തിരുവനന്തപുരം: ബാലഭാസ്‌ക്കർ അന്തരിച്ച് ഒരു മാസം പിന്നിടുമ്പോൾ ലക്ഷ്മി ജീവിതത്തിലേക്ക് തിരികെ കയറുന്നു. ജീവന്റെ നല്ലപാതിയും പൊന്നുമകളും ഇല്ലാത്ത ജീവിതത്തിൽ ലക്ഷ്മിക്ക് അവരുടെ ഓർമ്മകൾ കൂട്ടാകും. കാറപകടത്തിൽ ഉണ്ടായ പരിക്കുകൾ ഏറെക്കുറെ ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട ലക്ഷ്മി പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതായാണ് റിപ്പോർട്ട്. ഒരാശ്വാസ വാക്കുകൾക്കും സാന്ത്വനം പകരാത്ത നെരിപ്പോട് ഹൃദയത്തിൽ എരിയുമ്പോഴും മരണമെന്ന വലിയ സത്യത്തെ തിരിച്ചറിഞ്ഞ് ജീവിതവുമായി പൊരുത്തപ്പെട്ടു വരികയാണ്.

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭർത്താവിന്റേയും മകളുടേയും മരണമുൾക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടിൽ പ്രിയപ്പെട്ടവരുടെ കരുതൽ കരങ്ങളിലാണ്. ഒരു മാസത്തിലേറെ നീണ്ട ചികിൽസയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായി. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോൾ. വലത് കാലിലെ പരുക്ക് കൂടി ഭേദമായാൽ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്‌നേഹത്തണലിൽ ദുഃഖങ്ങളൊളിപ്പിച്ച് ചിരിക്കാൻ ശ്രമിക്കുകയാണവർ.

ബാലയും തേജസ്വിനിയും മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷ്മി ഇരുവരും തന്നെ വിട്ടു പോയെന്ന സത്യമറിഞ്ഞത്. പ്രിയപ്പെട്ടവന്റെയും മകളുടെയും മരണ വാർത്ത അമ്മയിലൂടെയാണ് ലക്ഷ്മി അറിഞ്ഞത്. അപകടത്തിൽ ലക്ഷ്മിയുടെ തലച്ചോറിനും വയറിനുമാണ് ഗുരുതര പരിക്കേറ്റിരുന്നത്. ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ജീവിതത്തിലേക്ക് തിരികെ മടങ്ങി എത്തിയ ലക്ഷ്മിക്ക് ഇനിയും പ്രിയപ്പെട്ടവരുടെ മരണം ഉൾക്കൊള്ളാനാിട്ടില്ല.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ലക്ഷ്മിയും ബാലഭാസ്‌ക്കറും വിവാഹിതരായത്. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവർക്കും തേജസ്വിനി എന്ന പെൺകുഞ്ഞ് പിറന്നത്. മകളുടെ പേരിലുള്ള വഴിപാടുകൾ കഴിച്ച് തിരികെ വരും വഴിയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. മൂന്ന് വയസ്സുകാരി മകളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊണ്ടു പോകും വഴി തന്നെ മരണം സംഭവിച്ചിരുന്നു.

ഗുരുതരാവസ്ഥയിലാണ് ബാലഭാസ്‌ക്കറിനെയും ലക്ഷ്മിയേയും അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലക്ഷ്മി അപകട നില തരണം ചെയ്തു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌ക്കർ കോമയിലേക്ക് നീങ്ങി. കേരളം ഒന്നടങ്കം മനമുരുകി പ്രാർത്ഥിച്ചെങ്കിലും ബാലഭാസ്‌ക്കർ ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല. ദിവസങ്ങൾ നീണ്ട ചികിത്സ ഫലം കണ്ടു തുടങ്ങിയ അവസരത്തിൽ തന്നെ ബാലഭാസ്‌ക്കറിനെ മരണം കൂട്ടിക്കൊണ്ടു പോയി.