- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഡിയു നേതാവിനെ ഒറ്റയ്ക്കു കണ്ടത് കുതന്ത്രം; യോഗത്തിൽ ആഞ്ഞടിച്ചത് എംപിക്കെതിരെ; പട്ടേലിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാതെ മൗനത്തിൽ ഇരുന്നത് അപസ്വരമായി; സേവ് ലക്ഷദ്വീപ് ഫോറത്തെ തകർക്കാൻ അഡ്മിനിസ്ട്രേറ്ററുടെ തന്ത്രം; പുകഞ്ഞ് സംഘടനയും; ലക്ഷദ്വീപിൽ പ്രതികാരം തുടരുന്നു
കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തിൽ അപസ്വരങ്ങൾ. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലുമായുള്ള കഴിഞ്ഞയാഴ്ചത്തെ ചർച്ച പരാജയപ്പെട്ടതോടെയാണ് എസ്.എൽ.എഫിൽ രാഷ്ട്രീയഭിന്നത ഉടലെടുത്തത്. ലക്ഷദ്വീപിനുവേണ്ടി രാഷ്ട്രീയഭേദമില്ലാതെ ഒന്നിച്ചവർക്കിടയിലാണ് പ്രശ്‌നങ്ങൾ.
ഇതുതീർക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ചർച്ചയിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കാനും പരസ്പര രാഷ്ട്രീയവിമർശനം ഒഴിവാക്കണമെന്ന് അണികളോട് ആവശ്യപ്പെടാനും ഓരോ രാഷ്ട്രീയപ്പാർട്ടി നേതൃത്വങ്ങളോടും എസ്.എൽ.എഫ്. ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ആദ്യമായി അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും എസ്.എൽ.എഫ്. പ്രതിനിധികളും തമ്മിൽ ചർച്ചനടന്നത്. ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾ തുടങ്ങിയശേഷം ആദ്യ ചർച്ചയായിരുന്നു ഇത്. ഭരണപരിഷ്‌കാരങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ പട്ടേൽ ഉറച്ചുനിന്നു. ഇതോടെ ചർച്ച പരാജയമായി.
രാത്രി വൈകിനടന്ന ഈ ചർച്ചയുടെ വിശാദംശങ്ങൾ അന്നുതന്നെ താഴെത്തട്ടിലെത്തിക്കാൻ എസ്.എൽ.എഫ്. പ്രതിനിധിസംഘത്തിനായില്ല. സംഘത്തിലെ ജെ.ഡി.യു. പ്രതിനിധി മുഹമ്മദ് സാദിഖിനെ പ്രഫുൽ പട്ടേൽ ചർച്ചയ്ക്കുമുമ്പായി പ്രത്യേകം കണ്ടു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ ലക്ഷദ്വീപ് എംപി. പി.പി. മുഹമ്മദ് ഫൈസലിനെ രൂക്ഷമായി വിമർശിച്ചു. യോഗത്തിലായിരുന്നു ഇത്.
പട്ടേലിന്റെ വിമർശനത്തിന് ഒരാൾപോലും മറുപടിപറയുകയോ ചർച്ച ബഹിഷ്‌കരിക്കുകയോ ചെയ്തില്ല. ഇതേച്ചൊല്ലിയാണ് അസ്വാരസ്യങ്ങൾ തുടങ്ങിയത്. എസ്.എൽ.എഫ്. തന്നെ ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാനാണ് നീക്കം. രാഷ്ട്രീയ നേട്ടത്തിന് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എംപി ഉയർത്തുന്ന വാദം.
ഒരിടവേളയ്ക്ക് ശേഷം ലക്ഷദീപ് വീണ്ടും പുകയുകയാണ്. ഇതിനിടെയാണ് ഫോറത്തിലെ പ്രശ്‌നങ്ങളും. ചർച്ച പൊളിഞ്ഞതിന് പിന്നാലെ ലക്ഷദ്വീപിൽ നടപടികൾ തുടങ്ങി. കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങൾ ഭരണകൂടം കഴിഞ്ഞ രാത്രി പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കൽ വർക്ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എൻജിൻ സർവീസ് കേന്ദ്രം, കരകൗശല നിർമ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി.
കളക്ടർ എസ്. അസ്‌കർ അലിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതികൾ കൊണ്ടുവന്നത്. ഇതിൽ കെട്ടിട നിർമ്മാണത്തിനായി ഇതിനകം 35 ലക്ഷം രൂപയോളം ചെലവാക്കി കഴിഞ്ഞിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയായിരുന്നു. അതിനിടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇത് പൊളിച്ചു നീക്കിയത്.
അഡ്‌മിനിസ്‌ട്രേറ്ററും പഞ്ചായത്തുകളുമായി ഉണ്ടായിരുന്ന ഒളിയുദ്ധമാണ് ഇതോടെ മറനീക്കി പുറത്തു വരുന്നത്. ഒരു തുറന്ന യുദ്ധത്തിലേക്കാണ് ലക്ഷദീപിലെ കാര്യങ്ങൾ നീങ്ങുന്നത്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് എടുത്തായിരുന്നു പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പൊതുസ്ഥലത്തല്ല നിർമ്മാണം എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ