ബംഗളുരു: ബംഗളുരു നഗരത്തിലെ ബെല്ലാന്തൂർ തടാകത്തിന് വീണ്ടും തീപിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സമൂപത്തെ സാൻക്ടിറ്റി അപ്പാർട്‌മെന്റിലെ താമസക്കാർ തടാകത്തിന്റെ മധ്യത്തിൽനിന്നു പുക ഉയരുന്നത് ശ്രദ്ധിച്ചത്. നഗരത്തിലെ വ്യാവസായിക മാലിന്യങ്ങൾ തള്ളുന്ന തടാകം വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണു വീണ്ടും ഇന്നലെ തീപിടിച്ചത്.

മാസങ്ങൾക്കു മുമ്പു തടാകത്തിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാനായത്. വ്യാവസായിക മാലിന്യങ്ങൾ തമ്മിലുള്ള രാസപ്രവർത്തനമാണ് തീപിടിക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. ഇന്നലെ തടാകത്തിന്റെ ഒത്ത നടുവിലാണ് പുക ഉയർന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതു നിലയ്ക്കുകയും ചെയ്തു.

തടാകത്തിന്റെ മധ്യത്തിലാണു തീയുണ്ടായതെന്നതിനാൽ തങ്ങൾക്ക് അത് അണയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് ബംഗളുരു അഗ്നിശമനവിഭാഗം. ഇന്നലെ ഉച്ചയ്ക്കുശേഷം നേരിയ മഴ പെയ്തതോടെയാണ് തടാകത്തിലെ പുകച്ചുരുളുകൾ നിലച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. ഇപ്പോൾ ദിവസവും എന്ന നിലയിൽ തടാകത്തിന് തീപിടിക്കുന്നതായും പരിസരവാസികൾ പറയുന്നു.

ബംഗളുരു നഗരത്തിലുള്ള 262 തടാകങ്ങളിൽ ഏറ്റവും വലിയതാണ് ബെല്ലാന്തൂരിലേത്. നഗരത്തിലെ വ്യാവസായ മാലിന്യത്തിന്റെ നാൽപതുശതമാനവും നിക്ഷേപിക്കുന്നത് ഇവിടെയാണ്. രാസവസ്തുക്കൾ അടിഞ്ഞുകൂടി പ്രതിപ്രവർത്തിച്ച് മീഥേൻ വാതകമുണ്ടാകുന്നതാണ് തീപിടിത്തത്തിനും പുകയ്ക്കുംകാരണം.