- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധനയ്ക്കിടെ ഇൻഷുറൻസ് ഇല്ലാത്തതിന് യുവാവിന്റെ മൊബൈൽ തട്ടിപ്പറിച്ച് വനിത എസ്ഐ; 9 മാസം ഗർഭിണിയായ ഭാര്യ വീട്ടിൽ തനിച്ചാണെന്നും ഫോൺ മടക്കി തരണമെന്നും യുവാവ്; ഒട്ടും കൂസാതെ വണ്ടി വിട്ടു പോകാൻ ഒരുങ്ങിയ എസ്ഐയെ നിലയ്ക്ക് നിർത്തി നാട്ടുകാരും
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐ യുവാവിന്റെ മൊബൈൽ തട്ടിപ്പറിച്ച് എടുത്തതായി പരാതി. കോഡൂർ ചെമ്മൻകടവിലാണ് മലപ്പുറം ട്രാഫിക്കിലെ വനിതാ എസ് ഐ മൊബൈൽ പിടിച്ചെടുത്തത്. ഇൻഷൂറൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ച യുവാവിന്റെ മൊബൈൽ ഫോണാണ് തട്ടിപ്പറിച്ചെടുത്തുകൊണ്ടൈാണ് വനിതാ എസ്‌ഐയും പൊലീസുകാരും യുവാവിനെ ചോദ്യംചെയ്തത്.
ഫോൺ വേണമെങ്കിൽ ഇനി പൊലീസ് സ്റ്റേഷനിൽ എത്താനായിരുന്നു നിർദ്ദേശം. ഇതോടെ സംഭവം കണ്ട നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഇൻഷൂറൻസില്ലെങ്കിൽ ഇതിനെതിരെ കേസെടുക്കുകയോ, ഫൈൻ വാങ്ങിക്കുകയോ ആണ് വേണ്ടതെന്നും അല്ലാതെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോകുകയല്ല വേണ്ടതെന്നും പറഞ്ഞ് നാട്ടുകാർ കണ്ട് ജീപ്പ് തടഞ്ഞ് ചോദ്യം ചെയ്തതോടെ പൊലീസും പ്രതിസന്ധിയിലായി. ഇതിനിടെ നാട്ടുകാർ സംഭവം വീഡിയോയിൽ പകർത്തി. വീഡിയോ വൈറലായി.
മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ചെമ്മങ്കടവ് വില്ലേജ് ഓഫിസ് പരിസരത്തുവെച്ച് യുവാവിന്റെ മൊബൈൽ ഫോൺ വാഹന പരിശോധനയ്ക്കിടെ തട്ടിപ്പറിച്ചത്. മൊറയൂർ സ്വദേശിയായ യുവാവ് കോഡൂർ ചെമ്മൻകടവ് പാലക്കൽ മൈത്രി നഗറിലെ സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു. ഒമ്പതുമാസം ഗർഭിണിയായ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹോദരിയുമായി സംസാരിക്കാൻ എത്തിയ യുവാവിന്റെ ഫോണാണ് പൊലീസ് പിടികൂടിയത്. 9 മാസം ഗർഭിണിയായ ഭാര്യ വീട്ടിൽ തനിച്ചാണെന്നും ഇതിനാൽ ഫോൺ മടക്കി തരണമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു.
ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുന്നത് ശരിയാണോ? അത്യാവശ്യത്തിന് വിളിക്കണമെങ്കിൽ അവർ എന്തുചെയ്യണം. വണ്ടിയുടെ ഇൻഷുറൻസ് മൊബൈലിൽ അല്ല. വാഹനം കൊണ്ടുപോകാം. എന്നാൽ മൊബൈൽ പിടിച്ചുവാങ്ങിയത് ശരിയാണോ?. ആ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ മാഡം സമാധാനം പറയുമോ?'- നാട്ടുകാരുടെ പ്രതിഷേധ വാക്കുകൾ ഇങ്ങനെ.
പിഴ അടയ്ക്കാമെന്ന് പറഞ്ഞിട്ടും ഫോൺ പിടിച്ചുവാങ്ങിയെന്നും മലപ്പുറം ചെമ്മങ്കടവ് വില്ലേജ് ഓഫീസിന് സമീപമാണ് ഈ സംഭവമുണ്ടായതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒടുവിൽ പിഴ അടക്കാൻ എസ്ഐ പറയുമ്പോൾ പിഴ കോടതിയിൽ അടച്ചോളാമെന്ന് മറുപടി നൽകുന്നതും പിഴ അടച്ചില്ലെങ്കിൽ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നാട്ടുകാർ ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
യുവാവിന്റെ ആവശ്യം കണക്കിലെടുക്കാതെ എസ് ഐ ഫോണുമെടുത്ത് പോവുകയായിരുന്നു. ഇതുകണ്ടതോടെയാണ് നാട്ടുകാർ ഇടപെടുകയും എസ് ഐ കാണിച്ച അതിക്രമം ചോദ്യം ചെയ്യുകയും ചെയ്തത്്. ജനങ്ങളുടെ രോഷം കൂടിയപ്പോൾ ഫോൺ മടക്കി നൽകി പൊലീസ് സ്ഥലം വിടാൻ ശ്രമിച്ചു. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ രക്ഷപെടാൻ ശ്രമിച്ച പൊലീസിന്റെ വാഹനം തടഞ്ഞ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിഷേധവും അറിയിച്ചാണ് നാട്ടുകാർ വിട്ടത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ ഇന്നലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോൺ തട്ടിപ്പറിച്ച യുവാവിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ച് ഫോണിൽ വിളിച്ചു മൊഴിയെടുത്തു.
മറുനാടന് മലയാളി ബ്യൂറോ