പൂണെ: വിനോദമായി ആകാശത്ത് പാറിപറക്കേണ്ടതാണെങ്കിലും പട്ടങ്ങൾ ദുരന്തങ്ങൾ വരുത്തി വയ്ക്കുന്നത് പതിവായിരിക്കുന്നു. പക്ഷികളാണ് ഈ അപകട കുരുക്കിന്റെ മുഖ്യ ഇരകളെങ്കിൽ മനുഷ്യന്റെ ജീവനും ഇതു ഭീഷണിയായി മാറിയിരിക്കുന്നു.പുണെയിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ചൈനീസ് നിർമ്മിത നൈലോൺ പട്ടച്ചരട് കുടുങ്ങി കഴുത്തുമുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുവർണ മജൂംദാർ ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ പുണെ കോർപ്പറേഷൻ ഭവൻ ഭാഗത്തേക്ക് ശിവാജി ബ്രിഡ്ജ്വഴി ഇരുചക്രവാഹനത്തിൽ യാത്രചെയ്യവേയാണ് അപകടം. സകാൽ പത്രത്തിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരിയാണ് സുവർണ .

പട്ടം പറത്തുന്നതിന് ചൈനീസ് നിർമ്മിത നൈലോൺ ചരടുകൾ ഉപയോഗിക്കുന്നതിന് കോടതി നിരോധനം ഏർപ്പെടുത്തിയെങ്കിലും പുണെയിലെ പല കടകളിലും ഇത്തരത്തിലുള്ള ചരടുകൾ വില്പനയ്ക്കുവെച്ചിട്ടുണ്ട് .

കുപ്പിച്ചില്ലിന്റെ പൊടി അരച്ചു പശ ചേർത്തു തേച്ചു പിടിപ്പിച്ചു നിർമ്മിക്കുന്ന മാൻജ നൂലാണു വില്ലൻ. ലക്ഷ്യം ഒന്നു മാത്രം. പട്ടങ്ങൾ കോർത്താൽ എതിരാളിയുടെ പട്ടനൂൽ അറ്റു പോകണം. വാശിപ്പുറത്തെ ഈ ചതിപ്രയോഗം പക്ഷേ, കെണിയൊരുക്കുന്നതു മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമാണ്. കാറ്റിന്റെ ഗതിയനുസരിച്ചു നിയന്ത്രണം തെറ്റി താഴേക്കു വരുന്ന നൂലുകൾ വഴിയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രികരുടെയും ദേഹത്തു ചുറ്റിയാൽ മൂർച്ചയേറിയ ബ്ലേഡ് പോലെയാണു പ്രവർത്തിക്കുക.

മാൻജ നൂൽ മാത്രമല്ല പ്രശ്‌നം. സാധാരണ പരുത്തി നൂലാണു പട്ടച്ചരടായി ഉപയോഗിക്കുക. എന്നാൽ ഇപ്പോൾ ഏറെയും ഉപയോഗിക്കുന്നതു സിന്തറ്റിക്, നൈലോൺ നൂലുകളാണ്. ബലവും മൂർച്ചയുമേറിയ ഈ നൂലും അപകടകാരികൾ തന്നെ. ഇതിനൊപ്പമാണു പരുത്തി നൂലിൽ കുപ്പിചില്ലു പൊടി തേച്ചു നിർമ്മിക്കുന്ന മാൻജ നൂലുകളും.

പൊട്ടിയ പട്ടച്ചരടിൽ കുടുങ്ങി നൂറുകണക്കിനു പക്ഷികളാണു ചത്തൊടുങ്ങുന്നത്. പൊട്ടിയ നൂലുകൾ കാറ്റിൽ പറന്നു മരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇവയിലാണു പറവകൾ കുരുങ്ങുന്നത്. പ്ലാസ്റ്റിക് നൂലുകളും ചൈനീസ് നിർമ്മിത നൂലുകളും ടങ്കീസുകളും വർഷങ്ങളോളം നശിക്കാതെ കിടക്കുന്നതു പരിസ്ഥിതിക്കും പ്രതികൂലമാണ്.

പക്ഷികൾക്കും മനുഷ്യർക്കും ഹാനികരമാകുന്ന സിന്തറ്റിക്, നൈലോൺ മാൻജ നൂലുകൾ നിരോധിച്ചു നാഷനൽ ഗ്രീൻ ട്രിബ്യൂണൽ രണ്ടാഴ്ച മുൻപ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. മൂന്നു വർഷം മുൻപു കേരള ഹൈക്കോടതിയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.

2014ൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഫോർട്ട്‌കൊച്ചി ആർഡിഒ ഇത്തരം അപകട പട്ടങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. പ്ലാസ്റ്റിക്, മാൻജ, ടങ്കീസ്, ചൈനീസ് നിർമ്മിത നൂലുകൾ പട്ടങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഉത്തരവു കാറ്റിൽ പറത്തി പശ്ചിമകൊച്ചി മേഖലയിൽ നിരോധിത നൂലുകളിൽ പട്ടങ്ങൾ പാറിപ്പറക്കുന്നു. അധികാരികൾ ഇതിനു നേരെ കണ്ണടയ്ക്കുമ്പോൾ അപകടങ്ങളും ഏറുന്നു.നിസാരമായി തള്ളിക്കളയേണ്ടതല്ല ഈ പട്ടച്ചരട് കെണി. പട്ടച്ചരടുകൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളിൽപ്പെട്ട് ഉത്തരേന്ത്യയിൽ നാൽപതോളം പേർ മരിച്ചതായാണു റിപ്പോർട്ട്.