തിരുവനന്തപുരം: വർക്കലയിൽ, അയൽവാസിയായ മാതൃ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലു (37) ആണ് മരിച്ചത്. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ 28ന് ഉച്ചയ്ക്കായിരുന്നു ഷാലുവിന് വെട്ടേറ്റത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു സ്‌കൂട്ടറിൽ മടങ്ങവെയായിരുന്നു മാതൃസഹോദരൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ കത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു ഇയാൾ. ഇതിനിടെ ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ എത്തിയ ഷാലുവിന്റെ സ്‌കൂട്ടർ തടഞ്ഞുനിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാലു.

അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.

ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു.