പട്ന: ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റും. പട്നയിലെ പരസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലാലുവിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഡൽഹിയിലേക്ക് മാറ്റുന്നത്. വീട്ടിലെ സ്റ്റെയർ കേസിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്നാണ് ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച റാബ്രിദേവിയുടെ ഔദ്യോഗിക വസതിയിലെ സ്റ്റെയർകേസിൽ നിന്നാണ് ബാലൻസ് തെറ്റി ലാലു പ്രസാദ് താഴേക്ക് വീണത്. വീഴ്ചയിൽ ലാലുവിന്റെ തോളെല്ലിനും പുറത്തും ഗുരുതര പരിക്കേറ്റിരുന്നു. അതേസമയം ലാലുവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും, ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലു പ്രസാദ് നിലവിൽ ഡൽഹി എയിംസിൽ നിന്നുള്ള ചികിത്സയിലാണ്. ഇതുകൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റുന്നത്. എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റുമെന്നും ഡോക്ടർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലാലുപ്രസാദിന്റെ രോഗാവസ്ഥ തിരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മകൻ തേജസ്വി യാദവിനെ വിളിച്ചിരുന്നു.