പട്‌ന: അയോധ്യയ്ക്കു ശേഷം ചിലർ മഥുര മുദ്രാവാക്യം ഉയർത്തുന്നതു രാജ്യത്തെ ശിഥിലമാക്കുമെന്നു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ജനങ്ങളെ ഭരണത്തിനായി ഭിന്നിപ്പിക്കാനുള്ള ശ്രമം അപകടകരമാണ്. ആർജെഡി രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിൽനിന്നു വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു ലാലുവിന്റെ പ്രസംഗം.

നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാജ്യമിപ്പോൾ കോവിഡിന്റെ ആഘാതത്തിലാണ്. കോവിഡ് രാജ്യത്തെ ഏറെ വർഷങ്ങൾ പിന്നോട്ടടിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണിപ്പോൾ. ബിഹാറിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും കോവിഡ് മരണം വിതച്ചപ്പോൾ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

നിതീഷ് കുമാർ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിക്കുകയാണ്. നിത്യവും നാലഞ്ചു കൊലപാതകങ്ങളാണ് ബിഹാറിൽ. തൊഴിലില്ലായ്മ രൂക്ഷമായതോടെ ജനങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നു. ബിഹാറിൽ ആർജെഡിക്കും തന്റെ മകൻ തേജസ്വി യാദവിനും നല്ല ഭാവിയുണ്ട്.

ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആർജെഡി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തേജസ്വി ഇത്ര മികവോടെ നയിക്കുമെന്നു താൻ പ്രതീക്ഷിച്ചില്ല. വൈകാതെ തന്നെ പട്‌നയിലും ബിഹാറിലെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തുമെന്നും ലാലു അറിയിച്ചു.