ന്യൂഡൽഹി: ജനാധിപത്യത്തിൽ അന്തിമവാക്ക് പറയുന്നത് ജനങ്ങളാണ്..അല്ലെങ്കിൽ വോട്ടർമാരാണ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ അവശേഷിച്ച ഏകകോട്ടയായ മിസോറാം കോൺഗ്രസിന് നഷ്ടമായി കഴിഞ്ഞു. ഏറ്റവുമധികം കാലം മിസോറാം മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹവ്‌ല മൽസരിച്ച രണ്ടുസീറ്റിലും തോറ്റത് തന്നെ ജനവിധിയുടെ ഉഗ്രസൂചകമാണ്. അഞ്ചുവട്ടം മുഖ്യമന്ത്രിയായ തൻഹവ്‌ലയ്ക്ക് ചാംഫായ് സൗത്തിലും സെർചിപ്പിലും ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. സെർച്ചിപ്പിൽ 410 വോട്ടിനും ചാംഫായ് സൗത്തിൽ 1300 വോട്ടിനുമാണ് തോൽവി.

രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും കോൺഗ്രസ് ശക്തമായി തിരിച്ചുവന്ന വേളയിൽ തന്നെയാണ് മിസോറാമിൽ ശക്തമായ ഭരണവിരുദ്ധ വികാരത്തിൽ ഉലഞ്ഞ് പാർട്ടി തകർന്നടിഞ്ഞത്. പ്രദേശ് കോൺ്ഗ്രസ് അദ്ധ്യക്ഷനായ തൻഹവ്‌ല കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന് പേരുകേട്ട നേതാവാണ്. പാർട്ടി സഹപ്രവർത്തകർക്ക് നേരേ മാത്രമല്ല, പാർട്ടി ഹൈക്കമാൻഡിന്റെ ചില തീരുമാനങ്ങൾക്കെതിരെ പോലും നിലപാടുകൾ സ്വീകരിച്ച നേതാവ്. കാൽനൂറ്റാണ്ടു കാലം നിയമസഭാംഗമായിരുന്നു. അഞ്ചുതവണ മുഖ്യമന്ത്രിയായി.

എഴുപത്താറുകാരനായ തൻഹവ്ലയാണ മിസോറമിൽ പാർട്ടിയുടെ പ്രചാരണം ഒറ്റയ്ക്കു നയിച്ചത്. എന്നാൽ, ഇതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ മുറുമുറുപ്പുയർന്നിരുന്നു. ആഭ്യന്തര മന്ത്രിയും സ്പീക്കറും ഉൾപ്പെടെ 5 എംഎൽഎമാരാണു തിരഞ്ഞെടുപ്പിനു മുൻപായി കോൺഗ്രസ് വിട്ട്, എംഎൻഎഫ് ബിജെപി പാളയത്തിലെത്തിയത്. പ്രചാരണത്തിൽ ഹൈക്കമാൻഡാകട്ടെ മുഖം തിരിച്ചുനിന്നു. ഇതോടെ, ഇത്തവണ ജനങ്ങൾ കോൺ്ഗ്രസിനെതിരായി വിധിയെഴുതി.

കഴിഞ്ഞ തവണ 34 സീറ്റുകളിൽ വിജയിച്ച് തകർപ്പൻ വിജയം സ്വന്തമാക്കിയ കോൺഗ്രസ് ഇക്കുറി മിസോറാമിൽ തകർന്നടിയുകയായിരുന്നു. ആകെ അഞ്ചു സീറ്റിൽ മാത്രമാണ് അവർക്കു വിജയിക്കാനായത്. മിസോറമിൽ തോൽവി ഉറപ്പാക്കിയതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് പൂർണമായും തൂത്തെറിയപ്പെട്ടു. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോൺഗ്രസ് മുക്ത് ഭാരത് എന്ന സങ്കൽപം വടക്കു കിഴക്കൻ മേഖലയിൽ യാഥാർഥ്യമാവുകയും ചെയ്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭേദപ്പെട്ട പ്രകടനം ഇക്കുറിയും തുടർന്ന ബിജെപി, മിസോറമിൽ ആദ്യമായി അക്കൗണ്ട് തുറന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കു ചേക്കേറിയ ഡോ. ബുദ്ധ ധൻ ചക്മയാണ് മിസോറമിലെ ആദ്യ ബിജെപി അംഗം.

10 വർഷമായി അധികാരത്തിനു പുറത്തു നിൽക്കുന്ന മിസോ നാഷനൽ ഫ്രണ്ടിനെ (എംഎൻഎഫ്) നയിക്കുന്നത് മുൻ മുഖ്യമന്ത്രി സോറാംതാംഗയാണ്. 1998 ഡിസംബർ മുതൽ 2008 ഡിസംബർ വരെ മിസോറം ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിന്റെ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമുള്ളതിനാൽ ബിജെപിയെ സർക്കാരിൽ പങ്കാളിയാക്കില്ല. ഗവർണർ കുമ്മനം രാജശേഖരനെ കണ്ട് സർക്കാരുണ്ടാക്കാൻ പാർട്ടി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.