- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ; ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി ക്രമക്കേടു നടത്തിയ കേസിൽ 18ന് വിധി പറയും; ആർജെഡി നേതാവ് വീണ്ടും ജയിലിലാകാൻ സാധ്യത; പാർട്ടിയിലെ അധികാര തർക്കത്തിനിടെ ലാലുവിന് ഒരു തിരിച്ചടി കൂടി; ആ മുറി നിർമ്മാണം വെറുതെയാകുമോ?
പട്ന: ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. കേസിൽ മുഖ്യപ്രതിയായ ആർജെഡി അധ്യക്ഷൻ ലാലു യാദവ് ഇന്നു കോടതിയിൽ നേരിട്ടു ഹാജരായിരുന്നു.
ഡൊറാൻഡ ട്രഷറിയിൽ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ലാലു പ്രസാദ് യാദവിന് ആദ്യ നാലു കേസുകളിലും തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അദ്ദേഹം ജാമ്യത്തിലാണ്.2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. അവസാന കേസിലെ വിധി 18ന് പ്രഖ്യാപിക്കും. ഇതോടെ വീണ്ടും ലാലു ജയിലിലാകാൻ സാധ്യത ഏറെയാണ്.
ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ കാട്ടി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 950 കോടിയിലേറെ രൂപ പിൻവലിച്ചതായാണ് കണ്ടുപിടിച്ചത്. ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.
2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ലാലു യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്. ആർജെഡിയിൽ അധികാര തർക്കവും മറ്റും നടക്കുമ്പോഴാണ് മറ്റൊരു കേസിൽ കൂടി ലാലുവിനെ കുറ്റക്കാരനെന്ന് വിധിക്കുന്നത്.
പാർട്ടിയിലെയും കുടുംബത്തിലെയും കലഹമൊതുക്കാൻ ലാലു യാദവ് പ്രതിസന്ധിയിലായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടി ജയിൽ മോചിതനായിട്ടും ചികിത്സാ സൗകര്യാർഥം ലാലു ന്യൂഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിലായിരുന്നു താമസം. ലാലുവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള പോരു മുറുകുന്നതിനിടെയാണ് കോടതിയുടെ പുതിയ വിധി. ഇളയ സഹോദരനായ തേജസ്വി യാദവ് പാർട്ടിയിൽ പിടിമുറുക്കുന്നതിൽ അസ്വസ്ഥനാണ് തേജ് പ്രതാപ് യാദവ്.
തേജസ്വിയുടെ നിർദേശാനുസരണം സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ് പാർട്ടിയിൽ തന്റെ അനുയായികളെ വെട്ടിനിരത്തുകയാണെന്നു തേജ് പ്രതാപ് പരസ്യമായി ആരോപിച്ചിരുന്നു. ജഗദാനന്ദ സിങിനെതിരെ നിരന്തരം പരസ്യവിമർശനം നടത്തുന്ന തേജ് പ്രതാപ്, ആർജെഡി വിദ്യാർത്ഥി സംഘടനയ്ക്കു ബദൽ സംഘടന രൂപീകരിക്കുകയും ചെയ്തു. ലാലു പട്‌നയിൽ തിരിച്ചെത്തിയാൽ പാർട്ടിയിലെ ഉൾപ്പോരിനു ശമനമാകുമെന്ന പ്രതീക്ഷയിലായിരുന്നു് അണികൾ. ലാലുവിനു താമസിക്കാനായി ഭാര്യ റാബ്‌റി ദേവിയുടെ ഔദ്യോഗിക വസതിയിൽ ചികിത്സാ സജ്ജീകരണങ്ങളുള്ള മുറിയുടെ നിർമ്മാണവും തുടങ്ങിയിരുന്നു. ഈ കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചായിരുന്നു ഇത്.
ലജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവായ റാബ്‌റിയുടെ 10സർക്കുലർ റോഡ് ഔദ്യോഗിക വസതിയിലെ താഴത്തെ നിലയിലാണ് ലാലുവിനായി പ്രത്യേക മുറിയൊരുക്കുന്നത്. മെഡിക്കൽ ബെഡും ചികിത്സാ സംവിധാനങ്ങളും മുറിയിൽ സജ്ജീകരിച്ചു. സന്ദർശകർക്കായി പ്രത്യേക മുറിയുമുണ്ട്. കോടതി മൂന്ന് കൊല്ലത്തിൽ അധികം ശിക്ഷ വിധിച്ചാൽ ഉടൻ തന്നെ വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും ലാലുവിന്. അല്ലാത്ത പക്ഷം അപ്പീലിന് വേണ്ടി വിചാരണ കോടതി തന്നെ ജാമ്യം അനുവദിക്കും.