കണ്ണൂർ: കോൺഗ്രസ് നേതാവ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു പരാതി നൽകിയ യുവതിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിനെതിരെ പരാതി നൽകിയതിനാണ് പ്രതികാര നടപടിയുമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ ഭരണസമിതിയെ അറിയിക്കാതെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

വനിതാജീവനക്കാരിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കാൻ നീക്കമുണ്ടെന്ന പരാതി ശക്തമാണ്. ആരോപണ വിധേയനായ കണ്ണൂർ കോർപറേഷൻ കിഴുന്ന വാർഡ് കൗൺസിലർ പി.വി കൃഷ്ണകുമാർ ഒളിവിലാണ്. എടക്കാട് പൊലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.

പി.വി കൃഷ്ണകുമാറിനെ ദിവസങ്ങൾക്ക് മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി അധ്യക്ഷൻ അഡ്വ.മാർട്ടിൻ ജോർജ് അറിയിച്ചിരുന്നു. കൃഷ്ണകുമാർ തമിഴ് നാട്ടിൽ ഒളിവിലാണെന്നാണ് സൂചന. കൃഷ്ണകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനും നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ 15ന് ഉച്ചയ്ക്ക് സ്ഥാപനത്തിൽവെച്ചു ആരുമില്ലാത്ത സമയത്ത് കൃഷ്ണകുമാർ മുറിയിൽ വെച്ചു തന്നെ പുറകിൽ നിന്നും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചുവെന്നാണ് പരാതി. സ്ഥാപാനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കൃഷ്ണകുമാറിനെ കൗൺസിൽ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ളാക്കഡുയർത്തി പ്രതിഷേധിച്ചിരുന്നു. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് ഭാരവാഹിയായിരുന്ന കൃഷ്ണകുമാർ കൗൺസിലറായതിനു ശേഷമാണ് പാർട്ടിഭാരവാഹിത്വം ഒഴിഞ്ഞത്. പരാതി നൽകിയ യുവതിയുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനാണ്.