റാഞ്ചി: ബീഹാർ മുൻ മുഖ്യമന്ത്രിയും ആ‍ർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന ലാലു പ്രസാദ് യാ​ദവിന്റെ വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ട‍ർ ഉമേഷ് പ്രസാദാണ് ലാലുവിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവ‍ർത്തനം വളരെ മന്ദ​ഗതിയിലാണ് എപ്പോൾ വേണമെങ്കിലും അവയുടെ പ്രവ‍ർത്തനം നിലയ്ക്കാം ലാലുവിന്റെ ആരോ​ഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാൻ അധികൃത‍ർക്ക് റിപ്പോ‍ർട്ട് കൈമാറിയിട്ടുണ്ട് - ഡോ ഉമേഷ് പ്രസാദ് വാ‍ർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 2018 ആ​ഗസ്റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ ആദ്യമായി റിപ്പോ‍ർട്ട് ചെയ്തത്. കാലിത്തീറ്റ കുംഭക്കോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.

കാലിത്തീറ്റ കുംഭകോണക്കേസിൽ 14 വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2017 ഡിസംബർ 23 മുതൽ ജയിലിലാണ് ലാലു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു വർഷമായി അദ്ദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് ജയിലിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിന് ലഭിക്കുന്നത് മോശം പരിചരണമെന്ന് മകൻ തേജ്വസി യാദവ് നേരത്തെ ആരോപിച്ചിരുന്നു.

കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ശിക്ഷ അനുഭവിക്കവേ ലാലു പ്രസാദ് യാദവ് സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലാലുവിന് ജാമ്യാപേക്ഷ നൽകാൻ പാടില്ലെന്ന് കാണിച്ച് സിബിഐ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കാലിത്തീറ്റ കുംഭകോണക്കേസിൽ തനിക്ക് മൂന്നര വർഷത്തെ ജയിൽവാസമാണ് ലഭിച്ചതെന്നാണ് ലാലു പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ശിക്ഷകളെല്ലാം കൂടി പരിഗണിക്കുമ്പോൾ 27.5 വർഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന്റേതെന്നു സിബിഐ. കോടതിയിൽ ചൂണ്ടിക്കാട്ടി. ലാലുവിന്റെ ആവശ്യത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും സിബിഐ പറഞ്ഞിരുന്നു.