കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ദ്വീപ് നിവാസി. അഭിഭാഷകയായ ഫസീല ഇബ്രാഹിമാണ് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടപടിയെന്ന് ഫസീല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമർത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല പ്രതികരിച്ചു.

അക്‌ബർ എന്ന സിഐയാണ് വിളിച്ചത്. 'ഇനിയും വിളിക്കും, വിളിക്കുമ്പോഴെല്ലാം ഫോൺ എടുക്കണം, നിങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്' തുടങ്ങിയ കാര്യങ്ങളാണ് സിഐ പറഞ്ഞതെന്നും ഫസീല പറഞ്ഞു

അതേസമയം, ലക്ഷദ്വീപിൽ മറൈൻ വാച്ചർമാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്.

ദ്വീപിൽ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കൽ, ഡോൾഫിൻ, കടൽ വെള്ളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചർമാരെ നിയമിച്ചിരിക്കുന്നത്. അവരെ പിൻവലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്‌മിനിസ്‌ട്രേഷന്റെ വിശദീകരണം.

അടുത്ത മൂന്ന് മാസം വരെ മറൈൻ വാച്ചർമാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്‌മിനിസ്‌ട്രേറ്റർ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്ന മറൈൻ വാച്ചർമാർ ഒരു വർഷം മുമ്പാണ് തൽസ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.

ഇതിനിടെ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. കവരത്തി, മിനിക്കോയ്, കൽപെയ്‌നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടർ അസ്‌കർ അലി അടച്ചിടൽ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച മുതൽ ജൂൺ ഏഴ് വരെയാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.