തിരുവനന്തപുരം: അംബാനിയുടെ ന്യൂസ് 18 കേരളയെന്ന മലയാളം വാർത്താ ചാനലിലേക്ക് ഏഷ്യാനെറ്റിൽ നിന്ന് കൂടുതൽ പേരെത്തുമെന്ന് സൂചന. ചിത്രം വിചിത്രം അവതാരകരായ ലല്ലു ശശിധരൻ പിള്ളയും ഗോപീകൃഷ്ണനും ന്യൂസ് കേര 18ൽ ഉടൻ ചേരുമെന്നാണ് സൂചന. ഇതോടെ ചിത്രം വിചിത്രമെന്ന ഏഷ്യാനെറ്റിലെ പ്രതിദിന ആക്ഷേപ രാഷ്ട്രീയ പരിപാടി പ്രതിസന്ധിയിലുമാകും. ഇത് പരിഹരിക്കാൻ ജോർജ് പുളിക്കനെ ചിത്രം വിചിത്രത്തിന്റെ അവതാരകനാക്കാനാണ് നീക്കം. ഇതിനുള്ള ചർച്ചകൾ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. അതിനിടെ എക്‌സക്ലൂസിവിലൂടെ ശ്രദ്ധേയനായ മംഗളത്തിലെ ഗ്ലാമർ റിപ്പോർട്ടർ നാരായണനെ ചാനലിൽ എത്തിക്കാനുള്ള ശ്രമങ്ങളും ന്യൂസ് 18ന് നടത്തുന്നുണ്ട്. വലിയ ഓഫറാണ് അംബാനിയുടെ ചാനലിൽ നിന്ന് നാരായണന് ലഭിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ദിവസവും ലല്ലു തന്നെയാണ് ചിത്രം വിചിത്രം അവതരിപ്പിച്ചത്. ഗോപീകൃഷ്ണനും ചാനലിൽ ഇപ്പോഴും ഉണ്ട്. ഇതിൽ ഗോപീകൃഷ്ണൻ ന്യൂസ് 18 കേരളയുമായി ചർച്ചകൾ പൂർത്തിയാക്കിയതാണ് വിവരം. ലല്ലുവും സമാനപാതയിലാണെന്ന് ഏഷ്യാനെറ്റ് വിലയിരുത്തുന്നു. ഏഷ്യാനെറ്റിലെ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജയ്ദീപാണ് ന്യൂസ് കേരളാ 18ന്റെ കേരളത്തിലെ തലവൻ. ലല്ലുവും ഗോപീകൃഷ്ണനുമായി ഏറെ അടുപ്പം ജയ്ദീപിനുണ്ട്. പ്രസ് ക്ലബ്ബിലെ ബാർ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ചിരുന്നു. ജയ്ദീപിന്റെ നിലപാടുകളെയാണ് ലല്ലുവും ഗോപിയും പിന്തുണച്ചിരുന്നത്. അന്ന് മുതൽ തന്നെ ലല്ലുവും ഗോപിയും ജയ്ദീപിനൊപ്പം ചാനൽ വിടുമെന്ന് അഭ്യൂഹം തുടങ്ങി. അതിനാണ് ഇപ്പോൾ പുതുമാനം വരുന്നത്. ഇരുവരും ഉടൻ ന്യൂസ് 18 കേരളയിലെത്തുമെന്ന് അവരും സൂചന നൽകുന്നു.

ഇതോടെ ചിത്രം വിചിത്രമെന്ന പരിപാടിയും പ്രതിസന്ധിയിലാകും. ഇത് ഒഴിവാക്കാനാണ് മുതിർന്ന മാദ്ധ്യമപ്രവവർത്തകനായ ജോർജ് പുളിക്കനെ ഏഷ്യാനെറ്റ് നോട്ടമിടുന്നത്. മാതൃഭൂമി പത്രത്തിലെ പരിചയവുമായി ജയഹിന്ദ് ടിവി, മനോരമ ടിവിയിലും ചേർന്ന ജോർജ് പുളിക്കൻ രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് പുതിയ തലം നൽകി. മാതൃഭൂമി ചാനലിലെ ധിം തരികിട തോം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യാവിഷനിലും സമാന പരിപാടി പുളിക്കൻ അവതരിപ്പിച്ചിരുന്നു. മാതൃഭൂമി ചാനലിൽ നിന്ന് രാജിവച്ച പുളിക്കൻ നിലവിൽ ഏഷ്യാനെറ്റ് ഓൺലൈനുമായി സഹകരിക്കുന്നുണ്ട്. പുളിക്കനെ ചാനലിന്റെ മുഖമാക്കാനാണ് ഏഷ്യാനെറ്റിന്റെ പദ്ധതി. അബാനിഫിക്കേഷനിൽ ന്യൂസ് 18 കേരളയുണ്ടാക്കുന്ന കുറവ് ഇതിലൂടെ പരിഹരിക്കാനാണ് നീക്കം. മലയാളികൾ ഏറെ അംഗീകരിച്ച ജോർജ് പുളിക്കന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏഷ്യാനെറ്റ് ഓൺലൈനിൽ കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തനം.

പൊലീസ് സ്‌റ്റോറികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മിടുക്കനാണ് നാരായണൻ. മംഗളം പത്രത്തിലെ പ്രധാന റിപ്പോർട്ടുകളെല്ലാം നരായണന്റേതാണ്. ഏറെ കോളിളക്കമുണ്ടാക്കിയ പല വാർത്തകളും കേരളം അറിഞ്ഞത് നാരായണനിലൂടെയാണ്. ബ്യൂറോയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാരായണനുമായും ന്യൂസ് കേരള 18 ചർച്ചകൾ നടത്തുന്നുണ്ട്. ലല്ലുവിനും ഗോപീകൃഷ്ണനും നാരായണനും വൻതുകയാണ് ഓഫർ ചെയ്തിരിക്കുന്നത്. ലല്ലുവും ഗോപീകൃഷ്ണും ഇതിനോട് സമ്മതം അറിയിച്ചിട്ടുമുണ്ട്. എന്നാൽ മംഗളത്തെ ഉപേക്ഷിക്കാനുള്ള തീരുമാനം നാരായണന് എടുക്കാനുമായിട്ടില്ല. അംബാനിയുടെ ചാനൽ എത്തിയെങ്കിലും സുപ്രധാന വാർത്തകളൊന്നും ഇതുവരെ ബ്രേക്ക് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാരായണനെ വലവീശപ്പിടിക്കാൻ നീക്കം തുടങ്ങിയത്. എന്നാൽ മംഗളവുമായുള്ള ആത്മബന്ധമാണ് നാരായണനെ ഈ ഓഫർ സ്വീകരിക്കാൻ ബുദ്ധിമുട്ടിപ്പിക്കുന്നത്. മംഗളം സിഇഒയായ അജിത് കുമാറുമായി വ്യക്തിപരമായ അടുപ്പം നാരായണനുണ്ട്. ഇതാണ് തടസ്സമാകുന്നത്.

റിലയൻസിന്റെ ദൃശ്യമാദ്ധ്യമ വിഭാഗമായ ന്യൂസ് 18 നെറ്റ് വർക്കിന്റെ ഭാഗമാണ് ന്യൂസ് കേരള 18. ഇന്ത്യയിലെ വാർത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് വ്യാപകമായി പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ന്യൂസ് 18 നെറ്റ് വർക്കിന് 13 ഭാഷാ ചാനലുകളുണ്ട്. ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീ ചാനലുകളാണ് ഇപ്പോൾ തുടങ്ങിയത്. കേരളത്തിൽ വാർത്താസംപ്രേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകർക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം, വൻതോതിൽ പണംമുടക്കിയാണ് മലയാളം ചാനൽ ആരംഭിക്കുന്നത്. മറ്റ് ചാനലുകളിലെ പ്രമുഖർക്ക് വൻശമ്പളമാണ് റിലയൻസിന്റെ വാഗ്ദാനം നൽകിയത്. ഇതോടെ ജയ്ദീപും മനോരമയിലെ രാജീവ് ദേവരാജനും ശ്രീലാലും ന്യൂസ് കേരള 18ലെത്തി. എന്നാൽ ഇടയ്ക്ക വച്ച് പ്രമുഖർ വരുന്നത് നിന്നു. ഇതോടെയാണ് കൂടുതൽ മികവ് തെളിയിച്ചവർക്ക് വമ്പൻ ഓഫറുമായി അംബാനിയുടെ ചാനൽ വീണ്ടും എത്തുന്നത്. ഏഷ്യാനെറ്റിലെ പ്രമുഖരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനലിന്റെ വരവ്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറായിക്കഴിഞ്ഞു. കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 മത്സരം കൊഴുപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.