രു കുഴപ്പവുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുമ്പോഴും ഒരാളോ ഒരു സംഘമോ അതിതീവ്രമായ മനോരോഗത്തിന് അടിമപ്പെടുക. ഇത് കെട്ടുകഥയല്ല. അപൂർവങ്ങളിൽ അപൂർവമാണെങ്കിലും ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഏകാധിപതികളായ പല രാഷ്ട്രത്തലവന്മാർക്കും സമയത്തിന് ചികിൽസ കിട്ടിയാൽ രക്ഷിക്കാമായിരുന്ന ചിത്തഭ്രമം ആയിരുന്നെന്ന് പിൽക്കാലത്ത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരുണാകരന്റെ ബുദ്ധി പരിശോധിക്കണം എന്ന് പറഞ്ഞ് നവാബ്രാജേന്ദ്രൻ പണ്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണത്രേ. 'ലൈലാ ഓ ലൈല' എന്ന കഴിഞ്ഞ പതിനഞ്ചുവർഷത്തിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ എറ്റവും അറുബോറൻ സിനിമയെടുത്തവരുടെ മാനസിക നിലയെക്കുറിച്ചും പ്രേക്ഷകർക്ക് സംശയം തോന്നാം. (കലാകാരന്മാർക്കും ബുദ്ധിജീവികൾക്കുമാണത്രേ ഈ രോഗം കാര്യമായി കാണുക. നെല്ലിക്കാത്തളംതൊട്ട് കടുത്ത പ്രയോഗംവേണ്ടിവരുമെന്ന് അഷ്ടാംഗഹൃദയം പറയുന്നു.) നോർമലായ ഒരു ടീം ഒരിക്കലും ഈ പൊട്ടക്കഥതന്നെ അംഗീകരിക്കില്ല.

അറുബോറൻ കഥ, ചത്ത സംഭാഷണം, മോശം തിരക്കഥ, ചെവിയിൽ പഞ്ഞിവെക്കാൻ പ്രേരിപ്പിക്കുന്നരീതിയിൽ അരോചക സംഗീതം, വെറുപ്പിക്കൽ മൽസരംപോലെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന നടീനടന്മാർ, ചടുലതയില്ലാത്ത ദൃശ്യങ്ങൾ, ചത്ത സംഘട്ടനം.... ഇങ്ങനെ നെഗറ്റീവുകൾ മാത്രം പറയാനുള്ള ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയെന്നത് അത്ഭുതമാണ്. അതും മാസ്റ്റർക്രാഫ്റ്റ്മാൻ എന്നു കരുതുന്ന ജോഷിയിൽ നിന്നും നമ്മുടെ അഭിമാനതാരം മോഹൽലാലിൽനിന്നും! അതുകൊണ്ടുതന്നെതാണ് മാസ് ഹിസ്റ്റീരിയ എന്നൊക്കെ പറയുന്നപോലെ 'മാസ് ലൂനസി', തിരമലയാളത്തിലും ബാധിച്ചോയെന്ന് സംശയമുയരുന്നത്. എന്തായാലും ഇതിന്റെ അണിയറ ശിൽപ്പികൾ അടിയന്തരമായി നല്ലൊരു മനോരോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്.

ജോഷി വീണ്ടും ചതിച്ചു; അന്യഭാഷാപ്രേമം വീണ്ടും വില്ലനാവുന്നു

ൺപതുകളിൽ മലയാളത്തിൽ സംവിധാനം തുടങ്ങിയവരിൽ ഫീൽഡ് ഔട്ട് ആകാതെ പിടിച്ചുനിന്ന അപൂർവംപേരിൽ ഒരാളാണ് ജോഷി. മിനിമം ഗ്യാരണ്ടിയുടെ ഉരുക്കായിരുന്നു പ്രേക്ഷകർക്ക് ആ രണ്ടക്ഷരം. പഴയ തലമുറയിൽ ഐ.വി ശശിയും, ഫാസിലും, തമ്പി കണ്ണന്താനവും, കെ.ജി ജോർജും, മോഹനുമൊക്കെ ഫീൽഡ് ഔട്ട്ആയിട്ടും ഹിറ്റ്‌മേക്കർ എന്നപേരിൽ ജോഷി നിലനിന്നത് നിരന്തരം അപ്‌ഡേറ്റാവുന്ന ഒരു സംവിധായകൻ എന്ന നിലക്കായിരുന്നു. (നോക്കുക, ഇന്നുവരെ ജോഷിയെ നിങ്ങൾ എതെങ്കിലും ഒരു ചാനൽ പരിപാടിയിലോ, സിനിമാ അഭിമുഖത്തിലോ കണ്ടിട്ടുണ്ടോ? ഉൽസവപ്പറമ്പിൽ തൈലം വിൽക്കുന്നവരെപ്പോലെ സ്വന്തം സിനിമയെക്കുറിച്ച് ചാനലുകളിൽ ബഡായി അടിക്കാൻ ജോഷി വരാറില്ല. അദ്ദേഹത്തിനുള്ള ആത്മവിശ്വാസം തന്നെയായിരിക്കണം ഇതിന് ഒരു കാരണം.) എന്നാൽ അടുത്തകാലത്തായി ഇറങ്ങിയ ജോഷിയുടെ സിനിമകൾ നോക്കുക. 'ലോക്പാലും', 'സലാംകാശ്മീരുമൊക്കെ' എത്ര തറയായിരുന്നു. ലൈലയിൽ എത്തിയപ്പോൾ ആ നിലവാരം ഒന്നുകൂടി ഇടിഞ്ഞു. ഓർത്തുവെക്കാൻ പറ്റിയ ഒരു സീൻപോലും ഇല്ലാതായി. വംശനാശഭീഷണി നേരിടുന്ന പഴയ സംവിധായകരുടെ പട്ടികയിലേക്ക് താനും കയറുകയാണെന്ന് ജോഷി മനസ്സിലാക്കുന്നില്ല. [BLURB#2-VR] നിരവധി ഹിന്ദി ഹിറ്റുകൾ ഒരുക്കിയ സുരേഷ് നായരാണ്, കൊച്ചുടീവിയിലെ കാർട്ടുൺ പരമ്പരപോലുള്ള ഈ ഇൻവെസ്റ്റിഗേഷൻ സിനിമക്ക് കഥയും തിരക്കഥ എഴുതിയത്. നായരെയും നമ്മൾ ആദരിക്കണം. ഈ തലയൊന്നും വെയിലുകൊള്ളിക്കാൻ പാടില്ല. അന്യഭാഷകളിലേക്ക് മൊഴിമാറ്റം നടത്താമെന്ന് കരുതിയാവണം സുരേഷ് നായരെക്കൊണ്ട്, അർനോൾഡ് ഷ്വാസ് നെഗർ ഹിറ്റാക്കിയ ഹോളിവുഡ്ഡ് ചിത്രം 'ട്രൂ ലൈസ്' വികൃതമായി അനുകരിപ്പിച്ചത്. ഒരു കമ്പ്യൂട്ടർ സെയിൽസ്മാനായി ഭാര്യക്കും മകൾക്കുമൊപ്പം ജീവിക്കുന്ന ഷ്വാസ് നെഗറിന്റെ കഥാപാത്രം, സത്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക രഹസ്യം സ്വന്തം ഭാര്യയോടുപോലും പറയാൻ കഴിയാതെയാണ് അയാൾ ജീവിക്കുന്നത്. ഈ വൺലൈനെടുത്ത് വഷളാക്കി ഒരു പൊട്ട തീവ്രവാദ കഥയാക്കിയിരക്കയാണ് സുരേഷ്. 'മര്യാദരാമണ്ണ'യെന്ന തെലുങ്ക് ചിത്രം മലയാളത്തിൽ മര്യാദരാമനാക്കിയപ്പോഴും, ഹിന്ദി റീമേക്കിനുവേണ്ടി 'ഭാസ്‌ക്കർ ദി റാസ്‌ക്കൽ' തട്ടിക്കൂട്ടിയപ്പോഴും ഉണ്ടായ അതേ അബദ്ധം ഇവിടെയും ഉണ്ടായി. ഈ സിനിമ മലയാള സിനിമ അല്ലാതായിപ്പോയി.

'ചിറകൊടിഞ്ഞ കിനാക്കൾ' എത്ര മനോഹര ചിത്രം!

സിനിമകണ്ട് ഇപ്പോൾ തീയറ്റിൽ ഉള്ള 'ചിറകൊടിഞ്ഞ കിനാക്കൾ' എന്ന സ്പൂഫ് ചിത്രം ഒന്നുകൂടി കണ്ടാൽ മലയാളസിനിമയുടെ അധപ്പതനം വ്യക്തമാവും. കിനാക്കളിൽ പരിഹസിക്കപ്പെടുന്നപോലെ തന്നെയാണ് കാര്യങ്ങൾ. നായിക, നായകനെ കാണുന്നത്, ഒരു അനാഥാലയത്തിൽ കുട്ടികൾക്ക് മധുര പലഹാരം കൊടുക്കുമ്പോഴാണ് നായകൻ മോഹൻലാൽ ഒഴികെ ബാക്കിയുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരെല്ലാം വെറും മണ്ടന്മാരാണ്. നായകൻ വന്നിട്ടുവേണം എല്ലാകാര്യവും തീരുമാനിക്കാൻ. മോഹൻലാൽ തീവ്രവാദിയുടെ ഇമെയിലെ പാസ്വേർഡ് ബ്രേക്ക്‌ചെയ്യുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ചുമ്മാതങ്ങ് അടിച്ചുകൊടുക്കയാണ്. സൂപ്പർതാരമായിപ്പോയതുകൊണ്ട് മാച്ചാകാതെ വഴിയില്ല. സൽമാൻഖാന്റെയും രജനീകാന്തിന്റെയുമൊക്കെ ആരാധകർ ഇതുകണ്ട് കൈയെടിച്ചെന്നിരിക്കും. സ്വതവേ 'പുഛിസ്റ്റുകളായ' മലയാളികളെ സുരേഷ്‌നായർ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തുപോയി. കോഡുഭാഷ വായിക്കലും രഹസ്യാന്വേഷണവുമൊക്കെ പഴയ 'പൂച്ചപൊലീസ്' നിലവാരത്തിലാണ്. അവസാനം പതിവുപോലെ നായകന് അടിച്ചു നിരപ്പാക്കാൻ കുറെ തീവ്രവാദികൾ ഉണ്ട്. 'ചിറകൊടിഞ്ഞ കിനാക്കളിൽ' കാണിച്ചപോലെ അവർ വരിവരിയായി വന്ന് അടിമേടിച്ച് ചരമം പൂകുന്നുണ്ട്.

[BLURB#3-VL]  അലക്ഷ്യമായി സുരേഷ് എഴുതിയ തിരക്കഥയുടെ സ്ഖലിതങ്ങൾ സിനിമയിൽ എമ്പാടുമുണ്ട്. രണ്ടാം പകുതിയിൽ എന്തിനാണ് അമലാപോളിന്റെ അഞ്ജലിയെന്ന നായികയെ ലൈലയാക്കി ആൾമാറാട്ടം നടത്തിച്ചതെന്ന് മനസ്സിലാവുന്നില്ല. ഇത്ര മണ്ടന്മാരാണോ തീവ്രവാദികൾ. സാധാരണ ജോഷിയുടെ കൈ്‌ളമാക്‌സുകൾ ഗോഡൗണുകളിലാണ് നടക്കയെങ്കിൽ ഇത്തവണയത്, വിമാനത്താവളത്തിന് പിറകിലെ വിജനമായ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണെന്ന അതിഭയങ്കരമായ മാറ്റമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് കയറിയ വിമാനം റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന കൈ്‌ളമാക്‌സാണ് എറ്റവും ദയനീയം. എയർപോർട്ട് സെക്യൂരിറ്റിയെ കുറിച്ചൊന്നും സുരേഷ് നായർക്ക് ഒരു പിടിയുമില്ല. തട്ടിക്കുട്ട് വിമാനത്താവളമായ നമ്മുടെ കരിപ്പൂരിൽപോലും ഒരു ലാൻഡിങ്ങിനിടെ വിമാനത്തെ വെടിവച്ച് ഇടാൻ പറ്റിയ ഓപ്പൺ സ്‌പേസ് ചുറ്റുവട്ടത്തുകൊടുക്കാറില്ല. റൺവേ സെക്യൂരിറ്റിയുടെ പ്രാഥമിക നിയമമാണിത്. ഈ പൊട്ട സിനിമയിൽ അതൊക്കെ ആരുനോക്കാൻ. ഒരു കാര്യവുമില്ലാതെ കുറെ കഴുതരാഗങ്ങളും അശ്ലീല നൃത്തങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ഈ വാട്‌സാപ്പിന്റെയും ബ്ലൂടൂത്തിന്റെയുമൊക്കെ കാലത്ത് അമലാപോളിന്റെയും എക്‌സ്ട്രാനടിമാരുടെയും മേനിയഴകും അരക്കെട്ടിളക്കവും കണ്ട് യുവാക്കൾ ഇരച്ചുകയറുമെന്നാണ് കരുതിയതെങ്കിൽ അത് വെറും അബദ്ധമാണ്. ഷക്കീലക്കാലത്തെ ലൈംഗിക കാലവസ്ഥയല്ല ഇപ്പോൾ കേരളത്തിലെന്ന് സിനിമാക്കാരും ഓർക്കണം. 

ആന്ത്യന്തികമായി പറഞ്ഞാൽ ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗത്തെ പരിഹസിക്കുന്ന സിനിമകൂടിയാണിത്. ഇത്രക്ക് ദുർബലരും കഴിവുകെട്ടവരുമാണോ അവർ. തല്ലിത്തെളിയിക്കുക എന്ന പൊലീസ് ബുദ്ധിയല്ലാതെ ശാസ്ത്രീയമായ കുറ്റാന്വേഷണ രീതിയൊന്നും ഈ സിനിമയിൽ അവർക്കറിയില്ല. ഒരു ഫാക്ടറിയിലെ ജീവനക്കാരെപോലെയാണ് അവർ പ്രവർത്തിക്കുന്നത്. ഒരു പ്രതിയെ ജീവനോടെ കൈയിൽകിട്ടിയിട്ടും അയാളിൽനിന്ന് ഒരു വിവരവും ചോർത്തിയെടുക്കാൻ കഴിയുന്നില്ല എന്നുമാത്രമല്ല, അവരിൽ രണ്ടുപേരെ കൊന്ന് പ്രതി രക്ഷപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ സൈനിക മേധാവിയൊക്കെ ഈ സിനിമകണ്ടാൽ ലാലേട്ടന്റെ ഓണററി ലെഫ്റ്റന്റ് കേണൽ പദവിതന്നെ എടുത്തുകളയും. പിന്നെ ഈ സിനിമ ഉയർത്തുന്ന ആയുധ സംസ്‌ക്കാരത്തിന്റെ രാഷ്ട്രീയവും വ്യാജ എറ്റമുട്ടലുകളുടെ കാലത്ത് പ്രസക്തമാണെന്ന് തോനുന്നു. തീവ്രവാദിയെന്ന മുദ്രയുണ്ടെങ്കിൽ, വിചാരണയൊന്നുമില്ലാതെ ഏതൊരാളെയും വെടിവച്ച് കൊല്ലാമെന്ന് ഉദ്‌ഘോഷിക്കുന്ന അർധ ഫാസിസ്റ്റ് ആശയക്കാർക്ക് രോമാഞ്ചമുണ്ടാക്കുന്ന സിനിമയാണിത്. രാജ്യസ്‌നേഹിയായി തീവ്രവാദികളെ നേരിടുന്ന ഒരാൾക്ക് ഭാര്യയും കുടുംബവുമൊക്കെ ഒരു ശല്യമാണെന്നതും സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂട്ടിവായന അർഹിക്കുന്നു.

ലാലിന്റെ അഭിനയ സിംഹാസനവും തകരുന്നു!

ലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കരിയറിലെ ഏറ്റവും മോശമായ സമയത്തുകൂടിയാണ് കടന്നുപോവുന്നതെന്ന് തോന്നുന്നു. ലാലിസം തൊട്ട് സരിതാ നായരുടെ തുണ്ടുകടലാസിൽപെട്ടതു വരെയുള്ള പുകിലുകൾ ഒരുഭാഗത്ത്. ഈ സിനിമയിൽ ശുദ്ധബോറും മിസ്‌കാസ്റ്റുമായിരുന്നു ലാലിന്റെ കഥാപാത്രം. കൊഴുത്തുരുണ്ട് വയറുചാടി നടക്കാൻപോലും പ്രയാസപ്പെടുന്ന ഒരാളെ തീവ്രവാദികളെ നേരിടേണ്ട ഒരു ഇന്റലിജൻസ് ഓഫീസറായി സങ്കൽപ്പിക്കാൻ കടുത്ത ഫാൻസിനുമാത്രമേ കഴിയൂ. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോഴുണ്ടാവുന്ന വഴക്കവും ശാരീരികക്ഷമതയും മോഹൻലാലിൽ നിന്ന് കൈമോശം വന്നിരിക്കയാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ ഫിസിക്കൽ ഫിറ്റ്‌നസ് നിർണായമാണല്ലോ. 
ഈ സിനിമയുടെ മൂലകഥയായ 'ട്രൂ ലൈസിൽ' നായകനായ അർനോൾഡ് ഷ്വാസ് നെഗറിന്റെ പ്രകടനം ഒന്ന് കണ്ടുനോക്കുക. അർനോൾഡിന്റെ പേശിബലത്തോട് കിടപിടിക്കണമെന്നില്ലെങ്കിലും മുൻകാലത്ത് ലാൽചെയ്ത മിലിട്ടറിപൊലീസ് കഥാപാത്രങ്ങളുടെ ഏഴയലത്ത് എങ്കിലും വരേണ്ടേ. 'മൂന്നാംമുറ', 'ദൗത്യം' എന്നിവതൊട്ട് 'കീർത്തിചക്ര', 'ഗ്രാൻഡ്മാസ്റ്റർ'വരെയുള്ള സിനിമകളിലെ ലാലിന്റെ പൊലീസ്മിലിട്ടറി വേഷങ്ങൾ ആരെയും അസൂയപ്പെടുത്തുന്നതാണ്. അതീവ സാഹസികമായ രംഗങ്ങൾപോലും ഡ്യൂപ്പില്ലാതെ ചെയ്ത് ഞെട്ടിച്ച നടനാണ്, ലൈലയിൽ പാണ്ടിലോറിക്കുപെട്ട പേക്കാച്ചിതവളയെപ്പോലെ ഇഴഞ്ഞുവലിഞ്ഞ് ക്ലൈമാക്‌സിൽ മൺകൂനകളിലൂടെയൊക്കെ നടക്കുന്നത്! ദയനീയം അല്ലാതെന്താണ് ഈ അവസ്ഥക്ക് പറയുക. [BLURB#1-VR] ഇനി ലാലും അമലാപോളും തമ്മിലുള്ള കോമ്പിനേഷൻ കാണുമ്പോൾ വല്യപ്പനും കൊച്ചുമോളെയുമാണ് ഓർമ്മവരിക. (ഇതേ ടീമല്ലേ 'റൺ ബേബി റൺ' മോശമല്ലാതെ ചെയ്തതും ,'ആറ്റുമണൽ പായയിൽ' എന്ന പാട്ട് ഹിറ്റാക്കിയതും എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു) ലാലിന്റെ പ്രായം അഡ്ജ്റ്റ് ചെയ്യാനായി ഒരു ഡിവോഴ്‌സും കാണിക്കുന്നുണ്ട്. പ്രായം കടന്നുപോയതിന്റെ ലക്ഷണങ്ങൾ സിനിമയിൽ എല്ലായിടത്തും ഉണ്ടെങ്കിലും ചുറ്റും കൂടി നിൽക്കുന്ന സ്തുതി പാഠകർ ഇതൊക്കെ ബോറാണെന്ന് ലാലിനോട് തുറന്നുപറയില്ല. (ഇതേ അബദ്ധം തന്നെയാണ് ലാലിസത്തിലും വന്നതെന്ന് തോന്നുന്നു. എന്തുംചെയ്യാൻ കഴിയുന്ന അതിമാനുഷനാണ് താനെന്ന് ഈ മഹാനടൻ അറിയാതെ വിശ്വസിച്ചുപോയി) സാധാരണ സിനിമ എത്രബോറായാലും, അത് ലാലിന്റെ പ്രകടനംകൊണ്ട് മാത്രം കണ്ടിരിക്കാൻ പറ്റുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ സിനിമകളുടെ പരാജയഭാരം ഒരിക്കലും ലാലിന്റെമേൽ പതിയാറുമില്ല. മോഹൻലാലിനേക്കാൾ നന്നായി ഈ വേഷം ചെയ്യാൻ കഴിയുന്ന ഒരാളെ കാണിച്ചുതരൂ എന്ന് ആരാധകർ പറയുന്നതോടെ വിമർശനങ്ങൾക്ക് കൂമ്പൊടിയും. പക്ഷേ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളിൽ ലാലായിരുന്നു വലിയ ബാധ്യത! 'എന്നും എപ്പോഴും' എടുത്തുനോക്കൂ. എത്രബോറായിട്ടാണ് ലാലതിൽ നടിച്ചത്. ഇപ്പോഴിതാ ലെലയും. മലയാളത്തിലെ മറ്റേതെങ്കിലും യുവ നടൻ ആയിരുന്നെങ്കിൽ ഈ കഥാപാത്രം ഇത്രയേറെ അരോചകമാവില്ലായിരുന്നു. അതായത് താര സിംഹാസനത്തിനൊപ്പം, മോഹൻലാലിന്റെ അഭിനയ സിംഹാസനവും തകരുകയാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രിയപ്പെട്ട മോഹൻലാൽ താങ്കൾമാത്രം ഇതൊന്നും മനസ്സിലാക്കാത്തതെന്താണ്?

ഇനി അമലാപോളിന്റെ അഭിനയമാകട്ടെ ലാലിനെക്കാളും വളിപ്പാണ്. കഥാപാത്രത്തിന്റെ ദുർബലത അതേപോലെ അമലയുടെ മുഖത്തുണ്ട്. എന്തിന് അമലയെ പറയണം ഈ സിനിമയിൽ അഭിനയിച്ച ഒരുത്തനും നന്നായിട്ടില്ല. ഇന്റലിജൻസ് ചീഫായി തലമൊട്ടയടിച്ചത്തെുന്ന വിഖ്യാത തമിഴ് നടൻ സത്യരാജൊക്കെ പലപ്പോഴും വെറും കോമാളിക്കളിയിലാണ് അഭിരമിക്കുന്നത്.

അറുബോറൻ സംഗീതവുമായി ഗോപീസുന്ദർ

സാധാരണ ജോഷി ചിത്രങ്ങളിലൊക്കെ, ആവർത്തന വിരസതകൊണ്ട് പഴഞ്ചനാണെങ്കിലും ഉദ്വേഗമുണർത്തുന്ന ഒരു തുടക്കമാണ് കാണാറ്. എന്നാൽ ഈ ചിത്രത്തിലോ. ബാംഗ്‌ളൂർ നഗരത്തിന്റെ ചില ഭാഗങ്ങൾ കാണിച്ചുകൊണ്ട്, ഗോപീസുന്ദറിന്റെ പൈശാചികമായ പശ്ചാത്തല സംഗീതത്തിൽ പരമാവധി ബോറടിപ്പിച്ചുകൊണ്ടാണ് തുടക്കം. തുടർന്നങ്ങോട്ട് സംഗീതം കൊണ്ട് ഗോപിയുടെ ഭീകരാക്രമണമാണ്. ചെവിയിൽ പഞ്ഞിയുമായി കയറുന്നതാണ് ഉത്തമം. ഈ പടത്തിലെ ബാർ ഡാൻസിന്റെ മ്യൂസിക്കൊക്കെ കേട്ടാൽ രാംഗോപാൽ വർമ്മ പറഞ്ഞപോലെ, തന്ന ദേശീയ അവാർഡ് പിൻവലിച്ചുപോവും. വരികൾ എഴുതിയ കോന്തനാകട്ടെ 'തക്കട തരികിട' എന്നുപറഞ്ഞ് എന്തൊക്കെയൊ എഴുതിവച്ചിരിക്കുന്നു. വാങ്ങുന്ന ലക്ഷങ്ങളോട് അൽപ്പമെങ്കിലും നീതിപുലർത്താത്ത ഇവരൊക്കെതന്നെയാണ് മലയാളസിനിമയുടെ ശാപം!

വാൽക്കഷ്ണം: ഈ സിനിമകണ്ട് ഹൃദയം തകർന്ന ഒരാൾ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് കണ്ടു.'പല്ലുവേദനയുള്ളതിനാൽ അൽപ്പം പഞ്ഞിയുമായാണ് തീയേറ്റിൽ കയറിയത്. പടം തുടങ്ങിയപ്പോൾ ആ പഞ്ഞി ചെവിയിൽവച്ചു. പടം കഴിഞ്ഞപ്പോൾ അത് മൂക്കിൽ വെക്കാനാണ് തോന്നിയത്'.ഇതിലും നല്ലൊരു നിരൂപണം ഈ പടം അർഹിക്കുന്നില്ല!