കാസർഗോഡ്: മരിച്ചു പോയ ഭർത്താവിന് വേണ്ടിയുള്ള ഇടിയും നിലവിളിയും ഒടുവിൽ മരിച്ചയാളുടെ ഉയർത്തെഴുന്നേൽപ്പും കണ്ട് ഞെട്ടിത്തരിച്ചിരിച്ച കാസർഗോട്ടെ ലക്ഷ്മണന്റെ കഥ ഇന്നലെ വാർത്തയായിരുന്നു. മരിക്കാത്ത ലക്ഷ്മണൻ മരിച്ചത് എങ്ങിനെ എന്ന് ആലോചിച്ച് ഇന്നലെ പലരും മൂക്കത്ത് വിരൽ വെച്ചിരുന്നു. ആശുപത്രിയിൽ ആയിരുന്ന ലക്ഷ്മണൻ കൂട്ടുകാരുമായി ബാറിൽ പോയി ഒന്നു മിനുങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഒരു ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ച ആ രസകരമായ സംഭവം ഇങ്ങനെയാണ്. ഗുരുതരമായി പനിപിടിച്ചാണ് നമ്മുടെ കഥാനായകനെ ആശുപത്രിയിലാക്കിയത്. പനി കുറഞ്ഞപ്പോൾ ഇവിടെ നിന്നും കൂട്ടുകാർ എത്തി കൊണ്ടു പോന്നു. പോരുന്ന വഴിയിലാണ് ഒന്നു മിനുങ്ങണമെന്ന് എല്ലാവർക്കും തോന്നിയത്. വഴിയിൽ കണ്ട ബാറിൽ കയറി മൂക്കറ്റം കുടിച്ച് എല്ലാവരും പാമ്പ് ആകുകയും ചെയ്തു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ രോഗിയായിരുന്ന ലക്ഷ്മണൻ ബോധം കെട്ട് വീഴുകയായിരുന്നു.

ഇതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൂടെ ഉണ്ടായിരുന്ന ആൾ ലക്ഷ്മണൻ മരിച്ചുവെന്നും ആംബുലൻസ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണിൽ അറിയിച്ചത്. ബന്ധുക്കൾ പഞ്ചായത്തിന്റെ ആംബുലൻസിൽ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. ഇതിനിടെ പിണങ്ങി സ്വന്തം വീട്ടിലായിരുന്ന ഭാര്യയും മക്കളും എത്തി. ഭർത്താവ് മരണമടഞ്ഞ വിഷമത്തിൽ ഭാര്യയും അലമുറയിട്ടു കരഞ്ഞു. ഇതോടെ സംസ്‌കാരചടങ്ങിനിടെ ലക്ഷ്മണൻ കണ്ണുതുറക്കുകയായിരുന്നു.

കാസർഗോഡ് ആദൂർ കൊയ്ക്കുട്‌ലുവിലെ ലക്ഷ്മണനാണ് കൂട്ടുകാരുടെ ഫോൺവിളിയിൽ മരിച്ച് വീട്ടിലെത്തി ജീവൻ വെച്ചത്. ഏതായാലും എത്തിയപാടെ വീട്ടുകാർ ആശുപത്രിയിലാക്കി മരിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. ഇതോടെ ബന്ധുക്കൾ നൽകിയ വിവരത്തെ തുടർന്ന് ആദൂർ പൊലീസെത്തുകയും ജീവനുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒരാഴ്‌ച്ചയ്ക്ക് മുമ്പ് ആദൂർ പൊലീസ് സ്‌റ്റേഷന് സമീപം അവശ നിലയിൽ കണ്ടെത്തിയപ്പോഴാണ് ലക്ഷ്മണനെ നാട്ടുകാർ കാസർ ഗോഡെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനാൽ മംഗലാപുരം ദേർലക്കട്ട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.