റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നത് വീണ്ടും മാറ്റിവച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിലുടെയായിരിക്കും കേസിൽ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവിക്കുന്നത് മാറ്റിവയ്ക്കുന്നത്.

ലാലുവിന്റെ അനുയായികൾ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി വ്യാഴാഴ്ച ശിവപാൽ സിങ് പറഞ്ഞിരുന്നു. 1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി നടപടി.

ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവടക്കം അഞ്ച് പേർ കേസിൽ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.