ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. ബിജെപിക്ക് കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരിക്കാനാണ് ഇഷ്ടം എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരെ ഇത്തരമൊരു വിധി വന്നതിന് കാരണമെന്ന നിലയിലാണ് പ്രതികരണം.

സാമൂഹിക നീതിക്കും സമത്വത്തിനും ഐക്യത്തിന് വേണ്ടിയുമാണ് എന്റെ ശിക്ഷ എന്നതിൽ സന്തോഷമുണ്ടെന്നും ലാലു തന്റെ ട്വിറ്ററിൽ രേഖപ്പെടുത്തി. കേസിൽ ശിക്ഷ വരുന്നതിന് മുൻപ് ലാലുവിന്റെ മക്കളായ തേജസ്വി യാദവും തേജ്പാൽ യാദവും നടത്തിയ പത്രസമ്മേളനത്തിൽ ലാലുവിനെതിരായ കേസുകൾക്ക് പിന്നിൽ ബിജെപിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാണെന്ന് ആരോപിച്ചിരുന്നു.

ബിജെപിക്ക് വഴങ്ങാൻ ലാലു തയ്യാറായിരുന്നുവെങ്കിൽ അദ്ദേഹം ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നുവെന്നാണ് തേജസ്വി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. 1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലു പ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.

1995-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഡിസംബർ 23 നാണ് സിബിഐ പ്രത്യേക കോടതി ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു.

കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2003ൽ ആയിരുന്നു ഇത്. ഈ കേസിൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യം നേടുകയായിരുന്നു ലാലു. ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കാലിത്തീറ്റ കുംഭകോണ കേസിൽ ഇനി നാല് കേസുകൾ കൂടി കോടതിയുടെ പരിഗണനയിലാണ്.