ചെന്നൈ: ഏഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് നടി ലക്ഷ്മി രാമകൃഷ്ണൻ. കഴിഞ്ഞ ഫെബ്രുവരിയിൽ മുഗളിവാക്കത്താണ് ദാരുണമായ ഈ സംഭവം നടന്നത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികൾക്കുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിന് ശേഷം അയൽവാസിയായ തഷ്വന്ത് (23) എന്ന യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തിരിച്ചെത്തിയപ്പോൾ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. ഐടി കമ്പനിയിൽ ജീവനക്കാരനാണ് തഷ്വന്ത്. ഏഴു മാസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ് അയാൾ. ഇതിനെതിരൊയാണ് ലക്ഷ്മി പ്രതികരണവുമായി രംഗത്തെത്തിയത്.

'ഏഴ് വയസ്സുമാത്രമുള്ള ആ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കഥ എല്ലാവരും മറന്നു. കുറച്ച് കാലത്തെ ജയിൽ വാസത്തിന് ശേഷം അയാൾ പുറത്തിറങ്ങി. തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങൾ കൊണ്ട് എന്ത് ഗുണമുണ്ടായി. ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും എന്താണ്? - ലക്ഷ്മി ചോദിക്കുന്നു.

ട്വിറ്ററിൽ തന്റെ അമർഷം രേഖപ്പെടുത്തിയ ലക്ഷ്മി സംഭവത്തിൽ പ്രധാനമന്ത്രിയും സുഷമാ സ്വരാജും ഇടപെടണമെന്ന് പറയുന്നു.

കുട്ടിയെ കാണാതായതിന് ശേഷം നടത്തിയ തിരച്ചിൽ ഇയാളും സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ആരും സംശയിച്ചില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്.