ലണ്ടൻ: വിവാദങ്ങളുടെ കളിത്തോഴനായി മാറിയ ലളിത് മോദി ആ വിവാദങ്ങളെയും വിറ്റു കാശാക്കുന്നുണ്ടോ? ഉണ്ടെന്നാണ് വാർത്താചാനലായ ടൈംസ് നൗവിനോടുള്ള മോദിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

അഭിമുഖം ചോദിച്ച ടൈംസ് നൗ പ്രതിനിധിയോട് ഒരു കരാറിൽ ഒപ്പിട്ടാൽ മാത്രമേ താൻ അഭിമുഖത്തിനു തയ്യാറാകൂ എന്നാണ് ലളിത് മോദി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു ചാനലിന് അഭിമുഖം കൊടുക്കുന്ന കാര്യം മോദി തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ടുഡേ ചാനലിന്റെ രാജ്ദീപ് സർദേശായിയുമായി അഭിമുഖത്തിനായി ഒരുങ്ങുന്നുവെന്നാണ് ലളിത് മോദി ട്വീറ്റ് ചെയ്തത്. ഇതിനിടെയാണ് മറ്റു ചാനലുകൾ പലരും ഇത്തരത്തിൽ വിവാദ നായകനായ മോദിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചത്. ഈ കൂട്ടത്തിലാണ് ടൈംസ് നൗ പ്രതിനിധിയും ലളിത് മോദിയുടെ അഭിമുഖം ആവശ്യപ്പെട്ട് സമീപിച്ചത്. എന്നാൽ, ഇവയ്‌ക്കൊന്നും അനുമതി നൽകാൻ ലളിത് മോദി തയ്യാറായിരുന്നില്ല.

വിവാദങ്ങൾ വിറ്റുകാശാക്കാൻ തന്നെയാണ് തീരുമാനമെന്ന നിലയിലായിരുന്നു ലളിത് മോദിയുടെ പ്രതികരണം. വിഷയത്തിൽ തത്സമയ അഭിമുഖത്തിനായി കോടികളാണ് ഇന്ത്യ ടുഡേ ചാനലിൽ നിന്ന് മോദി വാങ്ങിയതെന്ന സൂചനയും അഭിമുഖം ലഭിക്കാത്ത ചാനലുകളുടെ പ്രതിനിധികൾ വ്യക്തമാക്കുന്നു. കരാറിന്റെ പേരിൽ കോടികളാണ് ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്.

രാജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിന് മോണ്ടിനെഗ്രോയിലേക്ക് പോകുന്നുവെന്നാണ് ലളിത് മോദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. അതിനിടെ, ലണ്ടനിൽ നിന്ന് മോദി കടക്കാൻ ശ്രമിക്കുന്നത് അറസ്റ്റു ഭയന്നാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചുമതലക്കാരനായിരുന്ന ലളിത് മോദിയുടെ ബന്ധങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലെ പലരും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലളിത് മോദിയെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രം ഭരിച്ച യുപിഎ സർക്കാർ ശ്രമിക്കാത്തത് തങ്ങളിൽ പലരും കുടുങ്ങുമെന്ന ഭയത്താൽ ആണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മാനുഷിക പരിഗണന വച്ചാണ് താൻ ലളിത് മോദിക്ക് വിദേശയാത്രയ്ക്ക് പച്ചക്കൊടി കാട്ടിയതെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനകൾ വന്നതോടെ രാജിക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷം അവർ ഭരണത്തിൽ ഇരുന്നപ്പോൾ എന്തുകൊണ്ട് മോദിക്കെതിരെ നടപടി സ്വീകരിച്ചില്ല എന്ന് പലകോണിൽ നിന്നും വിമർശനങ്ങളും ഉയർന്നിരുന്നു. ഡിഎൽഎഫ്-ഐപിഎൽ ബന്ധം, വാദ്ര-ഡിഎൽഎഫ് ബന്ധം, സുനന്ദ പുഷ്‌കർ-ഐപിഎൽ കൊച്ചി ടീം ബന്ധം അങ്ങനെ പല കാര്യങ്ങളും ഇതിനോടു കൂട്ടിവായിക്കേണ്ടതാണെന്നാണ് ആരോപണം ഉയർന്നത്. ഐപിഎൽ വിവാദം സംബന്ധിച്ച സത്യം താൻ തുറന്നുപറയും എന്ന് സുനന്ദ പുഷ്‌കർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അവർ കൊല്ലപ്പെട്ടത്. ഇക്കാര്യത്തെ കുറിച്ചെല്ലാം പൂർണമായും അറിയാവുന്ന വ്യക്തിയാണ് ലളിത് മോദി എന്നത് കോൺഗ്രസിനെ അലട്ടിയിരുന്നു. അതിനാലാണ് മോദിയെ ഇന്ത്യയിൽ എത്തിക്കാൻ കോൺഗ്രസ് ഭരിച്ചപ്പോൾ ഒരു ശ്രമവും നടത്താത്തത് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

ലളിത് മോദിയെ ഇന്ത്യയിൽ തിരികെ എത്തിച്ച് അയാൾക്കെതിരായ കേസുകൾ ഒന്നൊന്നായി പരിശോധിക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെ വെളിച്ചത്തു വരുമെന്നാണ് കോൺഗ്രസിനെതിരായ ആയുധമായി വിമർശകർ പറയുന്നത്. ഇതിനിടെയാണ് ചാനൽ അഭിമുഖങ്ങളുടെ പേരിലും ലളിത് മോദി കോടികൾ ആവശ്യപ്പെട്ടതായും കേസ് ഭയന്ന് ലണ്ടനിൽ നിന്ന് കടക്കാൻ നടത്തുന്ന ശ്രമത്തിന്റെയും സൂചനകളും പുറത്തുവരുന്നത്.

2010ലാണ് ലളിത് മോദി യുകെയിൽ എത്തുന്നത്. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ്. അന്നത്തെ സർക്കാർ അറിയാതെ എങ്ങനെ ലളിത് മോദി ഇംഗ്ലണ്ടിൽ എത്തി എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്താണ് മോദിക്കു വിസ ലഭിച്ചതും ലണ്ടനിൽ താമസമാക്കിയതും. സുഷമ സ്വരാജ് ലളിത് മോദിയെ സഹായിച്ചെന്ന വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് യുകെയിലെ സൺഡേ ടൈംസ് ആണ്. എന്നാൽ പിന്നീട്, ടൈംസ് നൗ 'എക്‌സ്‌ക്ലൂസീവ് ന്യൂസ്‌ബ്രേക്ക്' ആയി വാർത്ത വീണ്ടും പുറത്തുവിട്ടു. 'മാനുഷിക പരിഗണന'യുടെ പേരിൽ ലളിത് മോദിയെ സഹായിച്ച സുഷമ എത്രയും വേഗത്തിൽ രാജിവയ്ക്കണമെന്ന തരത്തിലാണ് ടൈംസ് വാർത്ത നൽകിയത്.

എന്നാൽ, ബ്രിട്ടനിൽ നിന്ന് പുറത്തുവന്ന വാർത്ത തങ്ങളുടേതാണ് എന്ന് അവകാശപ്പെടാൻ എന്ത് അർഹതയാണ് ടൈംസ് നൗവിന് ഉള്ളതെന്ന് നവമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. രാജ്ദീപ് സർദേശായിയാണ് ചർച്ചകൾക്കു തുടക്കമിട്ടത്. ഈ സാഹചര്യത്തിൽ രാജ്ദീപ് തന്നെ ലളിത് മോദിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂവിനായി പോകുന്നത് മറ്റൊരു ചർച്ചയ്ക്കും വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മോദി വിവാദ അഭിമുഖത്തിനായി ആവശ്യപ്പെടുന്നത് കോടികളാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. വാർത്ത പുറത്തുകൊണ്ടുവന്നു എന്ന് അവകാശപ്പെട്ട ടൈംസ് നൗവിനോടു തന്നെ കോടികളുടെ കരാറൊപ്പിട്ടാൽ മാത്രമേ അഭിമുഖം നൽകുവെന്ന തരത്തിൽ ലളിത് മോദി പ്രതികരിച്ചത് ചർച്ചകളെ മറ്റു തലങ്ങളിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ്.