റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായ രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലുപ്രസാദ് യാദവിന് ജയലിൽ കടുത്ത നിയന്ത്രണങ്ങൾ. മുൻ മുഖ്യമന്ത്രിക്ക് ജയിൽ ചട്ടങ്ങളിൽ ഇളവ് വേണമെന്ന് രാഷ്ട്രീയ ജനതാദൾ ആവശ്യപ്പെടുകയും ചെയ്തു. സിബിഐ. പ്രത്യേക കോടതി കുറ്റക്കാരനാണെന്നുകണ്ടെത്തിയതോടെ ശനിയാഴ്ച വൈകിട്ടാണ് 69 വയസുകാരനായ ലാലുവിനെ ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ബിർസാ മുണ്ട ജയിലിലെത്തിച്ചത്. ഝാർഖണ്ഡിൽ ബിജെപി ഭരണമാണുള്ളത്. 3351 നമ്പർ തടവുകാരനാണ് ജയിലിൽ ലാലു.

ഒരു സമയം മൂന്ന് പേർക്ക് മാത്രമേ ജയിലിൽ ലാലുവിനെ കാണാൻ അനുമതിയുള്ളൂ. അതു പോരെന്നും ഇക്കാര്യത്തിൽ നിയന്ത്രണം പാടില്ലെന്നുമാണ് ആർജെഡിയുടെ ആവശ്യം. കുടുംബാഗങ്ങളെ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ ബിജെപി സർക്കാർ ഇത്തരം ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതുമില്ല. ജയിലിലെ ആദ്യ ദിവസം രാത്രി ഭക്ഷണത്തിനു ചപ്പാത്തിയും പരിപ്പു കറിയുമായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ അദ്ദേഹത്തിനു ചോറിനു പകരം ചപ്പാത്തി നൽകണമെന്ന് മകനായ തേജസ്വി പ്രസാദ് യാദവ് ജയിൽ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.

2014 ൽ ഹൃദയ ശസ്ത്രക്രിയക്കുശേഷം കൃത്യമായ ഭക്ഷണനിയന്ത്രണം പാലിക്കുകയാണു ലാലു. എന്നാൽ 2013 ൽ ജയിലിലായിരുന്നപ്പോൾ ചോറും ആട്ടിറച്ചിയും നൽകിയിരുന്നു. ധാരാളം ആർ.ജെ.ടി. നേതാക്കൾ ഞായറാഴ്‌ച്ച ജയിലിൽ സന്ദർശനത്തിനായി എത്തിയെങ്കിലും ആരെയും അകത്തേക്കു പ്രവേശിപ്പിച്ചില്ല. മകൻ തേജ്വസി പ്രസാദ് യാദവ് ശനിയാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ജയിൽചട്ടങ്ങളിൽ ഞായറാഴ്ചകളിൽ തടവുകാരെ കാണുന്നതിനു വിലക്കുണ്ട്. മറ്റു ദിവസങ്ങളിൽ സന്ദർശന സമയങ്ങളിൽ അദ്ദേഹത്തെ കാണാനാകുമെന്ന് ജയിൽ സൂപ്രണ്ടന്റ് അശോക് ചൗധരി പറഞ്ഞു. ജയിലിൽ അപ്പർ ഡിവിഷൻ സെല്ലിലാണ് ലാലുവിനെ പാർപ്പിച്ചിത്.

അദ്ദേഹത്തെ കൂടാതെ മുൻ നിയമസഭാംഗമായ സാവ്ന ലാക്റ, കെ.കെ. ഭഗത്, സഞ്ജീവ് സിങ്, എനോസ് എക്ക, ആർ.കെ. റാണ. മുന്മന്ത്രി രാജ പീറ്റർ, ബിഹാറിലെ മുൻ എംപി. ജഗ്ദീഷ് ശർമ തുടങ്ങിയവരും ഇതേ ബ്ലോക്കിൽ ഉണ്ട്. പത്രങ്ങളും പുസ്തകങ്ങളും പുറത്തുനിന്നുള്ള ഭക്ഷണവും ലാലുവിനു ജയിലിൽ ലഭ്യമാണ്. ദിവസം മൂന്ന് പേർക്ക് മാതേ്രമ സന്ദർശനാനുമതിയുള്ളൂ.

2013ൽ കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസിൽ ജയിലിൽക്കിടന്ന അതേ സെല്ലിലാണ് ഇത്തവണയും ലാലുവിന്റെ വാസം. രണ്ടാമത്തെ കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധിച്ചത്. ഇനിയും മൂന്ന് കേസുകളിൽ വിധി വരാനുണ്ട്. കൊതുകുവല, പത്രം, ടെലിവിഷൻ, എന്നിയുണ്ട്. ജയിലിൽ സ്വന്തം ഭക്ഷണം പാകം ചെയ്യാനും അനുവാദമുണ്ട്. ജയിലിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കി. എല്ലാ ദിവസവും ഡോക്ടർമാർ എത്തുന്നുണ്ട്.

കോടതിവിധിക്ക് ശേഷം ആറ് സംസ്ഥാനങ്ങളിലെ പാർട്ടി പ്രസിഡന്റുമാരും മുൻ മന്ത്രി അനുപൂർണാ ദേവിയും ലാലുവിനെ ജയിൽ കവാടം വരെ അനുഗമിച്ചിരുന്നു. 2013ൽ 77 ദിവസമാണ് ഇവിടെ ലാലു കഴിഞ്ഞത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോൾ പുറത്തിറങ്ങി. ജയിൽനിയമങ്ങൾ ലംഘിക്കപ്പെട്ടതായി അന്നും ആരോപണമുയർന്നിരുന്നു. രണ്ടാമത്തെ കേസായതിനാൽ ജാമ്യം ലഭിക്കൽ ഇത്തവണ എളുപ്പമാകില്ലെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. സ്ഥിരം കുറ്റവാളികൾക്ക് ജാമ്യം നൽകുന്നതിന് ഉന്നത കോടതികൾ അനുകൂലമല്ല.