മാവൂർ: ബൈക്കിൽനിന്ന് റോഡിൽ തെറിച്ചുവീണ വീട്ടമ്മ ദേഹത്ത് ബസ് കയറി മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ ബിന്ദുവാണ് (52) മരിച്ചത്. പരേതനായ ശിവദാസന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂർ കനറാ ബാങ്കിനുസമീപമാണ് അപകടം.

മകന്റെ ബൈക്കിന് പിന്നിലിരുന്ന് ചേവായൂർ ഭാഗത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മുന്നിലുള്ള കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഇവർ റോഡിൽ തെറിച്ചുവീഴുകയായിരുന്നു. ഈ സമയത്ത് എതിരേവന്ന കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ബിന്ദുവിന്റെ ദേഹത്ത് കയറിയാണ് അപകടം.

മക്കൾ: ഷിബിൻ, ഷിജിന. മരുമകൻ: പ്രശോഭ് മുണ്ടക്കൽ (സൗദി). അച്ഛൻ: വാസു. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: സുനിൽകുമാർ, അനിൽകുമാർ, സന്ധ്യ, സിന്ധു, പരേതനായ അജിത് കുമാർ.