- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കുറ്റം ചുമത്തിയ കേസിൽ ഇത്രയും ഉദാര സമീപനം ഉണ്ടാകുമോ; യുപി സർക്കാർ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്; ലഖിംപുർ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി; കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം
ന്യൂഡൽഹി: ലഖിംപൂർ സംഘർഷത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ലഖിംപുർ കേസിൽ യുപി പൊലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തരല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൊലക്കുറ്റം ചുമത്തിയ കേസിൽ സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. കേസിൽ ഉൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി നിർദ്ദേശം നൽകി.
മറ്റുള്ള കൊലപാതകക്കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമൻസ് അയയ്ക്കുകയാണോ ചെയ്യുന്നതെന്നു സർക്കാരിനോടു കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നൽകും.
എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികൾക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സർക്കാർ മതിയായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. ഒക്ടോബർ 20ന് ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വാഹനം കർഷകർക്ക് മേൽ ഓടിച്ചുകയറ്റിയ കേസിൽ ആരോപണവിധേയനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. അതിനായി ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നൽകിയെന്നും എന്നിട്ടും ഹാജരായില്ലെങ്കിൽ നടപടി എടുക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഈ വാദം കേട്ടതോടെയാണ് കോടതി ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ സ്വീകരിക്കുക എന്ന് സർക്കാർ അഭിഭാഷകനോട് ചോദിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് യുപി സർക്കാരിനായി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. രണ്ട് തിരകൾ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ആൾക്ക് തെറ്റായ ലക്ഷ്യമുണ്ടായിരുന്നിരിക്കാമെന്നും സാൽവെ വാദിച്ചു.
ലഖിംപുർ ഖേരി സംഭവങ്ങളിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതി വ്യാഴാഴ്ച നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രതികൾ ആരൊക്കെയാണ്, അവർ അറസ്റ്റിലായോ തുടങ്ങിയ വിവരങ്ങൾ യുപി സർക്കാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ടിൽ നിർബന്ധമായും ഉണ്ടാവണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടികളിൽ കോടതി അതൃപ്തി അറിയിച്ചത്.
കേസ് പൂജ അവധിക്ക്. ശേഷം പരിഗണിക്കുമെന്നും കേസിൽ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോടതിയിൽ പറഞ്ഞു.
ലഖിംപൂരിൽ വെടിവയ്പ് നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണം ആകാമെന്നും യുപി സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, കേസിൽ ഉൾപ്പെട്ട വ്യക്തികളെ നോക്കുമ്പോൾ സിബിഐ അന്വേഷണത്തിലും കാര്യമില്ലെന്നും മറ്റൊരു സംവിധാനം അന്വേഷണം നടത്തേണ്ടി വരുമെന്ന് കോടതി നിരീക്ഷീച്ചു.
ന്യൂസ് ഡെസ്ക്