തിരുവനന്തപുരം: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് വിമർശനം നേരിടവേ നടൻ ലാൽ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോഴാണ് പരസ്യത്തിൽ അഭിനയിച്ചതെന്ന് ലാൽ പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സങ്കടമുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോടെ പ്രതികരിച്ചു.

റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കെ ബി ഗണേശ് കുമാർ എംഎൽഎ എത്തിയതിന് പിന്നാലെയാണ് ലാലിന്റെ പ്രതികരണം. 'കോവിഡ് കാഘട്ടത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്ന സമയത്ത് അങ്ങനൊരു പരസ്യം വന്നപ്പോൾ തിരിച്ചും മറച്ചും ഒരുപാട് ആലോചിച്ചു. സാർക്കാർ അനുമതിയുണ്ട് നിയമപരമായി ശരിയാണ് എന്നൊക്കെ കേട്ടപ്പോൾ പരസ്യം ചെയ്തു. പക്ഷേ അത് ഇന്ന് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിഞ്ഞില്ല. ഇനി ഇത്തരം പരസ്യങ്ങൾ വന്നാൽ തല വയ്ക്കില്ല. പരസ്യം ചെയ്തതിൽ സങ്കടമുണ്ട്. അതിന്റെ ഭാഗമായതിൽ വിഷമമുണ്ട്' - ലാൽ പറഞ്ഞു.

ഇന്നലെ നിയമഭയിലാണ് റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം കെ ബി ഗണേശ് കുമാർ എംഎൽഎ ഉന്നിയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല.

വിരാട് കോലി അഞ്ചു പൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനെയും റിമി ടോമിയെയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണം കെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു.