂട്ടുകാരനും കൂടി കുട്ടിയെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചിട്ടു. പിറ്റേന്ന് കുട്ടിയെ കാണുന്നില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ റാണി പരാതിയും നൽകിയിരുന്നു. എന്നാൽ റാണിയുടെ പരസ്പര വിരുദ്ധമായ മറുപടികളാണ് സംഭവത്തിന്റെ ചുരുൾ നിവർത്തിയത്.

തട്ടിപ്പിന്റെ രാജ്ഞി -ദീപാ വിനയൻ

ദീപ വിനയൻ എന്ന നാൽപ്പത്തിമൂന്നുകാരിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തട്ടിപ്പ് കേസിലാണ് . എന്നാൽ ദീപാ വിനയൻ പിടിയിലായതറിഞ്ഞ് എറണാകുളം ജില്ലയിലെ സ്റ്റേഷനുകളിലേക്ക് ഫോൺ വിളികളുടെ പ്രവാഹത്തെ തുടർന്നാണ് ദീപ നെത്തോലി മീനല്ലന്ന് പൊലീസ് മനസിലാക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഭാര്യ, സീരിയൽ നടി, ഹോംസ്‌റ്റേ ഉടമ, ഇങ്ങനെ ഫോണിന്റെ അങ്ങേതലക്കൽ നിന്നും കേട്ടത് സിനിമയെ വെല്ലുന്ന കഥകൾ. ആഡംബര ജീവിതത്തിന് തട്ടിപ്പാണ് ദീപയുടെ പ്രധാന വരുമാനമാർഗം. മാക്ടയിലെ ജോലി മറയാക്കിയാണ് പലരെയും പറ്റിച്ചിരുന്നത്.