ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസ് അന്വേഷണത്തിൽ അലംഭാവം അവസാനിപ്പിക്കണമെന്ന് വീണ്ടും സുപ്രീംകോടതി. രാത്രി ഒരു മണിവരെ കാത്തിരുന്നിട്ടും യു പി സർക്കാർ അന്വേഷണ പുരോഗതി റിപ്പോർട്ട് കിട്ടിയില്ലെന്ന് കോടതി വിമർശിച്ചു. അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

44 സാക്ഷികളുള്ള കേസിൽ ഇതുവരെ 4 പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. എന്താണ് ഇവരുടെ മൊഴിയെന്ന് പറയുന്നില്ല. വ്യക്തമായ വിവരങ്ങൾ അടങ്ങിയ പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

സാക്ഷികൾക്ക് സംരക്ഷണമൊരുക്കണമെന്നും ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി കേസെടുത്തിരുന്നു.

സംഭവത്തിൽ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി യുപി സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതികളിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ബാക്കിയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സർക്കാർ കോടതിയോട് സമയവും ആവശ്യപ്പെട്ടു.

കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഗൗരവമുള്ള വിഷയമെന്ന് അഭിപ്രായപ്പെട്ട കോടതി കേസിന്റെ അടുത്ത വാദം ഒക്ടോബർ 26ലേക്ക് മാറ്റിവെച്ചു.

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ കെടുകാര്യസ്ഥത അനുവദിക്കില്ല എന്നാണ് വീണ്ടും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. യു പി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾക്ക് വേണ്ടി ഇന്നലെ രാത്രി ഒരു മണിവരെ കാത്തിരുന്നു. ഇന്ന് കോടതി തുടങ്ങുന്നതിന് തൊട്ടുമ്പാണ് യു പി സർക്കാർ റിപ്പോർട്ട് നൽകിയത്.

കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് റിപ്പോർട്ട് നൽകിയാൽ ജഡ്ജിമാർക്ക് അത് എങ്ങനെ പരിശോധിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണെങ്കിൽ മുഴുവൻ വിവരങ്ങളും ഇല്ല.

കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അന്വേഷണം വലിച്ചുനീട്ടാൻ അനുവദിക്കില്ലെന്നും അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്നും യു.പി സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്തുപേരാണ് അറസ്റ്റിലായത്. നടപടികൾ വൈകിയത് ദസറ അവധിമൂലമായിരുന്നെന്ന യു.പി സർക്കാരിന്റെ വാദങ്ങൾ കോടതി തള്ളി.

ഈ മാസം ആദ്യമാണ് ലഖീംപൂർ ഖേരിയിൽ എട്ട് പേരുടെ മരണത്തിനിടയായ സംഭവം നടന്നത്. പ്രതിഷേധ സംഘടനകൾ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ നാല് പേർ മരിച്ചു.