ന്യൂഡൽഹി: സോഷ്യലിസ്റ്റുകളുടെ മഹാമുന്നണിയെന്ന ലക്ഷ്യം ബീഹാറിൽ യാഥാർത്ഥ്യമായില്ല. നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനുമൊപ്പം ഒരുമിച്ച് നിൽക്കാൻ മുലായം സിങ് യാദവില്ല. ഇതോടെ ബീഹാറിൽ ത്രികോണ മത്സര സാധ്യതയും സജീവമായി. പിന്നോക്ക വോട്ടുകൾ ലക്ഷ്യമിട്ടാണ് മുലായം മൂന്നാം മുന്നണിയുമായി ബീഹാറിൽ മത്സരത്തിനെത്തുന്നത്. ബീഹാറിൽ അധികാരം പിടിക്കാൻ കരുക്കൾ നീക്കുന്ന ബിജെപിക്ക് അനുകൂലമാണ് മുലായത്തിന്റെ മൂന്നാംമുന്നണി.

എൻസിപി, ലോക്‌സഭാ മുൻസ്പീക്കർ പി.എ. സാങ്മയുടെ എൻപിപി, മുൻ കേന്ദ്രമന്ത്രി ദേവേന്ദ്രപ്രസാദ് യാദവിന്റെ സമാജ്‌വാദി ജനതാദൾ (ഡെമോക്രാറ്റിക്) എന്നീ പാർട്ടികളുമായി ചേർന്നാണു എസ്‌പി ബിഹാറിൽ മൽസരിക്കുക. മുന്നണി ഏകോപനസമിതി ഇന്നു പട്‌നയിൽ യോഗം ചേർന്നു സ്ഥാനാർത്ഥികളെ തീരുമാനിക്കും. സീറ്റുവിഭജന തർക്കത്തെത്തുടർന്നാണു ജനതാപരിവാർ സഖ്യം രണ്ടാഴ്ച മുൻപ് എസ്‌പി വിട്ടത്. ബിഹാറിൽ കാര്യമായ സ്വാധീനമില്ലാത്ത എസ്‌പിക്ക് അഞ്ചു സീറ്റായിരുന്നു വാഗ്ദാനം ചെയ്തത്. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് മൂന്നാം മുന്നണിയിലേക്ക് എസ് പി എത്തിയത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ ബിജെപി വൻ നേട്ടം കൊയ്തിരുന്നു. ഇതോടെയാണ് മോദി തരംഗത്തെ ചെറുക്കാൻ വിശാല സോഷ്യലിസ്റ്റ് സഖ്യമെന്ന ആശയമെത്തിയത്. മുലായം സിങ് യാദവിനെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അതിനപ്പുറത്തേക്ക് ചർച്ചകൾ ഒന്നും എത്തിയില്ല. ഇതോടെ ജനതാദള്ളുകളുടെ പുനരേകീകരണമെന്ന സാധ്യത അവസാനിച്ചു. അത്തരത്തിലുള്ള ചർച്ചകൾ പൂർണ്ണമായും അവസാനിക്കുന്നതാണ് മുലായത്തിന്റെ മൂന്നാം മുന്നണി തീരുമാനം.

ബിഹാറിൽ 243 നിയമസഭാമണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായിട്ടാണു വോട്ടെടുപ്പ്. ആദ്യഘട്ടമായി 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒക്ടോബർ 12നു നടക്കും. ഒക്ടോബർ 16, 28, നവംബർ ഒന്ന്, അഞ്ച് എന്നീ തീയതികളിലാണു തുടർന്നുള്ള വോട്ടെടുപ്പ്. നവംബർ എട്ടിനാണു വോട്ടെണ്ണൽ. അതിനിടെ, പട്‌നയിൽ വാഹനപരിശോധനയ്ക്കിടെ ബിജെപി എംഎൽഎ ഉഷ വിദ്യാർത്ഥിയുടെ ഭർത്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിൽനിന്ന് കണക്കിൽപ്പെടാത്ത 12.36 ലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പായതിനാൽ ബിഹാറിൽ രേഖകളില്ലാതെ അരലക്ഷം രൂപയിലധികം കൈവശം വയ്ക്കുന്നതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കും.

ബിഹാർ തിരഞ്ഞെടുപ്പു കഴിയുംവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് റേഡിയോ പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽ അറിയിച്ചു.