കോട്ടയം: മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ പൊലീസുകാരി മർദ്ദിച്ചു. പൊലീസ് സ്റ്റേഷനുള്ളിൽ വച്ചാണ് എഎസ്ഐയ്ക്ക് മർദ്ദനമേറ്റതെന്നാണ് റിപ്പോർട്ട്.ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ.യും ഇതേ സ്റ്റേഷനിലെ പൊലീസുകാരിയും തമ്മിലായിരുന്നു സ്റ്റേഷനുള്ളിൽ കൈയാങ്കളി. വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതി. പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തർക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു തർക്കങ്ങൾക്ക് തുടക്കം. വനിതാ പൊലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അഡീഷണൽ എസ്‌ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ ഇവർ തമ്മിൽ സംഘർഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തർക്കമുണ്ടാകുകയും വനിതാ പൊലീസുകാരി അഡീഷണൽ എസ്‌ഐ.യെ മർദിക്കുകയുമായിരുന്നു.

കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി.ക്കാണ് അന്വേഷണച്ചുമതല. സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.